

ടെഹ്റാൻ: ഇസ്രയേലും യുഎസും ആക്രമണം തുടർന്നാൽ ഗൾഫിലെ എക്കണോമിക്സ് ഹബ്ബുകളിലേക്ക് ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാൻ്റെ മുന്നറിയിപ്പ്. ഗൾഫിലെ എക്കണോമിക് ഹബ്ബുകളെ ആക്രമിക്കുമെന്ന് ഐആർജിസി കമാൻഡർ ഇബ്രാഹിം ജബ്ബാരിയാണ് മുന്നറിയിപ്പ് നൽകിയത്. "ഞങ്ങൾ ഹോർമുസ് കടലിടുക്ക് അടച്ചു. നിലവിൽ എണ്ണവില 80 ഡോളറിനു മുകളിലാണ്. അത് ഉടൻ തന്നെ 200 ഡോളറിലെത്തും," ജബ്ബാരി പറഞ്ഞു.
അതേസമയം, പശ്ചിമേഷ്യയിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കുന്ന തിരക്കിലാണ് യൂറോപ്യൻ യൂണിയനും യുഎസും. എംബസികൾ മുഖേന ഇതിനുള്ള നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് രാത്രിയിൽ ദുബായിലും ദോഹയിലും യുഎസ് സൈനികരുടെ സാന്നിധ്യമുള്ള ഇടങ്ങളിലെല്ലാം ഇറാൻ ശക്തമായ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ തുടരുകയാണ്. അബുദാബിയിലും ദുബായിലും സ്ഫോടന ശബ്ദങ്ങൾ ഉയരുന്നുണ്ട്.
നിലവിൽ പശ്ചിമേഷ്യയിൽ സംഘർഷം വർധിക്കുന്നതിനിടെ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കുറഞ്ഞത് 12,903 വിമാനങ്ങൾ റദ്ദാക്കി. ആകെ വിമാന സർവീസുകളുടെ 40 ശതമാനമാണ് റദ്ദാക്കപ്പെട്ടത്.
അതേസമയം, ഇറാനിലെ 1700 ഇടങ്ങളിൽ ഇതുവരെ ആക്രമണം നടത്തിയെന്ന് യുഎസ് സൈന്യം അറിയിച്ചു. നതാൻസിലെ ആണവ കേന്ദ്രത്തിലെ ആക്രമണത്തിൽ ആണവ ചോർച്ച റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി അറിയിച്ചു.
ഇറാനെ ആദ്യം ആക്രമിക്കാൻ തീരുമാനിച്ചത് യുഎസ് ആണെന്നും ഇസ്രയേലാണ് തങ്ങളെ വലിച്ചിഴച്ചതെന്ന ആരോപണങ്ങൾ തെറ്റാണെന്നും ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ അമേരിക്കയെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നു. പ്രകോപനമില്ലാതെ ഇറാൻ അയൽ രാജ്യങ്ങളെ ആക്രമിച്ചിരുന്നു. അതിനാലാണ് അവരെ നിരായുധീകരിക്കാൻ നീക്കം തുടങ്ങിയതെന്നും ട്രംപ് വിശദീകരിച്ചു.
ആക്രമണത്തിന് താവളങ്ങൾ വിട്ട് നൽക്കാത്തതിൽ ബ്രിട്ടനേയും സ്പെയിനിനേയും ട്രംപ് വിമർശിച്ചു. സ്പെയിനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.