വികാസ് സ്വരൂപ്, ഡൊണാൾഡ് ട്രംപ് Source: Facebook
WORLD

എന്തുകൊണ്ട് ഇന്ത്യക്ക് അധിക തീരുവ? ട്രംപിനെ പിണക്കിയ കാരണങ്ങള്‍ നിരത്തി മുന്‍ നയതന്ത്രജ്ഞന്‍ വികാസ് സ്വരൂപ്

"ഇന്ത്യ-പാക് വെടിനിർത്തൽ കരാറിൽ ട്രംപിന് ഇന്ത്യ ക്രെഡിറ്റ് നൽകിയില്ല..."

Author : ന്യൂസ് ഡെസ്ക്

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇന്ത്യക്ക് മേലുള്ള അധിക തീരുവ പ്രഖ്യാപനത്തിന് പിന്നിലെ കാരണം വ്യക്തമാക്കി മുൻ നയതന്ത്രജ്ഞൻ വികാസ് സ്വരൂപ്. ഇന്ത്യ-പാക് വെടിനിർത്തലിൽ പങ്കില്ലെന്ന ഇന്ത്യയുടെ പ്രസ്താവനയാണ് ട്രംപിനെ പിണക്കിയതെന്നാണ് വികാസ് സ്വരൂപ് പറയുന്നത്. പ്രശസ്ത എഴുത്തുകാരൻ കൂടിയായ കാനഡയിലെ മുൻ ഹൈക്കമ്മീഷണർ, പാകിസ്ഥാനുമായുള്ള യുഎസിൻ്റെ നിലവിലെ ബന്ധം ഹ്രസ്വകാല, തന്ത്രപരമായ ക്രമീകരണമാണെന്നും വിശേഷിപ്പിച്ചു.

വാർത്ത ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് വികാസ് സ്വരൂപ് ഇക്കാര്യം വിശദീകരിച്ചത്. "ട്രംപ് അധിക തീരുവ ചുമത്തിയത് എന്തിനാണെന്ന് നമ്മൾ മനസ്സിലാക്കണം. ഒന്നാമത്തെ കാര്യം, ഇന്ത്യ ബ്രിക്‌സിൽ അംഗമായതിൽ ട്രംപ് സന്തുഷ്ടനല്ല. ഡോളറിന് പകരമുള്ള ഒരു കറൻസി സൃഷ്ടിക്കാൻ ശ്രമിക്കുന്ന, ഒരു അമേരിക്കൻ വിരുദ്ധ സഖ്യമാണ് ബ്രിക്‌സ് എന്ന ധാരണയാണ് ട്രംപിന്. ഇന്ത്യ ബ്രിക്‌സിൽ അംഗമാകരുതെന്ന് അദ്ദേഹം കരുതുന്നു," വികാസ് സ്വരൂപ് പറഞ്ഞു.

ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാറിൽ ഇടപെട്ടതിൽ ട്രംപിന് ക്രെഡിറ്റ് നൽകാൻ ന്യൂഡൽഹി വിസമ്മതിച്ചതാണ് മറ്റൊരു കാരണമെന്ന് സ്വരൂപ് പറയുന്നു. പുറത്തുനിന്നുള്ള മധ്യസ്ഥത സ്വീകരിക്കാത്തതിനാൽ തന്നെ, വെടിനിർത്തൽ ചർച്ചകളിൽ യുഎസ് ഒരു പങ്കും വഹിച്ചിട്ടില്ലെന്ന് തുടക്കം മുതൽ ഇന്ത്യ വാദിച്ചിരുന്നു. പാകിസ്ഥാന്റെ ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസിന്റെ അഭ്യർഥനപ്രകാരം ഇരു രാജ്യങ്ങളുടെയും സായുധ സേനകൾക്കിടയിൽ നേരിട്ട് മധ്യസ്ഥത വഹിച്ചാണ് വെടിനിർത്തൽ കരാർ ഒപ്പിട്ടതെന്നാണ് ഇന്ത്യയുടെ പ്രസ്താവന.

"ആണവ സ്ഫോടനം തടഞ്ഞതും, ഇരു രാജ്യങ്ങളെയും പ്രതിസന്ധിയുടെ വക്കിൽ നിന്ന് പിന്തിരിപ്പിച്ചതും താനാണെന്ന് ട്രംപ് ഏകദേശം 30 തവണ പറഞ്ഞിട്ടുണ്ട്. അതിനാൽ, ഇന്ത്യ തൻ്റെ പങ്ക് അംഗീകരിക്കാത്തതിൽ ട്രംപ് അസ്വസ്ഥനാണ്. അതേസമയം ട്രംപിൻ്റെ പങ്ക് അംഗീകരിച്ച പാകിസ്ഥാൻ, സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് പോലും ട്രംപിനെ നാമനിർദേശം ചെയ്തിട്ടുണ്ട്," സ്വരൂപ് പറഞ്ഞു.

അതേസമയം ഇന്ത്യ-യുഎസ് ബന്ധത്തെ പാകിസ്ഥാനുമായുള്ള ബന്ധത്തിന്റെ അതേ കണ്ണടയിലൂടെ കാണരുതെന്നും വികാസ് സ്വരൂപ് പറഞ്ഞു. ഇന്ത്യ-യുഎസ് ബന്ധം ഇടപാടുകൾ കുറഞ്ഞതും, കൂടുതൽ തന്ത്രപരവുമാണെന്നും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.

"യുഎസ്-പാക് ബന്ധം വളരെ തന്ത്രപരവും ഹ്രസ്വകാലത്തേക്കുള്ളതുമാണെന്ന് ഞാൻ കരുതുന്നു. പ്രധാനമായും ട്രംപ് കുടുംബവും വിറ്റ്കോഫ് കുടുംബവും പാകിസ്ഥാനിലെ ക്രിപ്‌റ്റോകറൻസി ആസ്തികളിൽ നിന്ന് നേടാൻ ആഗ്രഹിക്കുന്ന സാമ്പത്തിക നേട്ടത്തിൽ നിന്നാണ് ഇത് സംഭവിക്കുന്നത്. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ തന്ത്രപരമാണെന്നാണ് ഞാൻ കരുതുന്നു. പാകിസ്ഥാനുമായുള്ള ബന്ധം അങ്ങനെയല്ല, അതുകൊണ്ടാണ് ഇത് വളരെ പെട്ടെന്ന് അവസാനിച്ചേക്കുമെന്ന് ഞാൻ കരുതുന്നത്. ഇതിനെ വിള്ളൽ എന്നല്ല, ഒരു കൊടുങ്കാറ്റ് എന്നാണ് വിളിക്കേണ്ടത്. കൊടുങ്കാറ്റുകൾക്കായി കാത്തിരിക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്. എല്ലാ കൊടുങ്കാറ്റുകളും ഒടുവിൽ കടന്നുപോകും," വികാസ് സ്വരൂപ് കൂട്ടിച്ചേർത്തു.

SCROLL FOR NEXT