അഫ്ഗാനിസ്താനിൽ താലിബാൻ തടവിലാക്കിയ മുതിർന്ന ബ്രിട്ടീഷ് ദമ്പതികളെ മോചിപ്പിച്ചു. 80 വയസുള്ള പീറ്റർ റെയ്നോൾഡ്സും 76കാരിയായ ബാർബിയുമാണ് മോചിതരായത്. എട്ട് മാസത്തോളമായി താലിബാൻ തടവിലായിരുന്ന ഇവരെ ഖത്തറിൻ്റെ മധ്യസ്ഥതയിലുള്ള ചർച്ചകൾക്കൊടുവിലാണ് മോചിപ്പിച്ചത്.
രണ്ട് പതിറ്റാണ്ടോളം അഫ്ഗാനിസ്ഥാനിൽ താമസിച്ചുവരികയായിരുന്നു ഈ ദമ്പതികൾ. അഫ്ഗാൻ വിദ്യാർഥികളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചരാണ് ഇരുവരും. ഫെബ്രുവരി 1 ന് ബാമിയാർ പ്രവിശ്യയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു താലിബാൻ ഇരുവരെയും തടഞ്ഞത്.
അഫ്ഗാൻ നിയമങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് വൃദ്ധ ദമ്പതികളെ താലിബാൻ തടഞ്ഞുവെച്ചത്. എന്നാൽ എന്നാൽ അവരെ കസ്റ്റഡിയിലെടുത്തതിന്റെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മാസങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന ദമ്പതികളെ കാത്ത് ദോഹ വിമാനത്താനവളത്തിൽ മകൾ സാറ എൻറ്റ്വിസ്റ്റൽ നിൽക്കുന്നുണ്ടായിരുന്നു. ഇരുവരും വിമാനമിറങ്ങിയതിന് പിന്നാലെ വൈകാരിക നിമിഷങ്ങൾക്കാണ് വിമാനത്താവളം സാക്ഷിയായത്. വിമാനമിറങ്ങിയതിന് പിന്നാലെ അവർ ദീർഘനേരം ആലിംഗനം ചെയ്തു.
1970 ൽ കാബൂളിൽ വെച്ചായിരുന്നു പീറ്ററിൻ്റെയും ബാർബി റെയ്നോൾഡ്സിൻ്റെയും വിവാഹം. കഴിഞ്ഞ 18 വർഷമായി ചാരിറ്റബിൾ പരിശീലന പരിപാടി നടത്തിവരികയായിരുന്നു ഇവർ. 2021 ഓഗസ്റ്റിൽ സ്വേച്ഛാധിപത്യ ഭരണകൂടം നിയന്ത്രണം പിടിച്ചെടുത്തതിനുശേഷം, നിരവധി പാശ്ചാത്യർ രാജ്യം വിട്ട് പോയെങ്കിലും ഈ ദമ്പതികൾ അഫ്ഗാനിൽ തുടരുകയായിരുന്നു. അഫ്ഗാനിസ്ഥാനോട് അത്രയധികം സ്നേഹമുണ്ടായിരുന്നു ഈ കുടുംബത്തിന്.