WORLD

ഇന്ത്യയില്‍ നിന്ന് പാകിസ്ഥാനിലെത്തി വിവാഹം ചെയ്ത സ്ത്രീയെ ഉപദ്രവിക്കരുത്; പാക് പൊലീസിനോട് കോടതി

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടയാളുമായിട്ടായിരുന്നു വിവാഹം

Author : ന്യൂസ് ഡെസ്ക്

കറാച്ചി: ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലെത്തി വിവാഹം കഴിച്ച സ്ത്രീയെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്ന് പാക് പൊലീസിനോട് കോടതി. സരബ്ജീത് കൗര്‍ എന്ന 48 കാരിയാണ് പാകിസ്ഥാനിലെത്തി ഇസ്ലാം മതം സ്വീകരിച്ച് വിവാഹിതയായത്. സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടയാളുമായിട്ടായിരുന്നു വിവാഹം.

നവംബര്‍ 4 നാണ് 2000 സിഖ് തീര്‍ത്ഥാടകര്‍ക്കൊപ്പം സരബ്ജീത് കൗര്‍ വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനിലെത്തിയത്. ഗുരു നാനാക്കിന്റെ ജന്മ വാര്‍ഷികത്തോടനുബന്ധിച്ചുള്ള ചടങ്ങുകള്‍ക്കായാണ് സംഘം എത്തിയത്. നവംബര്‍ 13 ന് സംഘം തിരിച്ച് ഇന്ത്യയിലെത്തി. എന്നാല്‍ തിരിച്ചെത്തിയ സംഘത്തില്‍ സരബ്ജീത്ത് ഉണ്ടായിരുന്നില്ല.

തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പാകിസ്ഥാനിലെ ഷെയ്ഖ്പുര ജില്ലയിലുള്ള നാസിര്‍ ഹുസൈന്‍ എന്നയാളെ സരബ്ജീത് വിവാഹം ചെയ്തതായി കണ്ടെത്തിയത്. പാകിസ്ഥാനില്‍ എത്തി അടുത്ത ദിവസം തന്നെ ഇരുവരുടേയും വിവാഹം നടന്നിരുന്നു. ലാഹോറില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള സ്ഥലമാണ് ഷെയ്ഖ്പുര.

നവംബര്‍ അഞ്ചിന് തീര്‍ത്ഥാടക സംഘം നങ്കാന സാഹിബിലേക്ക് പോയപ്പോള്‍ സരബ്ജീത്ത് അവിടെ നിന്ന് ഹുസൈനോടൊപ്പം ഷെയ്ഖ്പുരയിലേക്ക് പോകുകയായിരുന്നു.

ഷെയ്ഖുപുരയിലെ ഫറൂഖാബാദിലുള്ള തങ്ങളുടെ വീട്ടില്‍ പോലീസ് നിയമവിരുദ്ധമായി റെയ്ഡ് നടത്തിയെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ആരോപിച്ച് ചൊവ്വാഴ്ചയാണ് സരബ്ജീത്തും ഹുസൈനും ലാഹോര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തന്റെ ഭര്‍ത്താവ് പാകിസ്ഥാന്‍ പൗരനാണെന്നും വിസ നീട്ടുന്നതിനും പാകിസ്ഥാന്‍ പൗരത്വം നേടുന്നതിനുമായി ഇന്ത്യന്‍ മിഷനെ സമീപിച്ചിട്ടുണ്ടെന്നും സരബ്ജീത്ത് കോടതിയെ അറിയിച്ചു. ഹര്‍ജി പരിഗണിച്ച ലാഹോര്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ഫാറൂഖ് ഹൈദര്‍ സരബ്ജീത്തിനെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചു.

സരബ്ജീത്തിന്റെ ഒരു വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഒമ്പത് വര്‍ഷമായി ഹുസൈനെ പരിചയമുണ്ടെന്നും ഫേസ്ബുക്കിലൂടെയാണ് പരിചയപ്പെട്ടതെന്നുമാണ് വീഡിയോയില്‍ പറയുന്നത്. താന്‍ വിവാഹ മോചിതയാണ്. ഹുസൈനുമായി പ്രണയത്തിലായിരുന്നു. അദ്ദേഹത്തെ വിവാഹം കഴിക്കാനാണ് പാകിസ്ഥാനിലെത്തിയത്.

പാകിസ്ഥാനിലെത്തി ഹുസൈനെ വിവാഹം കഴിച്ചതിനു ശേഷം പൊലീസും അപരിചതരായ ചിലരും ചേര്‍ന്ന് ഉപദ്രവിക്കുകയാണ്. വിവാഹം കഴിക്കുന്നതിന് മുമ്പ് മതം മാറി നൂര്‍ എന്ന പേര് സ്വീകരിച്ചതാണ്. സന്തോഷത്തോടെയാണ് ഹുസൈനൊപ്പം ജീവിക്കുന്നതെന്നും പഞ്ചാബിലെ അമാനിപൂര്‍ സ്വദേശിയായ സരബ്ജീത്ത് വ്യക്തമാക്കി.

അതേസമയം, പഞ്ചാബില്‍ സരബ്ജീത്തിനെ കാണാതായതില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സരബ്ജീത്തിന്റെ ഭര്‍ത്താവ് വര്‍ഷങ്ങളായി വിദേശത്താണെന്നും ഇവര്‍ക്ക് രണ്ട് ആണ്‍കുട്ടികളുണ്ടെന്നുമാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

SCROLL FOR NEXT