WORLD

ഉള്ളുലച്ച് നേപ്പാൾ... മിന്നൽ പ്രളയത്തിൽ മരണം 500 കടന്നു, 320 ഇന്ത്യക്കാരെ കാണാതായെന്ന് ഔദ്യോഗിക സ്ഥിരീകരണം

ടിബറ്റിൽ രൂപപ്പെട്ട പുതിയ തടാകം പൊട്ടിയൊഴുകിയതോടെ അതീവ ജാഗ്രതാ നിർദേശമാണ് ചൈനയും നേപ്പാളും പുറപ്പെടുവിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

നേപ്പാൾ–ടിബറ്റ് അതിർത്തിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 500 കടന്നു. നിലവിലെ കണക്കനുസരിച്ച് 579 പേരുടെ മരണം സ്ഥിരീകരിച്ചു . കാണാതായവർക്കായി ദുരന്തബാധിത മേഖലകളിൽ തെരച്ചിൽ തുടരുകയാണ്. ഏകദേശം 2000 പേരെ കാണാതായെന്നാണ് നിഗമനം. 320 ഇന്ത്യക്കാരെ കാണാനില്ലെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക് . നേപ്പാളിന് സഹായഹസ്തവുമായി ഇന്ത്യയുടെ ദുരന്തനിവാരണ സംഘങ്ങളും രംഗത്തുണ്ട്. ടിബറ്റിൽ രൂപപ്പെട്ട പുതിയ തടാകം പൊട്ടിയൊഴുകിയതോടെ അതീവ ജാഗ്രതാ നിർദേശമാണ് ചൈനയും നേപ്പാളും പുറപ്പെടുവിച്ചിരിക്കുന്നത്.

ഹിമാലയത്തിന്റെ നെഞ്ചുപിളർന്നെത്തിയ മലവെള്ളപ്പാച്ചിലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് നേപ്പാൾ. നിമിഷങ്ങൾക്കകം സർവതും തൂത്തുവാരിയെത്തിയ പ്രളയജലം എണ്ണൂറിലധികം ജീവനുകളെയും ആയിരങ്ങളുടെ സ്വപ്നങ്ങളെയുമാണ് ഒഴുക്കിക്കളഞ്ഞത്. നേപ്പാളിലെ റസുവ, ധാടിങ്, നുവാകോട്ട്, ചിത്‌വൻ തുടങ്ങിയ മധ്യജില്ലകളെയാണ് ദുരന്തം ഏറ്റവും രൂക്ഷമായി ബാധിച്ചത്. കാണാതായവരിൽ ഭൂരിഭാഗവും വിനോദസഞ്ചാരികളും കൈലാസ് മാനസസരോവർ തീർഥാടകരുമാണ്. 35 രാജ്യങ്ങളിൽ നിന്നുള്ള 500-ലധികം വിദേശികളെ പ്രളയം വിഴുങ്ങിയ താഴ്‌വരകളിൽ കാണാതായിട്ടുണ്ട്.

കാഠ്മണ്ഡുവിലെയും ബെയ്ജിംഗിലെയും ഇന്ത്യൻ എംബസികൾ രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മുഴുവൻ സമയവും രംഗത്തുണ്ട്. നേപ്പാളിലെ ത്രിശൂലി ജലവൈദ്യുത തുരങ്കത്തിൽ കുടുങ്ങിയ 350 തൊഴിലാളികളെ നേപ്പാൾ സൈന്യം രക്ഷപ്പെടുത്തി. കാഠ്മണ്ഡുവിൽ നിന്ന് 160 കിലോമീറ്റർ അകലെയുള്ള റസുവ ജില്ലയിൽ കൂറ്റൻ മൺപാളികളും ജലപ്രവാഹവും അയ്യായിരം അടി ഉയരത്തിൽനിന്ന് സെക്കൻഡിൽ 50 മീറ്ററിലധികം വേഗതയിലാണ് ജനവാസ മേഖലകളിലേക്ക് ഇരച്ചെത്തിയത്.

ഭോട്ടാകോഷി, ത്രിശൂലി നദികളിലൂടെ കുതിച്ചെത്തിയ പ്രളയം 170 കിലോമീറ്ററിലധികം ദൂരത്തിൽ നാശനഷ്ടങ്ങൾ വിതച്ചു. തലസ്ഥാനവുമായി ബന്ധിപ്പിക്കുന്ന നഗ്ദുംഗ–മഗ്‌ലിങ് ദേശീയപാതയടക്കം 40 കിലോമീറ്ററിലധികം റോഡുകൾ പൂർണമായി ഒലിച്ചുപോയി. അതേസമയം, മരണസംഖ്യ ഉയരുന്നതും മൃതദേഹങ്ങൾ ഇന്ത്യയിലെ നദികളിലേക്ക് ഒഴുകി എത്തുന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്. നേപ്പാളിന് പുറമേ ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും 200 ലധികം ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുകയാണ്. ഇവരെ രക്ഷിക്കാനുള്ള നടപടികളും തുടരുകയാണ്.

SCROLL FOR NEXT