ഡൊണാള്‍ഡ് ട്രംപ് News Malayalam 24X7
WORLD

WORLD MATTERS | വൈറ്റ് ഹൗസിലെ വെടിവെപ്പ്: സമൂഹമാധ്യമങ്ങള്‍ നിറയെ ഗൂഢാലോചനാ സിദ്ധാന്തം

'സ്റ്റേജ്‌ഡ്' എന്ന വാക്കാണ് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുന്നത്.

Author : എസ്. ഷാനവാസ്

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുത്ത പരിപാടിയില്‍ ഒരു വെടിവെപ്പ് ഉണ്ടായി. വൈറ്റ് ഹൗസിലെ ഹിൽട്ടണ്‍ ഹാളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുക്കിയ അത്താഴവിരുന്നിനിടെയായിരുന്നു സംഭവം. കാലിഫോർണിയ സ്വദേശിയായ കോൾ തോമസ് അലനാണ് സെക്യൂരിറ്റ് ചെക്ക് പോയിന്റിലെത്തി വെടിവച്ചത്. സംഭവത്തിനു പിന്നാലെ ട്രംപ് ഒരു വാര്‍ത്താസമ്മേളനം നടത്തി. അതോടെ, സ്റ്റേജ്‌ഡ് എന്ന വാക്ക് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു. വെടിവെപ്പ് രാഷ്ട്രീയ നേട്ടത്തിനായി ട്രംപും മറ്റുനേതാക്കളും കെട്ടിച്ചമച്ചതാണെന്ന തരത്തിലാണ് പോസ്റ്റുകൾ. ഗൂഢാലോചനാ സിദ്ധാന്തങ്ങൾ തലപൊക്കി. മാധ്യമങ്ങള്‍ ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തതോടെ ചര്‍ച്ചകള്‍ കൊഴുത്തു. ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?

ട്രംപ്, ഭാര്യ മെലാനിയ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, കാബിനറ്റ് അംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് വെടിവെപ്പ് ഉണ്ടായത്. അത്താഴവിരുന്ന് നടക്കുന്ന ഹാളിലേക്ക് അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷമാണ് കോള്‍ തോമസ് അലന്‍ വെടിയുതിര്‍ത്തത്. വെടിയൊച്ച കേട്ടയുടൻ സുരക്ഷ ഉദ്യോഗസ്ഥൻ വേദി വളഞ്ഞു. ട്രംപിനെയും വാന്‍സിനെയും ഉള്‍പ്പെടെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. വെടിവെപ്പില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അക്രമിയെ അപ്പോള്‍ തന്നെ പൊലീസ് പിടികൂടി, അന്വേഷണം ആരംഭിക്കുകയും ചെയ്തു. ട്രംപ് ഉള്‍പ്പെടെ ഭരണകൂട ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടാണ് അക്രമി എത്തിയത് എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ ആദ്യ പ്രതികരണം. ആക്രമണത്തിനു മുന്നോടിയായി കുടുംബാംഗങ്ങൾക്ക് അയച്ച സന്ദേശത്തില്‍ ‘ബാലപീഡകൻ, ബലാത്സംഗം, രാജ്യദ്രോഹി’ എന്നീ വാക്കുകൾ കോള്‍ തോമസ് അലന്‍ ഉപയോഗിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നു. ട്രംപിന്റെ പേര് പറയുന്നില്ലെങ്കിലും, എപ്സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ആരോപണങ്ങളാകാം അക്രമി സൂചിപ്പിച്ചതെന്നാണ് വിലയിരുത്തലുകള്‍.

അതേസമയം, ട്രംപിനെയല്ല ഭരണകൂട ഉദ്യോഗസ്ഥരെ മാത്രമാണ് ലക്ഷ്യമിട്ടതെന്ന് പ്രതി വ്യക്തമാക്കിയതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. കോൾ തോമസ് അലന് ഇസ്രയേലുമായി ബന്ധമുണ്ടെന്ന തരത്തിലാണ് റഷ്യൻ, ഇറാനിയൻ മാധ്യമങ്ങള്‍ വാർത്ത നൽകിയത്. ഇക്കാര്യം യുഎസ് അന്വേഷണ ഏജൻസികൾ തള്ളിയിട്ടുണ്ട്. ആക്രമണത്തിനുപിന്നില്‍ കോള്‍ തോമസ് അലന് വ്യക്തിപരമായ കാരണങ്ങളുണ്ട്. വിദേശ ഇടപെടലുകളൊന്നും ഇല്ലെന്നാണ് ഏജന്‍സികളുടെ സ്ഥിരീകരണം.

ട്രംപും യുഎസ് ഭരണകൂടവും ഇപ്പോള്‍ അകപ്പെട്ടിരിക്കുന്ന രാജ്യാന്തര പ്രശ്നങ്ങളില്‍നിന്നും ശ്രദ്ധ തിരിക്കാനായി നടത്തിയ ഓപ്പറേഷന്‍ എന്നാണ് ഒരു പക്ഷത്തിന്റെ വാദം. ഇസ്രയേലിന്റെ വാക്കുകേട്ട് ഇറാനെതിരെ തുടങ്ങിയ യുദ്ധം എങ്ങനെ അവസാനിപ്പിക്കുമെന്ന് അറിയാതെ നട്ടംതിരിയുന്ന നേരത്ത് തോന്നിയ ബുദ്ധിയെന്നാണ് അവരുടെ വിശദീകരണം. യുദ്ധം യുഎസിനെ സാമ്പത്തികമായി തളര്‍ത്തിയിട്ടുണ്ട്. എണ്ണ വില ഉയരുന്നതു മൂലമുള്ള ആഭ്യന്തര പ്രതിസന്ധിക്കൊപ്പം, ഫലമില്ലാത്ത യുദ്ധത്തിനായി പണം ചെലവിടുന്നതും യുഎസിനെ ബാധിച്ചിട്ടുണ്ട്.

ഇറാനെതിരായ യുദ്ധം രണ്ട് മാസം ആകുമ്പോള്‍, 25 ബില്യണ്‍ ഡോളര്‍ ചെലവായെന്നാണ് പെന്റഗണ്‍ അറിയിച്ചിരിക്കുന്നത്. ആയുധങ്ങള്‍, യുദ്ധോപകരണങ്ങള്‍, അവയുടെ പ്രവര്‍ത്തനച്ചെലവ്, പരിപാലനം ഉള്‍പ്പെടെ മൊത്തം ചെലവായ തുകയാണിത്. ഏതൊക്കെ കാര്യത്തിന്, എങ്ങനെയൊക്കെ പണം ചെലവിട്ടു എന്ന കാര്യത്തില്‍ കൃത്യതയില്ല. യുദ്ധം തുടങ്ങി ആറ് ദിവസത്തിനുള്ളില്‍ തന്നെ 11.3 ബില്യണ്‍ ഡോളര്‍ ചെലവിട്ടതായി പെന്റഗണ്‍ അറിയിച്ചിരുന്നു. ഇനിയും 200 മില്യണ്‍ ഡോളറിന്റെ സഹായം വേണമെന്നാണ് പെന്റഗണിന്റെ ആവശ്യം. ഇറാന്റെ ആക്രമണത്തില്‍ തകര്‍ന്ന, ഗള്‍ഫ് മേഖലയിലെ യുഎസ് സൈനികത്താവളങ്ങള്‍ നേരെയാക്കാനും വേണം കോടികള്‍. ഇറാനു മുന്നില്‍ അടിയറവ് പറയേണ്ടിവരുമെന്ന ഘട്ടത്തില്‍ ട്രംപ് നടത്തുന്ന നാടകമാണോ ഇതെന്നാണ് ചിലര്‍ സംശയം പ്രകടിപ്പിക്കുന്നത്.

വൈറ്റ് ഹൗസിൽ പുതിയ ബോൾറൂം നിർമിക്കണമെന്ന കാര്യത്തില്‍ പിന്തുണ ഉറപ്പാക്കാനുള്ള ട്രംപിന്റെ അതിബുദ്ധിയാണെന്ന് മറ്റു ചിലരുടെ വാദം. ട്രംപ് ഏറെ താല്‍പ്പര്യമെടുത്തിട്ടും കോടതി ഇടപെട്ട് ബോള്‍ റൂം നിര്‍മാണം തടഞ്ഞിരുന്നു. ചരിത്ര പൈതൃക സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന നാഷണല്‍ ട്രംസ്റ്റ് ഫോര്‍ ഹിസ്റ്റോറിക് പ്രിസര്‍വേഷന്‍ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി ഇടപെടല്‍. 400 മില്യൺ ഡോളർ ചെലവ് വരുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കോടതി തടഞ്ഞത്. കോണ്‍ഗ്രസിന്റെ അനുമതി ഇല്ലാതെയാണ് നിര്‍മാണം തുടങ്ങിയതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി നടപടി. അനുമതി ലഭിക്കുന്നതുവരെയാണ് സ്റ്റേ. വൈറ്റ് ഹൗസിലെ ചരിത്രപ്രസിദ്ധമായ ഈസ്റ്റ് വിങ് പൊളിച്ചാണ് അതീവ സുരക്ഷയുള്ള ബോള്‍ റൂം നിര്‍മിക്കുന്നത്. വൈറ്റ് ഹൗസിലേക്കുള്ള ഒരു പ്രവേശനകവാടം എന്ന നിലയില്‍ നിര്‍മിക്കപ്പെട്ടതാണ് ഈസ്റ്റ് വിങ്. രണ്ടാം ലോക മഹായുദ്ധ കാലത്ത്, ഫ്രാങ്ക്ളിന്‍ റൂസ്‌വെല്‍റ്റ് മുന്‍കൈയെടുത്ത് ബോംബാക്രമണത്തെ ചെറുക്കാനുള്ള ബങ്കര്‍ ഉള്‍പ്പെടെ സുരക്ഷാ സംവിധാനങ്ങള്‍ ഇവിടെയൊരുക്കി. പിന്നീടിത് 'പ്രസിഡൻഷ്യൽ എമെർജൻസി ഓപ്പറേഷൻസ് സെന്റർ' ആയി അറിയപ്പെട്ടു. താമസിയാതെ, പ്രഥമ വനിതയ്ക്കും അവരുടെ സ്റ്റാഫിനുമുള്ള ഓഫീസായി. പ്രസിഡന്റിന് സിനിമയും സ്പോര്‍ട്സ് മത്സരങ്ങളും കാണാനും, മറ്റ് വിരുന്നുകള്‍ക്കായുമുള്ള വേദിയായി ഈസ്റ്റ് വിങ് മാറി. അത് പൊളിച്ചാണ് ട്രംപ് അതീവ സുരക്ഷയുള്ള പുതിയ ബോള്‍ റൂം നിര്‍മിക്കുന്നത്. ഇക്കാര്യത്തില്‍ ട്രംപിന് പൊതുപിന്തുണ ആവശ്യമാണ്. അതിനുവേണ്ടി ട്രംപ് കണ്ടുപിടിച്ച സൂത്രപ്പണിയാകും ഈ വെടിവെപ്പ് എന്നാണ് സമൂഹമാധ്യമങ്ങളിലെ മറ്റൊരു പ്രചാരണം.

വെടിവപ്പിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലും, ട്രൂത്ത് സോഷ്യലിലെ കുറിപ്പിലും ബോള്‍ റൂമിനെക്കുറിച്ച് ട്രംപ് വാചാലനായിരുന്നു. ആ വാക്കുകളാണ് ഇത്തരം സംശയങ്ങള്‍ക്കും, പ്രചാരണങ്ങള്‍ക്കും ആക്കം കൂട്ടിയത്. ട്രംപ് അല്ലേ, എന്ത് എങ്ങനെ പറയുമെന്നും ചെയ്യുമെന്നും ആര്‍ക്കും ഊഹിക്കാനാവില്ലല്ലോ. എന്തായാലും സമൂഹമാധ്യങ്ങള്‍ ഇക്കാര്യത്തില്‍ പിന്നോട്ടില്ലെന്നാണ് തോന്നുന്നത്. ഹില്‍ട്ടണ്‍ വെടിവെപ്പിനെക്കുറിച്ചുള്ള മൂന്ന് ലക്ഷത്തിലധികം പോസ്റ്റുകളിലെങ്കിലും സ്റ്റേജ്‌ഡ് എന്ന വാക്ക് ഉപയോഗിച്ചിട്ടുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.

SCROLL FOR NEXT