Source: X
WORLD

പ്രകോപനമില്ലാതെ ഇറാനെതിരെ ആക്രമണം; യുഎസും ഇസ്രയേലും രാജ്യാന്തര നിയമം ലംഘിച്ചെന്ന് ഫ്രാൻസ്

അഞ്ചാം ദിവസവും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ്റെ വ്യോമാക്രമണം തുടരുകയാണ്

Author : ന്യൂസ് ഡെസ്ക്

ഇറാനെതിരായ സൈനിക നടപടിയിൽ പ്രതികരിച്ച് ഫ്രാൻസ്. പ്രകോപനമില്ലാതെയാണ് ഇറാനെതിരെ ആക്രമണം നടത്തിയത്. യുഎസും ഇസ്രയേലും രാജ്യാന്തര നിയമം ലംഘിച്ചു. അന്താരാഷ്ട്രനിയമം മറികടന്നുള്ള സൈനിക നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ പറഞ്ഞു. എന്നാൽ ഈ സാഹചര്യത്തിൻ്റെ പ്രാഥമിക ഉത്തരവാദിത്തം ഇറാൻ വഹിക്കുന്നുമെന്നും മാക്രോൺ പറഞ്ഞു. ചർച്ചകളിലുടെ പ്രശ്നപരിഹാരം കാണണം എന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും അഭിപ്രായപ്പെട്ടു.

അതേ സമയം അഞ്ചാം ദിവസവും ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ഇറാൻ്റെ വ്യോമാക്രമണം തുടരുകയാണ്. ഇറാൻ്റെ ഡ്രോൺ ആക്രമണത്തിൽ ദുബായിലെ യുഎസ് കോൺസുലേറ്റിൽ തീപിടുത്തം ഉണ്ടായി. അൽസീഫിലെ കോൺസുലേറ്റിലാണ് തീപിടുത്തമുണ്ടായത്. ഉദ്യോഗസ്ഥരെല്ലാം സുരക്ഷിതരെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. ദുബായ് സിവിൽ ഡിഫൻസ് വിഭാഗം ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ് അറിയിച്ചു.

ഒമാനിലെ സലാലയിലും ഡ്രോൺ ആക്രമണം തുടരുകയാണ്. യുഎസ് ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ഇറാനിലെ മഷ്ഹദിൽ സംസ്കരിക്കും. ഖമേനിയുടെ ജന്മസ്ഥലമാണ് മഷ്ഹദ്. സംസ്കാര തീയതിയിൽ തീരുമാനം ഉടൻ എന്ന് സുരക്ഷാ കൗൺസിൽ അറിയിച്ചു. ഖമനിയുടെ പിൻഗാമിയേയും ഉടൻ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ.

SCROLL FOR NEXT