വാഷിങ്ടണ്‍: തന്റെ 'ബോര്‍ഡ് ഓഫ് പീസ്' ല്‍ സഹകരിച്ചില്ലെങ്കില്‍ കടുത്ത താരിഫ് ചുമത്തുമെന്ന് ഫ്രാന്‍സിനെ ഭീഷണിപ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്രഞ്ച് വൈനിനും ഷാംപെയ്‌നും 200 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ ഭീഷണി.
ട്രൂത്ത് സോഷ്യലില്‍ ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി നടത്തിയ സ്വകാര്യ ചാറ്റും ട്രംപ് പുറത്തുവിട്ടു. ഗ്രീന്‍ലന്‍ഡിനെ സംബന്ധിച്ച് മാക്രോണുമായുള്ള ചാറ്റാണ് ട്രംപ് പുറത്തുവിട്ടത്.
ഡെന്മാര്‍ക്കിന്റെ ഭാഗമായ ഗ്രീന്‍ലന്‍ഡ് സ്വന്തമാക്കാനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കത്തെ ന്യായീകരിച്ചുകൊണ്ട് യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് നടത്തിയ പ്രസ്താവനയെ ഫ്രാന്‍സ് പരിഹസിച്ചിരുന്നു.
ഭാവിയില്‍ എപ്പോഴെങ്കിലും ഒരു തീപിടുത്തം ഉണ്ടായേക്കാം എന്നതുകൊണ്ട് ഇപ്പോള്‍ തന്നെ വീട് കത്തിക്കുന്നതാണ് നല്ലത്' എന്നായിരുന്നു സ്‌കോട്ട് ബെസെന്റെ പരാമര്‍ശത്തെ പരിഹസിച്ചു കൊണ്ട് ഫ്രാന്‍സ് പറഞ്ഞത്. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
പാരീസില്‍ നിന്നുള്ള വൈനിനും ഷാംപെയ്‌നും താന്‍ 200 ശതമാനം താരിഫ് ചുമത്തും. അപ്പോള്‍ മാക്രോണ്‍ തനിക്കൊപ്പം ചേരും എന്നായിരുന്നു ട്രംപിന്റെ പരാമര്‍ശം. പിന്നാലെ ട്രൂത്ത് സോഷ്യലിലൂടെ ഇമ്മാനുവല്‍ മാക്രോണുമായുള്ള ചാറ്റും ട്രംപ് പുറത്തുവിട്ടു.
ഇറാന്റേയും സിറിയയുടേയും വിഷയത്തില്‍ യോജിക്കുന്നുവെന്നും എന്നാല്‍, ഗ്രീന്‍ലന്‍ഡില്‍ ട്രംപ് എന്താണ് ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ചാറ്റില്‍ മാക്രോണ്‍ ചോദിക്കുന്നത്.
ഡെന്മാര്‍ക്ക്, ജര്‍മ്മനി, ഫ്രാന്‍സ് ഉള്‍പ്പെടെയുള്ള എട്ട് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഫെബ്രുവരി 1 മുതല്‍ 10 ശതമാനം നികുതി ഏര്‍പ്പെടുത്തുമെന്നും, ഗ്രീന്‍ലന്‍ഡ് കരാറില്‍ എത്തിയില്ലെങ്കില്‍ ഇത് 25 ശതമാനമായി ഉയര്‍ത്തുമെന്നുമായിരുന്നു ട്രംപിന്റെ ആദ്യത്തെ ഭീഷണി.
ഇത്തരം ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വ്യക്തമാക്കിയിട്ടുണ്ട്. ഭീഷണികൊണ്ടോ വിരട്ടലുകള്‍കൊണ്ടോ യൂറോപ്പിനെ സ്വാധീനിക്കാന്‍ കഴിയില്ലെന്നായിരുന്നു മാക്രോണ്‍ പറഞ്ഞത്.