IMAGE: x
WORLD

ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളിലെ മുസ്ലിം ബ്രദര്‍ഹുഡിനെ 'ഭീകരര്‍' എന്ന് മുദ്രകുത്തി ട്രംപ്

ഇസ്രയേലിന്റെ എതിരാളികള്‍ക്കെതിരായുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ നീക്കം

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: ഇസ്രയേല്‍ വിരുദ്ധര്‍ക്കെതിരായ നടപടി ശക്തമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിന്റെ ഭാഗമായി ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളിലെ മുസ്ലിം ബ്രദര്‍ഹുഡ് സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ചു.

ഇസ്രയേലിന്റെ എതിരാളികള്‍ക്കെതിരായുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ട്രംപിന്റെ പുതിയ നീക്കം. ഈ ഗ്രൂപ്പുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കാന്‍ ട്രംപ് ഉത്തരവ് പുറപ്പെടുവിച്ച് ആഴ്ചകള്‍ക്ക് ശേഷമാണ് തീരുമാനമുണ്ടായത്.

ഈജിപ്ത്, ജോര്‍ദാന്‍, ലെബനന്‍ എന്നിവിടങ്ങളിലെ മുസ്ലിം ബ്രദര്‍ഹുഡ് ഗ്രൂപ്പുകളെ 'സ്‌പെഷ്യലി ഡെസിഗ്നേറ്റഡ് ഗ്ലോബല്‍ ടെററിസ്റ്റ്' എന്നാണ് മുദ്രകുത്തിയത്. ലെബനനിലെ സംഘടനയെ കൂടുതല്‍ ഗൗരവകരമായ 'വിദേശ ഭീകര സംഘടന' എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയത്.

ഹമാസിന് പിന്തുണ നല്‍കുന്നുവെന്നും മിഡില്‍ ഈസ്റ്റിലെ ഇസ്രായേല്‍ താത്പര്യങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നു എന്നും ആരോപിച്ചാണ് ട്രംപ് ഭരണകൂടം മുസ്ലിം ബ്രദര്‍ഹുഡിനെ ലക്ഷ്യം വെക്കുന്നത്. മുസ്ലിം ബ്രദര്‍ഹുഡിന്റെ വിവിധ ശാഖകള്‍ നിയമപരമായ സിവിക് ഓര്‍ഗനൈസേഷനുകളായി നടിക്കുകയും എന്നാല്‍ തിരശ്ശീലയ്ക്ക് പിന്നില്‍ ഹമാസ് പോലുള്ള ഭീകര ഗ്രൂപ്പുകളെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് യുഎസ് ട്രഷറി പ്രസ്താവനയില്‍ പറഞ്ഞു.

ട്രംപിന്റെ നടപടിക്കെതിരെ ഈജിപ്തിലെ ബ്രദര്‍ഹുഡ് ശക്തമായ ഭാഷയില്‍ പ്രതികരിച്ചു. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലിംകളെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനത്തെ വെല്ലുവിളിക്കാന്‍ എല്ലാ നിയമപരമായ വഴികളും തേടുമെന്ന് മുസ്ലിം ബ്രദര്‍ഹുഡിന്റെ ആക്ടിംഗ് ജനറല്‍ ഗൈഡ് സലാ അബ്ദുല്‍ ഹഖ് പറഞ്ഞു. ഇസ്രയേലിന്റേയും യുഎഇയുടേയും സമ്മര്‍ദ്ദമാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

ട്രംപിന്റെ പ്രഖ്യാനത്തോടെ, ഈ ഗ്രൂപ്പുകള്‍ക്ക് സഹായങ്ങള്‍ നല്‍കുന്നത് നിയമവിരുദ്ധമാകും. വരുമാന സ്രോതസ്സുകള്‍ തടയുന്നതിനായി സാമ്പത്തിക ഉപരോധങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ ഭീകര സംഘടന പട്ടികയില്‍ ഉള്‍പ്പെട്ട ഗ്രൂപ്പുകളിലെ അംഗങ്ങള്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതിനും വിലക്കുണ്ടാകും.

SCROLL FOR NEXT