Source: X
WORLD

എല്ലാം പീസ് പീസ് ആക്കുമോ? ട്രംപിന്റെ ബോര്‍ഡ് ഓഫ് പീസിനെ പരിഹസിച്ച് മസ്‌ക്

സമാധാന സമിതിയുടെ രൂപീകരണത്തെക്കുറിച്ച് കേട്ടു, എന്നാൽ അതിനി ഗ്രീൻലൻഡിന്റെയോ വെനസ്വേലയുടേയോ ചെറിയ പീസ് ആകുമോ?

Author : ശാലിനി രഘുനന്ദനൻ

ദാവോസ്: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ബോർഡ് ഓഫ് പീസിനെ പരിഹസിച്ച് എലോൺ മസ്‌ക്. എല്ലാം പീസ് പീസ് ആക്കുമോ? എന്നായിരുന്നു മസ്കിന്റെ ചോദ്യം. വേൾഡ് ഇക്കണോമിക് ഫോറത്തിൽ (WEF) ബ്ലാക്ക് റോക്ക് സിഇഒ ലാറി ഫിങ്കിനൊപ്പം ഒരു പാനലിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു മസ്കിന്റെ പരാമർശം. അതോടെ സദസിൽ ചിരിപടർന്നു.

"ഞങ്ങൾക്ക് വേണ്ടത് സമാധാനം മാത്രമാണ്,". സമാധാന ഉച്ചകോടിയുടെ രൂപീകരണത്തെക്കുറിച്ച് കേട്ടു, എന്നാൽ അതിനി ഗ്രീൻലൻഡിന്റെയോ വെനസ്വേലയുടേയോ ചെറിയ പീസ് ആകുമോ എന്നും ഞാൻ കരുതി" മസ്ക് പറഞ്ഞു. സമാധാന ചർച്ചകൾക്കും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കുമായി തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ഒരു സമിതി വേണമെന്ന ട്രംപിന്റെ ആഗ്രഹമാണ് ബോർഡ് ഓഫ് പീസിന്റെ രൂപീകരണത്തിന് കാരണമായത്.

ട്രംപ് തന്നെയാണ് സംഘടനയുടെ ചെയർമാൻ. വിവിധ രാഷ്ട്ര തലവന്മാരുൾപ്പെടെ നിരവധി അംഗങ്ങളുണ്ട്. ആഗോള സമാധാനത്തിനായി ട്രംപ് രൂപീകരിച്ച ഈ പുതിയ അന്താരാഷ്ട്ര സംഘടനയിൽ ഇതിനോടകം 19 രാജ്യങ്ങൾ ഒപ്പു വെച്ചു.ബോർഡിൻ്റെ സ്ഥാരം മേധാവി ട്രംപ് തന്നെയാകും. അംഗത്വം എടുക്കുന്നവർ ഒരു ബില്യൺ ഡോളർ നൽകണം എന്നാണ് വ്യവസ്ഥ. എന്നാൽ ഇന്ത്യയും ചൈനയും ബോർഡിൽ നിന്നും വിട്ടു നിൽക്കുകയാണ്.

പാനൽ ചർച്ചയ്ക്കിടെ, റോബോട്ടുകൾ സമൂഹത്തെ പരിവർത്തനം ചെയ്യുമെന്നും മനുഷ്യാധ്വാനത്തിന്റെ ആവശ്യകത കുറച്ചുകൊണ്ട് അവ മനുഷ്യരാശിയെ സഹായിക്കുമെന്നും മസ്‌ക് പ്രവചിച്ചു - മുമ്പും മസ്ക് ഈ ആശയം മുന്നോട്ടുവച്ചിട്ടുണ്ട്. "മനുഷ്യരെക്കാൾ കൂടുതൽ റോബോട്ടുകൾ ഉണ്ടാകും."ഭൂമിയിലുള്ള എല്ലാവരും പ്രായമായ മാതാപിതാക്കളെയോ കുട്ടികളെയോ പരിപാലിക്കാൻ ഒരു റോബോട്ടിനെ ആഗ്രഹിക്കും" മസ്ക് കൂട്ടിച്ചേർത്തു. അടുത്ത വർഷം അവസാനത്തോടെ ടെസ്‌ല പൊതുജനങ്ങൾക്ക് റോബോട്ടുകൾ വിൽക്കാൻ തുടങ്ങുമെന്നും മസ്ക് പറഞ്ഞു

SCROLL FOR NEXT