ഇറാനെ സംബന്ധിച്ചിടത്തോളം ഒരു ചരിത്ര വഴിത്തിരിവായിരുന്നു മുജ്തബ് ഖമനേയിയുടെ തെരഞ്ഞെടുപ്പ്. പാരമ്പര്യ ഭരണത്തെ നിരാകരിക്കുന്ന ഇറാൻ്റെയും മുൻ പരമോന്നത നേതാവായിരുന്ന ഖമനേയിയുടേയും നിലപാടിന് വിരുദ്ധമായാണ് അസാധാരണ സാഹചര്യത്തിൽ മുജ്തബിനെ ഇറാൻ്റെ പരമോന്നത നേതാവായി തെരഞ്ഞെടുത്തത്. 1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ആദ്യമായി, ഇസ്ലാമിക് റിപ്പബ്ലിക്കിൻ്റെ നേതൃത്വം അച്ഛനിൽ നിന്ന് മകനിലേക്ക് കൈമാറിയെത്തിയ നിമിഷം കൂടിയായിരുന്നു. ഈ സ്ഥാനം മുജ്ത ബിലേക്കെത്തിയതാവട്ടെ യുദ്ധത്തിൻ്റെയും തീവ്രമായ അന്താരാഷ്ട്ര സമ്മർദ്ദത്തിൻ്റെയും ഇടയിലും.
മുജ്തബയെ പിൻഗാമിയായി തെരഞ്ഞെടുക്കരുതെന്ന് ഖമനേയി വിൽപ്പത്രത്തിൽ വ്യക്തമായി ആവശ്യപ്പെട്ടിരുന്നതായാണ് വിവരം. രാജ്യം ഭരിക്കാനാവശ്യമായ അനുഭവ പരിചയവും രാഷ്ട്രീയ പദവിയും മുജ്തബയ്ക്ക് ഇല്ലെന്നായിരുന്നു അദ്ദേഹം വിശ്വസിച്ചിരുന്നത്. മുജ്തബയ്ക്ക് കൌൺസിലിൽ നിന്നും ഭൂരിപക്ഷം വോട്ടുകൾ പോലും ലഭിക്കാതിരുന്ന സാഹചര്യത്തിൽ ഐആർജിസിയുടെ നിരന്തര സമ്മർദമാണ് പരമോന്നത പദവിയിലേക്ക് തെരഞ്ഞെടുത്തതിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ.
കാലങ്ങളായി തിരശ്ശീലയ്ക്ക് പിന്നിൽ, ഒടുവിൽ പരമോന്നത പദവി
പതിറ്റാണ്ടുകളായി ഇറാൻ ഭരണകൂടത്തിൻ്റെ പിന്നിൽ നിന്ന് മാത്രം പ്രവർത്തിച്ചിരുന്ന, പൊതുജനങ്ങൾക്ക് അജ്ഞാതനായിരുന്ന മുജ്തബ ഖമനേയി ഒരിക്കലും സർക്കാർ പദവികൾ വഹിച്ചിരുന്നില്ല.പൊതു പ്രസംഗങ്ങളിലോ അഭിമുഖങ്ങളിലോ അദ്ദേഹത്തിൻറെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ആകെ ചുരുക്കം ചില ഫോട്ടോഗ്രാഫുകളും വീഡിയോകളും മാത്രമേ മുജ്തബിൻ്റേതായി പുറത്തു വന്നിരുന്നുളളുവെങ്കിലും മുജ്തബിന് ഇറാൻ്റെ സൈനിക, ഭരണ വിഷയങ്ങളിൽ നിർണായക സ്വാധീനമാണ് ഉണ്ടായിരുന്നത്. ആ സ്വാധീനം തന്നെയാണ് ഇത്രയേറെ എതിർപ്പുകളുണ്ടായിട്ടും തൻ്റെ പിൻഗാമിയായി മകനെ തെരഞ്ഞെടുക്കരുതെന്ന് ഖമനേയി വ്യക്തമാക്കിയിരുന്നിട്ട് പോലും പരമോന്നത പദവിയിലേക്ക് മുജ്തബയ്ക്ക് വഴിയൊരുക്കിയത്.
ഖമനേയിയിൽ നിന്ന് മൊജ്താബയിലേക്ക്
1979 ലെ ഇസ്ലാമിക വിപ്ലവത്തിനുശേഷം ശേഷമാണ് പരമോന്നത നേതാവെന്ന പദവി ഇറാൻ്റെ ഭരണഘടനയുടെ ഭാഗമാകുന്നത്. റൂഹുള്ള ഖമനേയിയാണ് ആദ്യത്തെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും 10 വർഷത്തിന് ശേഷം അദ്ദേഹത്തിൻ്റെ മരണശേഷം 1989ൽ ഇദ്ദേഹത്തിൻ്റെ ഇറാൻ്റെ പരമോന്നത അധികാരത്തിലെത്തിയ ഖമനേയി പിന്നീട് ആ സ്ഥാനത്ത് തുടർന്നത് നീണ്ട 35 വർഷമാണ്. അതായത്, പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന ഭരണാധികാരിയാണ് ആയത്തൊള്ള ഖമനേയി.
1989-ൽ പരമോന്നത നേതാവാകുന്നതിന് മുമ്പ് അലി ഖമനേയി ഇറാൻ്റെ പ്രസിഡൻ്റായിരുന്നു. വിപ്ലവത്തിനും ഇറാൻ-ഇറാഖ് യുദ്ധത്തിനും ശേഷമുള്ള പ്രക്ഷുബ്ധമായ വർഷങ്ങളിൽ അദ്ദേഹം ദേശീയ പ്രാധാന്യം നേടി. മതപരമായ യോഗ്യതകളുടെ അടിസ്ഥാനത്തിൽ ഏറ്റവും യോഗ്യനായ സ്ഥാനാർഥിയല്ലാതിരുന്നിട്ടും മറ്റ് യോഗ്യതകളുടെ അടിസ്ഥാനത്തിലായിരുന്നു ഖമനേയി പരമോന്നത പദവിയിലേക്കെത്തിയത്.
പരമോന്നത പദവിയിലേക്കെത്തിയ ഖമനേയി സഖ്യകക്ഷികൾക്കും സായുധ സംഘങ്ങൾക്കും സഹായം നൽകി ഒപ്പം നിർത്തിയതോടെ ശക്തമായ ശ്യംഖല തന്നെ ഖമനേയിയ്ക്ക് കെട്ടിപ്പടുക്കാനായി.ലെബനൻ, ഇറാഖ്, സിറിയ, യെമൻ എന്നീ രാജ്യങ്ങളെ കൂടെ ഇത്തരത്തിൽ കൂടെ നിർത്തുവാനും ഖമനേയിയുടെ ഭരണത്തിന് കീഴിൽ ഇറാന് കഴിഞ്ഞു. ഒരു പരിധി വരെ യുഎസിൽ നിന്നും ഇസ്രയേലിൽ നിന്നുമൊക്കെയുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഇറാന് കരുത്ത് നൽകിയതും ഇത്തരത്തിൽ സഹായം നൽകി കൂടെ നിർത്തിയിരുന്ന സായുധ സംഘങ്ങളായിരുന്നു.
പ്രസിഡൻ്റിനേയും സായുധ സംഘങ്ങളേയുമടക്കം തൻ്റെ അധികാരത്തിന് കീഴിൽ അടക്കി ഭരിച്ചിരുന്ന ഖമനേയി ആണവ സാങ്കേതിക വിദ്യ വികസിപ്പിക്കാൻ ലക്ഷ്യമിട്ടതോടെയാണ് ഇസ്രയേലിൻ്റേയും യുഎസിൻ്റേയും കണ്ണിലെ കരടായി മാറിയത്. ഇസ്ലാമിക നിയമപ്രകാരം ആണാവായുധങ്ങൾ നിഷിദ്ധമാണെന്ന് ഫത്വ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇറാൻ ആണവായുധ ശേഷി വികസിപ്പിച്ചെടുക്കുകയാണെന്ന സംശയമായിരുന്നു ഇസ്രയേൽ യുഎസിൻ്റെ സഹായത്തോടെ ഇറാനെ ആക്രമിക്കുവാനുള്ള കാരണമായി പറഞ്ഞത്.
ആശയങ്ങളിൽ നിന്ന് ഒരു രീതിയിലും വ്യതിചലിക്കാൻ തയ്യാറാവാതിരുന്ന ഖമനേയി രാഷ്ട്രീയമായ ഉറച്ച അടിത്തറ കെട്ടിപ്പടുക്കുന്നതിലും ശ്രദ്ധിച്ചിരുന്നു. അമേരിക്കയുമായി കരാറുകളിൽ ഏർപ്പെട്ടിരുന്ന സമയത്ത് പോലും അമേരിക്കയെ സംശയനിഴലിലാണ് ഇറാൻ നിർത്തിയിരുന്നത്. സമ്പദ് വ്യവസ്ഥയുടെ സുസ്ഥിരത ലക്ഷ്യമിട്ട് 2015ലാണ് ഇറാൻ ആറ് ലോക ശക്തികളുമായി കരാറിലേർപ്പെട്ടത്. എന്നാൽ 2018 ൽ ട്രംപ് കരാറിൽ നിന്ന് ഏകപക്ഷീയമായി പിന്മാറിയതോടെ ഇറാൻ യുറേനിയം സമ്പൂഷ്ടീകരണം വർധിപ്പിക്കുകയും 2020ൽ കരാറിൽ നിന്ന് പിന്മാറുകയും ചെയ്തു. ആണവ കരാറുമായി ബന്ധപ്പെട്ട് ഇറാനുമായി യുഎസ് വീണ്ടും ചർച്ചകൾ നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇറാന് മേൽ സംയുക്ത ആക്രമണം നടത്തിയത്.
ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടതോടെ നേതൃത്വമില്ലാതെ കുഴഞ്ഞ ഇറാൻ അലിറേസ അറഫി, മൊഹ്സേൻ അരാക്കി, ഹസ്സൻ ഖൊമേനി എന്നിവരെയാണ് പരമോന്നത സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെങ്കിലും ഐആർജിസിയുടെ കടുത്ത സമ്മർദത്താൽ ഇവരെയെല്ലാം പിന്തള്ളി മുജ്തബയെ തെരഞ്ഞെടുക്കുകയായിരുന്നു. കൌൺസിലിൻ്റെ പോലും പൂർണ പിന്തുണയില്ലാതെയുള്ള ഈ തെരഞ്ഞെടുപ്പിൽ യുഎസും ഇസ്രയേലും കടുത്ത അനിഷ്ടം പ്രകടമാക്കിയിട്ടുമുണ്ട്.
ഇറാൻ്റെ രാഷ്ട്രീയ സംവിധാനത്തിനുള്ളിൽ വർഷങ്ങളായി പ്രവർത്തിച്ച മൊജ്താബിന് ഇതിനകം രാജ്യത്തെ അധികാര കേന്ദ്രങ്ങളിലുടനീളം സ്വാധീനം നേടാനായിരുന്നു. ഇറാൻ രാഷ്ട്രീയത്തിൻ്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഐആർജിസിയിൽ ഈ സ്വാധീനം വളരെയേറെ പ്രകടവുമായിരുന്നു. ഇറാൻ-ഇറാഖ് യുദ്ധകാലത്ത് തൻ്റെ കൗമാരപ്രായത്തിൽ മുജ്തബ് ഐആർജിസിയുടെ ഭാഗമാകുന്നത്. മതപരമായ പഠനത്തിനായി ഖോമിലെത്തിയ മുജ്തബ് ഇവടെ വച്ചാണ് വൈദിക വേഷം ധരിക്കാൻ തുടങ്ങിയതോടെ അധികാര കേന്ദ്രങ്ങളോട് അടുപ്പമുള്ള ഇറാനിയൻ മാധ്യമങ്ങൾ മുജ്തബയെ "ആയത്തുള്ള" എന്ന് പരാമർശിക്കാൻ തുടങ്ങിയിരുന്നു.
ഇറാനിൽ, 2005 ലെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിലാണ് മുജ്തബയുടെ സ്വാധീനം പരസ്യമായി വെളിവായത്. ഇതോടെയായിരുന്നു കടുത്ത ജനകീയവാദിയായ മഹമൂദ് അഹമ്മദിനെജാദിനെ അധികാരത്തിലെത്തിയത്. അഹമ്മദിനെജാദിന്റെ വിജയം ഉറപ്പാക്കാൻ മതവിഭാഗങ്ങൾക്ക് പണം വിതരണം ചെയ്തുവെന്ന ആരോപണവും അന്ന് മുജ്തബയ്ക്കെതിരെ ഉയർന്നു. നാല് വർഷത്തിന് ശേഷം, അഹ്മദിനെജാദിൻ്റെ വിവാദപരമായ പുനഃതിരഞ്ഞെടുപ്പ് ഗ്രീൻ മൂവ്‌മെന്റ് എന്നറിയപ്പെടുന്ന ബഹുജന പ്രതിഷേധങ്ങൾക്ക് കാരണമായതോടെ സമാനമായ ആരോപണങ്ങൾ ഉയർന്നു വന്നു.
ആ പ്രതിഷേധങ്ങൾക്കിടെ ചില പ്രകടനക്കാർ മുജ്തബ തൻ്റെ പിതാവിൻ്റെ പിൻഗാമിയാകാനുള്ള സാധ്യതയെ പരസ്യമായി എതിർത്തു. അതിരൂക്ഷമായാണ് ആ പ്രതിഷേധം അടിച്ചമർത്തപ്പെട്ടത്.ആയത്തൊള്ള ഖമനേയിയെ അപേക്ഷിച്ച് കൂടുതൽ കടുത്ത നിലപാടുകളുള്ള ആളാണ് മുജ്തബ എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആയത്തൊള്ള ഖമനേയിയ്ക്കെതിരെ ഇറാനിൽ പ്രക്ഷോഭം ഉയർന്നു വന്നതിൻ്റെ പ്രധാന കാരണം തന്നെ അദ്ദേഹത്തിൻ്റെ കടുത്ത നിലപാടുകളാണ്. കടുത്ത ജനവിരുദ്ധ വികാരവും ആയത്തൊള്ളയ്ക്കെതിരെ ഉയർന്നിരുന്നു. ആ സാഹചര്യത്തിൽ കൂടുതൽ കടുത്ത നിലപാടുള്ള മുജ്തബ ഖമനേയി അധികാരത്തിലേക്കെത്തുന്നത് ഇറാൻ്റെ ജനവികാരം എതിരാകുന്നതിന് കാരണമാക്കുവാനും സാധ്യതയുണ്ട്. മുജ്തബ് അധികാരത്തിലേറിയതോടെ ഭരണകൂട നേതൃത്വത്തിൻ്റെ മുഖം മാറുന്നുണ്ടെങ്കിലും അടിച്ചമർത്തലിൻ്റേയും രക്തച്ചൊരിച്ചിലിൻ്റേയും പാരമ്പര്യം അതേപടി തന്നെ തുടരുമെന്നാണ് കരുതുന്നത്.