Elon Musk Was Asked If He Would Hire Jensen Huang. His Response 
WORLD

ജെൻസൻ ഹുവാങ്ങിനെ നിയമിക്കുമോ? ചോദ്യത്തിന് ഇലോൺ മസ്കിൻ്റെ മറുപടി ഇങ്ങനെ..

എൻവിഡിയയിൽ നിന്ന് ജെൻസൻ ഹുവാങ്ങിനെ നീക്കിയതിനെ പ്രശസ്ത ബാസ്‌ക്കറ്റ്‌ബോൾ താരം മൈക്കൽ ജോർദാനുമായി ഉപമിച്ചാണ് മസ്ക് വിമർശിച്ചത്.

Author : ന്യൂസ് ഡെസ്ക്

ന്യൂയോര്‍ക്ക്: ചൈനീസ് ചാരവൃത്തി വിവാദത്തെ തുടർന്ന് എൻവിഡിയ സിഇഒ സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ജെൻസൻ ഹുവാങ്ങിന് പരസ്യ പിന്തുണയുമായി ടെസ്‌ല, സ്‌പേസ് എക്‌സ് മേധാവി ഇലോൺ മസ്ക്. ന്യൂയോർക്ക് ടൈംസിന്റെ ഡീൽബുക്ക് ഉച്ചകോടിയിൽ സംസാരിക്കവെയാണ് മസ്ക് തന്റെ അടുത്ത സുഹൃത്ത് കൂടിയായ ജെൻസനെ പ്രശംസിച്ചത്. ആവശ്യം വന്നാൽ ജെൻസൻ ഹുവാങ്ങിനെ സ്വന്തം കമ്പനിയിൽ നിയമിക്കുമോ എന്ന ചോദ്യത്തിന്, തീർച്ചയായും! ചരിത്രത്തിലെ ഏറ്റവും പ്രതിഭാശാലികളായ സംരംഭക സിഇഒമാരിൽ ഒരാളായ ജെൻസനെ ആരാണ് ജോലിക്കെടുക്കാൻ ആഗ്രഹിക്കാത്തത്? എന്നായിരുന്നു മസ്കിന്റെ മറുപടി. എന്നാൽ ജെൻസൻ നിലവിൽ ജോലി അന്വേഷിക്കുന്നില്ലെന്നും ഇപ്പോഴും ഈ സംഭവങ്ങളുടെ ഞെട്ടലിൽ തന്നെയായിരിക്കുമെന്നും മസ്ക് കൂട്ടിച്ചേർത്തു.

എൻവിഡിയയിൽ നിന്ന് ജെൻസൻ ഹുവാങ്ങിനെ നീക്കിയതിനെ പ്രശസ്ത ബാസ്‌ക്കറ്റ്‌ബോൾ താരം മൈക്കൽ ജോർദാനുമായി ഉപമിച്ചാണ് മസ്ക് വിമർശിച്ചത്. തുടർച്ചയായ വിജയക്കുതിപ്പിലേക്ക് നീങ്ങുന്ന സീസണിന്റെ മധ്യത്തിൽ വെച്ച് ചിക്കാഗോ ബുൾസ് മൈക്കൽ ജോർദാനെ ടീമിൽ നിന്ന് പുറത്താക്കുന്നതിന് തുല്യമായ തീരുമാനമാണിതെന്ന് അദ്ദേഹം പറഞ്ഞു. ജെൻസന് പകരക്കാരനാകാൻ മറ്റാർക്കും കഴിയില്ലെന്നും, സപ്ലൈ ചെയിൻ മാനേജ്‌മെന്റും സാങ്കേതികവിദ്യയിലുള്ള അറിവും ഉൾപ്പെടെ ഒരേസമയം നിരവധി ആളുകളുടെ ചുമതലകളാണ് അദ്ദേഹം നിർവഹിച്ചിരുന്നതെന്നും മസ്ക് ചൂണ്ടിക്കാട്ടി.

കൊറിയയിലും തായ്‌വാനിലും നിർണ്ണായക സപ്ലയർമാർക്കൊപ്പം തെരുവോരങ്ങളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതും പതിറ്റാണ്ടുകൾ നീണ്ട വ്യക്തിബന്ധങ്ങൾ കാത്തുസൂക്ഷിക്കുന്നതും ജെൻസന്റെ പ്രത്യേകതകളാണെന്നും, അദ്ദേഹത്തോടുള്ള കൂറുകൊണ്ട് മാത്രമാണ് ഉയർന്ന ശമ്പളമുള്ള മറ്റ് ഓഫറുകൾ നിരസിച്ച് പല ജീവനക്കാരും എൻവിഡിയയിൽ തുടരുന്നതെന്നും മസ്ക് വ്യക്തമാക്കി. പ്രേക്ഷകർ ഏറെ ഇഷ്ടപ്പെടുന്ന ഗെയിം ഓഫ് ത്രോണിലെ പോലെ ഒരു പ്രധാന കഥാപാത്രത്തെ ജോർജ് ആർ.ആർ. മാർട്ടിൻ തിരക്കഥകളിൽ പെട്ടെന്ന് ഇല്ലാതാക്കുന്നത് പോലെ ഞെട്ടിക്കുന്നതാണ് ഈ പുറത്താക്കലെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

അതേസമയം മസ്ക് അടക്കമുള്ളവർ പിന്തുണയുമായി എത്തുന്നുണ്ടെങ്കിലും ജെൻസൻ ഹുവാങ്ങിന് മുന്നിൽ എൻവിഡിയയുടെ വാതിലുകൾ അടഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. എൻവിഡിയയുടെ പുതിയ ബോർഡ് ചെയർമാൻ ഹാർവി ജോൺസ്, ജെൻസനെ സിഇഒ സ്ഥാനത്ത് തിരിച്ചെടുക്കാനുള്ള സാധ്യത പൂർണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. കമ്പനിക്ക് സ്ഥിരമായ ഒരു പുതിയ സിഇഒയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചതായും, ദേശീയ സുരക്ഷാ നയങ്ങളും കയറ്റുമതി നിയന്ത്രണങ്ങളും കർശനമായി നിരീക്ഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ചതായും അദ്ദേഹം അറിയിച്ചു.

യുഎസ് ജനപ്രതിനിധി സഭാ നേതാവ് ഹക്കീം ജെഫ്രീസും ജെൻസന്റെ തിരിച്ചുവരവിനെ ശക്തമായി എതിർത്ത് രംഗത്തെത്തി. അമേരിക്കയുടെ ഏറ്റവും മികച്ച സാങ്കേതികവിദ്യകൾ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ചോർന്നുപോകാനുള്ള സാധ്യത ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുള്ള ഏതൊരു നീക്കവും അംഗീകരിക്കാനാവില്ലെന്നും ജെഫ്രീസ് വ്യക്തമാക്കി. മെഗാസ്‌പീഡ് മുൻ എക്‌സിക്യൂട്ടീവും ചൈനീസ് ചാരവൃത്തി ആരോപണ വിധേയയുമായ ആലിസ് ഹുവാങ്ങുമായുള്ള ബന്ധത്തെക്കുറിച്ച് ഡിസംബർ ഒന്നിന് യുഎസ് ജനപ്രതിനിധി സഭയിലെ മൂന്ന് സമിതികൾക്ക് മുന്നിൽ മൊഴി നൽകാൻ ജെൻസൻ ഹുവാങ് സമ്മതിച്ചിട്ടുണ്ട്.

SCROLL FOR NEXT