"ഡൊണാൾഡ് ട്രംപ്" എരുമയെ കൊല്ലില്ല 
WORLD

"ഡൊണാൾഡ് ട്രംപ്" എരുമയെ കൊല്ലില്ല; പെരുന്നാൾ ബലിയിൽ നിന്ന് ഒഴിവാക്കി മൃഗശാലയിലേക്ക് മാറ്റി

ബംഗ്ലാദേശ് ആഭ്യന്തര വകുപ്പിൻ്റെ നിർദേശത്തെ തുടർന്നാണ് ബലി കൊടുക്കാനുള്ള തീരുമാനത്തിൽ നിന്നുള്ള പിന്മാറ്റം.

Author : ന്യൂസ് ഡെസ്ക്

ധാക്ക: യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനോട് സാമ്യമുള്ള സ്വർണ നിറത്തിലുള്ള മുടിയും, വെളുത്ത നിറവുമുള്ള ഡൊണാൾഡ് ട്രംപ് എന്ന് വിളിപ്പേരുള്ള എരുമയെ ബലി നൽകാനുള്ള നീക്കത്തിൽ നിന്ന് പിന്മാറി. ബംഗ്ലാദേശിൽ ഈദ് പെരുന്നാളിന് എരുമയെ ബലി നൽകാനായിരുന്നു തീരുമാനം. എരുമയെ ബംഗ്ലാദേശിലെ മൃഗശാലയിലേക്ക് മാറ്റി.

ബംഗ്ലാദേശ് ആഭ്യന്തര മന്ത്രാലയം നേരിട്ട് ഇടപെട്ടാണ് 700 കിലോഗ്രാം ഭാരമുള്ള എരുമയെ ബലി നൽകാനുള്ള നീക്കത്തിൽ നിന്ന് രക്ഷിച്ചത്. ഡൊണാൾഡ് ട്രംപ് എന്ന എരുമയുടെ ചിത്രങ്ങളും വീഡിയോകളും വൈറൽ ആയതോടെ അന്താരാഷ്ട്ര തലത്തിൽ എരുമ വലിയ ജനശ്രദ്ധ നേടിയിരുന്നു.

ജനങ്ങൾക്കിടയിലുള്ള അമിതമായ താല്പര്യവും സുരക്ഷാ മുൻകരുതലുകളും കണക്കിലെടുത്ത്, ഇതിനെ ബലി കൊടുക്കുന്നതിൽ നിന്ന് ഉടമ പിൻമാറുകയായിരുന്നു. കന്നുകാലി വകുപ്പിൻ്റെ അഭ്യർഥനയെ തുടർന്ന്, വാങ്ങിയ ആൾക്ക് പണം തിരികെ നൽകുകയും എരുമയെ ധാക്കയിലെ ദേശീയ മൃഗശാലയിലേക്ക് മാറ്റുകയും ചെയ്തു.

കറുത്ത നിറത്തിലുള്ള കന്നുകാലികൾ കൂടുതലായുള്ള ബംഗ്ലാദേശിൽ വെളുത്ത എരുമകൾ പൊതുവെ വളരെ അപൂർവമാണ്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ രൂപ സാദൃശ്യം കണ്ടാണ് എരുമയ്ക്ക് അദ്ദേഹത്തിൻ്റെ പേര് നൽകിയത്. മൃഗശാലയിലേക്ക് മാറ്റിയ എരുമയ്ക്ക് പ്രത്യേക പരിചരണത്തിന് തൊഴിലാളികളെ ഏർപ്പെടുത്തിയതായും അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT