

ഭരണ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടയില്‍ പ്രതിഷേധക്കാരില്‍ ഒരാളുടെ വധശിക്ഷ ഇറാന്‍ ഇന്ന് നടപ്പാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ടെഹ്റാനില്‍ നിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത 26 വയസുകാരനായ ഇര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷയാണ് ഇറാന്‍ നടപ്പാക്കാനാരൊങ്ങുന്നത്.
കൃത്യമായ വിചാരണ പോലും നടത്താതെയാണ് പ്രതിഷേധിച്ചതിന്റെ പേരില്‍ യുവാവിനെ ഇറാന്‍ ഭരണകൂടം തൂക്കിക്കൊല്ലാന്‍ വിധിച്ചത്. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശക്തമായ പ്രതിഷേധമാണ് ഇറാനെതിരെ ഉയരുന്നത്. ഭരണ വിരുദ്ധ വികാരത്തെ അടിച്ചമര്‍ത്തുന്ന രീതികളും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
വ്യാഴാഴ്ച മുതല്‍ രാജ്യവ്യാപകമായി തുടരുന്ന പ്രതിഷേധങ്ങള്‍ നിയന്ത്രണവിധേയമാക്കിയെന്നാണ് ഭരണകൂടത്തിന്റെ അവകാശവാദം. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഇറാനിലെ മതനേതൃത്വം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭം.
പ്രതിഷേധം അടിച്ചമര്‍ത്തുന്നതിനായി ഇറാനില്‍ ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ശക്തമായ സൈനിക നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ വധശിക്ഷയ്ക്ക് വിധിച്ച ഇര്‍ഫാന്‍ സുല്‍ത്താനിയടക്കം നിരവധി പേരെ ഭരണകൂടം അറസ്റ്റ് ചെയ്തിരുന്നു. 'ദൈവത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു' എന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇറാനില്‍ വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഇര്‍ഫാന് അഭിഭാഷകനെ സമീപിക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടിരുന്നു.
ആയിരത്തോളം പേര്‍ പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കൊല്ലപ്പെട്ടവരില്‍ കുട്ടികളും ഉള്‍പ്പെടും.