ന്യൂഡല്‍ഹി: കാനഡയുടെ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി മാര്‍ച്ചില്‍ ഇന്ത്യയിലെത്തും. മാര്‍ച്ച് ആദ്യ വാരമായിരിക്കും സന്ദര്‍ശനം. ആണവ സഹകരണം അടക്കമുള്ള കരാറുകളില്‍ ഒപ്പുവെക്കുമെന്നാണ് സൂചന. ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ദിനേഷ് പട്‌നായിക് ആണ് ഇക്കാര്യം അറിയിച്ചത്.
ഊര്‍ജം, ധാതുക്കള്‍, ആണവ സഹകരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള വിഷയങ്ങളില്‍ കരാര്‍ ഉണ്ടായേക്കും. കാനഡയും അമേരിക്കയുമായുള്ള അസ്വാരസ്യങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ കനേഡിയന്‍ പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകമാണ്. അമേരിക്കയ്ക്കു പുറമെ, വ്യാപാര, തന്ത്രപരമായ പങ്കാളിത്തങ്ങള്‍ വൈവിധ്യവത്കരിക്കാനുള്ള കാനഡയുടെ നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്.
യുറേനിയം വിതരണം, എണ്ണ, വാതകം, നിര്‍ണായക ധാതുക്കള്‍, നിര്‍മിത ബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിംഗ്, വിദ്യാഭ്യാസം, സാംസ്‌കാരിക സഹകരണം എന്നിവ ഉള്‍പ്പെടുന്ന നിരവധി കരാറുകളില്‍ കാര്‍ണി ഇന്ത്യയുമായി ഒപ്പുവെക്കുമെന്നാണ് ദിനേഷ് പട്‌നായിക് നല്‍കുന്ന സൂചന. ഏകദേശം 2.8 ബില്യണ്‍ ഡോളറിന്റെ 10 വര്‍ഷത്തെ യുറേനിയം വിതരണ കരാറും പാക്കേജിന്റെ ഭാഗമാകാന്‍ സാധ്യതയുണ്ട്.
കാനഡയുടെ ഊര്‍ജ മന്ത്രി ടിം ഹോഡ്‌സണ്‍ ഈ ആഴ്ച ഇന്ത്യയിലെത്തുന്നുണ്ട്. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ നിലവിലെ നിലവിലെ ഇന്ത്യ-കാനഡ ആണവ കരാറിന്റെ കീഴില്‍ ആണവ സഹകരണം ചര്‍ച്ചയില്‍ ഉള്‍പ്പെടുത്തുമെന്ന് ടിം ഹോഡ്‌സണ്‍ അറിയിച്ചിട്ടുണ്ട്. ക്രൂഡ് ഓയില്‍, എല്‍എന്‍ജി ഇടപാടുകള്‍ ഉള്‍പ്പെടെ ഊര്‍ജ്ജവും ഖനനവും ഹോഡ്‌സന്റെ സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.
മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കീഴിയില്‍ കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരുന്നു. 2023ല്‍ സിഖ് വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തില്‍ ഇന്ത്യന്‍ സര്‍ക്കാരിന് പങ്കുണ്ടെന്ന് ട്രൂഡോ ആരോപിച്ചിരുന്നു. ഈ ആരോപണം ഇന്ത്യ ശക്തമായി നിഷേധിക്കുകയും ചെയ്തിരുന്നു. വഷളായ ബന്ധം പുനഃസ്ഥാപിക്കാനാണ് പുതിയ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നിയുടെ ശ്രമം.