ടെഹ്‌റാന്‍: പ്രതിഷേധക്കാരെ തൂക്കിലേറ്റിയാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് ഇറാന്‍ ഭരണകൂടത്തിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനില്‍ നടക്കുന്ന പ്രക്ഷോഭത്തിന് അമേരിക്കന്‍ പിന്തുണയുണ്ടാകുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പുതിയ മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരിക്കുന്നത്.
ഭരണവിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടയിലാണ് പ്രതിഷേധക്കാരില്‍ ഒരാളുടെ വധശിക്ഷ ഇറാന്‍ നടപ്പാക്കാനൊരുങ്ങുന്നത്. ടെഹ്റാനില്‍ നിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത 26 വയസുകാരനായ ഇര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷ ഉടന്‍ നടപ്പാക്കുമെന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്.
ആദ്യമായാണ് ഇറാന്‍ ഭരണകൂടം നേരിട്ട് വധശിക്ഷ നടപ്പിലാക്കുന്നത്. കൃത്യമായ വിചാരണ പോലും നടത്താതെയാണ് മരണശിക്ഷ വിധിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടയിലാണ് മുന്നറിയപ്പുമായി ട്രംപിന്റെ രംഗപ്രവേശം.
ഇറാനിലെ പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോം ആയ ട്രൂത്ത് പോസ്റ്റില്‍ ട്രംപ് കഴിഞ്ഞ ദിവസം പോസ്റ്റിട്ടിരുന്നു. പ്രക്ഷോഭകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റില്‍, അമേരിക്കയുടെ സഹായം ഉടനുണ്ടാകുമെന്നുമായിരുന്നു പ്രഖ്യാപനം.
ഏത് വിധത്തിലുള്ള സഹായമാണെന്ന് വ്യക്തമാക്കാതെയാണ് പോസ്റ്റ്. ഭരണകൂട കൊലപാതകങ്ങള്‍ക്ക് അന്ത്യമുണ്ടാകും വരെ ഇറാനുമായുള്ള എല്ലാ ചര്‍ച്ചകളും നിര്‍ത്തിവെച്ചെന്നും ട്രംപ് അറിയിച്ചിരുന്നു.
പ്രതിഷേധക്കാരെ തൂക്കിലേറ്റിയാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നാണ് ട്രംപിന്റെ ഏറ്റവും ഒടുവിലുള്ള മുന്നറിയിപ്പ്. ആയിരക്കണക്കിന് ആളുകളെ കൊന്നതിനു ശേഷമാണ് ഇപ്പോള്‍ തൂക്കിലേറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്നത്. അത് അവര്‍ക്ക് എങ്ങനെ ഗുണം ചെയ്യുമെന്ന് നോക്കാം എന്നാണ് ട്രംപ് പറഞ്ഞത്.
അതേസമയം, യുഎസില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ റെനീ നിക്കോള്‍ ഗൂഡ് എന്ന യുവതിയെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്നതിനെ ട്രംപ് ന്യായീകരിച്ചിരുന്നു. നിക്കോളിന്റെ കൊലപാതകത്തില്‍ യുഎസില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിനിടയിലാണ് തെറ്റ് നിക്കോളിന്റെ ഭാഗത്തായിരുന്നു, ഉദ്യോഗസ്ഥര്‍ക്കുമേല്‍ വാഹനമോടിച്ചു കയറ്റാന്‍ ശ്രമിച്ചതുകൊണ്ടാണ് വെടിവെക്കേണ്ടി വന്നതെന്ന് ട്രംപ് ന്യായീകരിച്ചത്.
ഇതേ ട്രംപ്, മറ്റ് രാജ്യങ്ങളിലെ മനുഷ്യാവകാശങ്ങളെ കുറിച്ചും ഭരണ വിരുദ്ധതയെ കുറിച്ചും ആശങ്ക പ്രകടിപ്പിക്കുന്നത് ഇരട്ടത്താപ്പാണെന്നും സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.