ഓസ്ട്രിയയിൽ ഹൈസ്കൂളിൽ ഉണ്ടായ വെടിവെപ്പിൽ ഒമ്പത് പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ ഓസ്ട്രിയയിലെ ഗ്രാസിലുള്ള ഡ്രെയർഷുറ്റ്സെൻഗാസ് ഹൈസ്കൂളിലാണ് പ്രാദേശിക സമയം രാവിലെ 10 മണിയോടെ വെടിവെപ്പ് ഉണ്ടായത്. വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഗ്രാസിലെ മേയറായ എൽക്കെ കാഹിറിനെ ഉദ്ധരിച്ച് ബിബിസിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കൊല്ലപ്പെട്ടവരിൽ ഏഴ് പേർ വിദ്യാർഥികളും ഒരാൾ മുതിർന്ന ആളുമാണെന്നാണ് എപിഎ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്. അക്രമി സ്കൂളിലെ ശുചിമുറിയിൽ സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്നാണ് മേയർ നൽകുന്ന സ്ഥിരീകരണം. സ്കൂളിലെ പൂർവ വിദ്യാർഥിയാണ് അക്രമിയെന്നാണ് സൂചന. കൊലപാതകത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.
സംഭവ സ്ഥലത്ത് വൻ പൊലീസ് സേന തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. സ്പെഷ്യലിസ്റ്റ് ടാസ്ക് ഫോഴ്സിനെയാണ് സ്കൂൾ പരിസരത്ത് നിയോഗിച്ചിരിക്കുന്നത്. സ്കൂളിൽ ഉണ്ടായിരുന്ന വിദ്യാർഥികളേയും അധ്യാപകരും സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ട്. നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നാണ് വിവരം.
ലോകത്തേറ്റവും സുരക്ഷിതമായ പൊലീസ് സുരക്ഷയുള്ള രാജ്യമെന്നാണ് ഓസ്ട്രിയ പൊതുവെ അറിയപ്പെടുന്നത്. 100 വ്യക്തികൾക്ക് 30 പൊലീസുകാർ എന്ന തോതിലാണ് രാജ്യത്ത് പൊലീസ് സുരക്ഷയൊരുക്കുന്നത്. ഓസ്ട്രിയയിൽ മെഷീൻ ഗൺ, പമ്പ് ആക്ഷൻ ഗൺ എന്നിവയ്ക്ക് നിരോധനമുണ്ടെങ്കിലും, റിവോൾവർ, പിസ്റ്റൾ, സെമി ഓട്ടോമാറ്റിക് തോക്കുകൾ എന്നിവയ്ക്ക് നിയമവിധേയമായി ഉപയോഗിക്കാനാകും. മൃഗങ്ങളെ വേട്ടയാടുന്നവർക്കും, ഷൂട്ടിങ് ക്ലബ്ബുകൾ പോലുള്ളവർക്കും മാത്രമെ നിലവിൽ ഓസ്ട്രിയയിൽ തോക്ക് കൈവശം വെക്കാനാകൂ.