പിറന്ന മണ്ണില്‍ ജീവിക്കാന്‍ മറ്റാരുടെയൊക്കെയോ കനിവ് തേടേണ്ടവര്‍. ബോംബാക്രമണത്തിനും പട്ടിണിക്കുമിടെ, ജീവന്‍ രക്ഷിക്കാന്‍ രാജ്യമെങ്ങും നിര്‍ത്താതെ ഓടുന്നവര്‍. ഇനിയെങ്ങോട്ടും ഓടാനില്ലാതെ, യാതൊരു സുരക്ഷിതത്വവും ഉറപ്പില്ലാത്ത താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ ജീവിതത്തിനും മരണത്തിനുമിടെ തണല്‍ പറ്റുന്നവര്‍. തലമുറയുടെ ഭാവി എന്തെന്നറിയാതെ പരിതപിക്കുന്നവര്‍. അവര്‍ ഗാസയിലെ ജനതയാണ്. ലോകത്ത് ഒരിടത്തും കാണില്ല, ഇങ്ങനെ ജീവിക്കേണ്ടി വരുന്നൊരു ജനത. ഉറ്റവരും ഉടയവരുമില്ലാത്ത ഒരു കൂട്ടം. ജീവിതാവസ്ഥ തന്നെ മാറ്റിയ പരിക്കും രോഗങ്ങളുമായി ഇനിയുമൊരു കൂട്ടം. മാലിന്യക്കൂന മാത്രമായ നഗരം. അവിടെയാണ് ലോകം അവര്‍ക്ക് സമാധാനം വച്ചുനീട്ടുന്നത്.
ഗാസയെന്ന കൊലക്കളം
പിറവിപോലും രേഖപ്പെടുത്താത്ത ഒരു രാജ്യത്തിന്റെ ദുരിതത്തിനും, ലോകത്തിന്റെ നെറികേടിനും പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പക്ഷേ, കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ലോകം കണ്ടത് വംശഹത്യയുടെ പുതിയ യുദ്ധമുറകളാണ്. ഒരു ജനതയെ അപ്പാടെ തൂത്തെറിയാനുള്ള വെമ്പല്‍. ലോകം എതിര്‍ചേരിയില്‍ നില്‍ക്കുമ്പോഴും, യുഎസിനെ ഒപ്പം നിര്‍ത്തി ഇസ്രയേല്‍ നടത്തിയ വംശഹത്യ. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഇന്നുവരെ 67,139 പലസ്തീനികളെയാണ് ഇസ്രയേല്‍ കൊന്നൊടുക്കിയത്. 169,583 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യ മന്ത്രാലയം കണക്കുകള്‍ പറയുന്നു. അര ലക്ഷത്തിലേറെ കുട്ടികള്‍ മരിക്കുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണങ്ങളില്‍ പരിക്കേറ്റവരില്‍ 42,000 പേരുടെ ജീവിതാവസ്ഥ തന്നെ മാറിയിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. യുദ്ധത്തില്‍ അംഗഭംഗം സംഭവിച്ചവര്‍ 5000ലധികമാണ്. യുദ്ധത്തിനും പട്ടിണിക്കുമിടയില്‍ 55,000ഓളം ഗര്‍ഭിണികള്‍ കുടുങ്ങിയിട്ടുണ്ട്. ഗാസയില്‍നിന്ന് പുറത്തെത്തിച്ച് ചികിത്സ നല്‍കേണ്ടവരുടെ എണ്ണം 15,000ലധികമാണ്. ഇവരില്‍ 3800 കുട്ടികളുമുണ്ട്. നിരന്തരമായ ആക്രമണത്തില്‍ ആരോഗ്യ സംവിധാനം അപ്പാടെ തകര്‍ന്നിരിക്കുകയാണെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
അതേസമയം, രണ്ട് വര്‍ഷത്തെ യുദ്ധത്തിനിടെ തങ്ങളുടെ 1152 സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് ഇസ്രയേല്‍ പുറത്തുവിടുന്ന വിവരം. ഇസ്രയേല്‍ പ്രതിരോധ സേന, ഇസ്രയേല്‍ പൊലീസ്, ഷിന്‍ ബെറ്റ്, ജയില്‍ ഉദ്യോഗസ്ഥര്‍, ഇസ്രയേല്‍, ഗാസ, ലബനന്‍, വെസ്റ്റ് ബാങ്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സുരക്ഷാ സ്ക്വാഡ് ഉള്‍പ്പെടെയുള്ളവരുടെ കണക്കാണിത്. പ്രത്യാക്രമങ്ങളില്‍ 6,500 ഓളം ഇസ്രയേലികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം കണക്കുകളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മനുഷ്യാവകാശ, ആരോഗ്യ, സന്നദ്ധ പ്രവര്‍ത്തകരുടെ കൂടി ശവപ്പറമ്പാണ് ഗാസ. രണ്ട് വര്‍ഷത്തിനിടെ 562 സന്നദ്ധ, മനുഷ്യാവകാശ പ്രവര്‍ത്തകരാണ് ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത്. ഇവരില്‍ 376 പേര്‍ യുഎന്‍ സ്റ്റാഫ് അംഗങ്ങളായിരുന്നു. പലസ്തീന്‍ റെഡ് ക്രെസന്റ് സൊസൈറ്റി സ്റ്റാഫും വൊളന്റീയര്‍മാരുമായ 54 പേരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. പട്ടികയില്‍ അടുത്തത് മാധ്യമപ്രവര്‍ത്തകരാണ്. കമ്മിറ്റി ടു പ്രൊട്ടെക്ട് ജേണലിസ്റ്റ്സ് റിപ്പോര്‍ട്ട് പ്രകാരം 189 മാധ്യമപ്രവര്‍ത്തകര്‍ ഗാസയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
കല്ലിന്മേല്‍ കല്ല് ശേഷിക്കാതെ ആരോഗ്യമേഖല
കൊല്ലപ്പെട്ടവരുടെ കണക്കുകളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇസ്രയേലിന്റെ ക്രൂരത. ഒരു രാജ്യം പതിറ്റാണ്ടുകള്‍കൊണ്ട് കെട്ടിപ്പൊക്കിയ വികസനനേട്ടങ്ങളെയെല്ലാം രണ്ടുവര്‍ഷംകൊണ്ട് ഇസ്രയേല്‍ തച്ചുടച്ചിരിക്കുന്നു. വീടുകള്‍, സ്കൂളുകള്‍, പൊതുകെട്ടിടങ്ങള്‍, റോഡുകള്‍ തുടങ്ങി ആരോഗ്യസംവിധാനങ്ങള്‍ അപ്പാടെ ഇല്ലാതാക്കി. 36 പ്രധാന ആശുപത്രികളില്‍ 34 എണ്ണം പൂര്‍ണമായോ ഭാഗികമായോ തകര്‍ക്കപ്പെട്ടു. 150ഓളം ആംബുലന്‍സുകളാണ് തകര്‍ത്തത്. ആശുപത്രികള്‍, ക്ലിനിക്കുകള്‍, മെഡിക്കല്‍ സ്റ്റാഫ്, ആംബുലന്‍സുകള്‍ എന്നിവയെ ലക്ഷ്യമിട്ട് നാനൂറിലധികം ആക്രമണങ്ങളെങ്കിലും നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. വൈദ്യുതി ഇല്ലാതെ, അനസ്തേഷ്യ ഇല്ലാതെ, അവശ്യ മരുന്നുകള്‍ പോലുമില്ലാതെ വളരെ ദുഷ്കരമായ സാഹചര്യങ്ങളിലാണ് ആരോഗ്യ പരിചരണം.
യുദ്ധം മാതൃ, ശിശുക്ഷേമ സേവനങ്ങളെയാകെ ബാധിച്ചിട്ടുണ്ടെന്നാണ് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ റിപ്പോര്‍ട്ട്. ആഭ്യന്തരമായി ചിതറിക്കപ്പെട്ടതിനൊപ്പം, ബോംബ് സ്ഫോടനം, കടുത്ത പട്ടിണി, പോഷകാഹാരക്കുറവ് എന്നിങ്ങനെ സാഹചര്യങ്ങളില്‍ 55,000 ഗര്‍ഭിണികള്‍ കുടുങ്ങിയിട്ടുണ്ട്. ഗാസയില്‍ പ്രതിദിനം 130 കുട്ടികളാണ് ജനിക്കുന്നത്. അവയില്‍ നാലിലൊന്നും സിസേറിയനാണ്. ആഴ്ചയില്‍ 15 ഗര്‍ഭിണികളെങ്കിലും ആരോഗ്യ കേന്ദ്രത്തില്‍ എത്താനാകാതെ, വിദഗ്ധ സഹായമില്ലാതെ പ്രസവിക്കുന്നുണ്ട്. നവജാതരില്‍ അഞ്ചിലൊരാള്‍, മാസം തികയാതെ ജനിക്കുകയോ ഭാരക്കുറവ് നേരിടുകയോ ചെയ്യുന്നുണ്ട്. പലര്‍ക്കും ആശുപത്രി, ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ ലഭിക്കുന്നില്ല. മാതൃ-ശിശു ആശുപത്രികള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടതോടെ, സ്ത്രീകളെയും കുട്ടികളെയും കൊണ്ട് പല ആശുപത്രികളും നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്.
കൊല്ലപ്പെട്ടവരില്‍ 18,000 വിദ്യാര്‍ഥികള്‍
സ്കൂള്‍ പഠന പ്രായത്തിലുള്ള 18,000ലധികം കുട്ടികളും 1300ലധികം സര്‍വകലാശാല വിദ്യാര്‍ഥികളും രണ്ട് വര്‍ഷത്തിനിടെ കൊല്ലപ്പെട്ടു. ആയിരത്തിലധികം അധ്യാപകര്‍ക്കും ജീവന്‍ നഷ്ടമായി. 179 സ്കൂളുകള്‍ തകര്‍ക്കപ്പെട്ടു. 60 സര്‍വകലാശാല കെട്ടിടങ്ങളും 20 ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇല്ലാതായി. ഒരു രേഖകള്‍ പോലും ബാക്കിയില്ലാതെ തകര്‍ന്നുപോയ സ്കൂളുകളും ഏറെയാണ്. 6.30 ലക്ഷത്തോളം പേരുടെ വിദ്യാഭ്യാസമാണ് ഇല്ലാതായത്.
2023ലെ ഹൈസ്കൂള്‍ വാര്‍ഷിക പരീക്ഷ, ഈ വര്‍ഷം സെപ്റ്റംബറിലാണ് നടന്നത്. ഇസ്രയേല്‍ വംശഹത്യ തുടരുന്നതിനിടെ രണ്ട് തവണ വാര്‍ഷിക പരീക്ഷ മാറ്റിവച്ചിരുന്നു. ഏറ്റവും ഒടുവിലാണ് സെപ്റ്റംബര്‍ ആറ് മുതല്‍ ഓണ്‍ലൈനായി പരീക്ഷ തീരുമാനിച്ചത്. പലസ്തീന്‍ വിദ്യാഭ്യാസ മന്ത്രാലയം നടത്തുന്ന പരീക്ഷക്കായി രജിസ്റ്റര്‍ ചെയ്തത് 27,000ഓളം വിദ്യാര്‍ഥികളാണ്. പക്ഷെ, ഇസ്രയേല്‍ ആക്രമണം തുടര്‍ന്നു, കരയുദ്ധം രൂക്ഷമായി. പാഞ്ഞെത്തുന്ന ബോംബുകളെയും, പട്ടിണിയെയും അതിജീവിച്ച് ആവര്‍ത്തിച്ച് താമസം മാറുന്നതിന്റെ ബുദ്ധിമുട്ടുകളും മറികടന്ന് പലരും പരീക്ഷയെഴുതാനെത്തി. ഇന്റര്‍നെറ്റ് ലഭ്യത നോക്കി, ഒറ്റയ്ക്കും കൂട്ടമായും ഇരുന്ന്, മൊബൈലിലും ലാപ്ടോപ്പിലുമായി അവര്‍ പരീക്ഷ പൂര്‍ത്തിയാക്കി. അപ്പോഴും, കുറച്ചധികം പേര്‍ക്ക് പരീക്ഷ എഴുതാന്‍ കഴിഞ്ഞതുമില്ല.
നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍
23 ലക്ഷത്തോളമാണ് ഗാസയുടെ ജനസംഖ്യ. അതില്‍ 80 ശതമാനം, അതായത് 20 ലക്ഷം പലസ്തീനികള്‍ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നു. ഒന്നോ രണ്ടോ തവണയല്ല, പല തവണ മാറിപ്പോകാന്‍ അവര്‍ നിര്‍ബന്ധിതരായി. രണ്ട് വര്‍ഷത്തിനിടെ, ഒരു തവണയെങ്കിലും മാറാത്തവര്‍ ഇല്ലെന്നു പറയാം. ഈ വര്‍ഷം മാര്‍ച്ചില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയപ്പോള്‍, 12 ലക്ഷം ആളുകളാണ് ഗാസ നഗരം വിട്ടു പോയത്. യുഎന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്സ് കണക്ക് പ്രകാരം, ഏകദേശം 317 സ്ക്വയര്‍ കിലോമീറ്റര്‍, അതായത് ഗാസയുടെ 88 ശതമാനം ഇസ്രയേലിന്റെ നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍ ഉത്തരവിന് കീഴിലാണ്. നഗരങ്ങളെല്ലാം ഒഴിപ്പിച്ചു. പരിക്കേറ്റവര്‍, കുട്ടികള്‍, പ്രായമായവര്‍ എല്ലാവരെയുംകൊണ്ട് ഓടിപ്പോകേണ്ടിവന്നവര്‍ ലക്ഷങ്ങളാണ്. സമ്പാദ്യമെല്ലാം വിറ്റുപെറുക്കി വാഹനങ്ങളില്‍ യാത്ര ചെയ്തവരും, ഉള്ളതെല്ലാം കെട്ടിപ്പെറുക്കി യാത്രയായവരും, പ്രാണരക്ഷാര്‍ഥം എല്ലാം വിട്ടെറിഞ്ഞ് ഓടിപ്പോരേണ്ടിവന്നവരും ഇവരിലുണ്ട്. വടക്കന്‍ ഗാസയിലെ താല്‍ക്കാലിക ഷെല്‍ട്ടറുകള്‍ പലതും നിറഞ്ഞുകവിഞ്ഞതോടെ, പതിനായിരങ്ങള്‍ക്ക് തല ചായ്ക്കാന്‍ പോലും ഇടമില്ലാതെയായി.
പട്ടിണി എന്ന മാരകായുധം
പ്രാണരക്ഷാര്‍ഥം നാടാകെ ഓടുന്ന ജനതയെ പട്ടിണിക്കിട്ട് കൂടിയാണ് ഇസ്രയേല്‍ കൊന്നൊടുക്കുന്നത്. ഗാസ ക്ഷാമത്തിന്റെ വക്കിലാണെന്ന് 2024 ഓഗസ്റ്റില്‍ തന്നെ യുഎന്നിന്റെ ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അഞ്ച് ലക്ഷത്തോളം പേര്‍ അതിഗുരുതര സാഹചര്യത്തിലായിരുന്നു. 10.7 ലക്ഷം പേര്‍ അടിയന്തര സാഹചര്യത്തിലായിരുന്നു. നാല് ലക്ഷത്തോളം പേര്‍ പ്രതിസന്ധി ഘട്ടത്തിലായിരുന്നു. രണ്ട് വര്‍ഷത്തിനിടെ 459 പേരാണ് പട്ടിണി മൂലം മരിച്ചത്. ഇവരില്‍ 154 പേര്‍ കുട്ടികളായിരുന്നു. കടുത്ത ഭക്ഷ്യക്ഷാമത്തിൻ്റെ പടുകുഴിയില്‍ തന്നെയാണ് ഗാസ. ഇസ്രയേൽ ആക്രമണം വീണ്ടും കടുപ്പിച്ചതോടെ യാതനയുടെ പാരമ്യത്തിലാണ് ഒരു ജനത. അവശ്യ മരുന്നുകളോ വെള്ളമോ ഭക്ഷണമോ പലയിടത്തും എത്തുന്നില്ല. ജനവാസ കെട്ടിടങ്ങളും ക്യാംപുകളും സഹായവിതരണ കേന്ദ്രങ്ങളുമൊക്കെയാണ് ഇസ്രയേല്‍ സേനയുടെ ഇപ്പോഴത്തെ ലക്ഷ്യം. സഹായ വിതരണക്കാരും, അത് വാങ്ങാന്‍ കാത്തുനില്‍ക്കുന്ന കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരും അവര്‍ക്ക് ഇരകളാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് സഹായവുമായെത്തുന്ന ട്രക്കുകളിലേറെയും ഇപ്പോഴും അതിര്‍ത്തിയിലുണ്ട്.
മാനസികാഘാതം എന്ന വെല്ലുവിളി
യുദ്ധവും പട്ടിണിയും ശരീരത്തിലെന്ന മനസിനും മുറിവേല്‍പ്പിക്കുന്നുണ്ട്. യുദ്ധവും പട്ടിണിയും ദുരിതവുമെല്ലാം അതിജീവിക്കുന്നവരിലെ മാനസികാഘാതം സമാനതകളില്ലാത്തതായിരിക്കും. സൈക്കോ, സോഷ്യല്‍ റഫറല്‍ സേവനങ്ങള്‍ കൃത്യമായി ലഭ്യമാകാത്തൊരു സാഹചര്യത്തില്‍, അതിജീവനം പോലും ക്ലേശകരമാകും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആരോഗ്യ പരിചരണ സംവിധാനങ്ങള്‍ക്കും പ്രവര്‍ത്തിക്കാനാവശ്യമായ സാങ്കേതിക, മെഡിക്കല്‍ സൗകര്യങ്ങള്‍ എത്രയും വേഗം ഒരുക്കേണ്ടതിന്റെ അനിവാര്യത പല ഏജന്‍സികളും അടിവരയിടുന്നുണ്ട്. 15,000ലധികം പേരെയെങ്കിലും പുറത്തെത്തിച്ച് കൃത്യമായ ചികിത്സ ലഭ്യമാക്കേണ്ടതുണ്ട്. ഇവരില്‍ 3,800 കുട്ടികളുമുണ്ട്. ഇവരെ സ്വീകരിക്കാനും, ചികിത്സ നല്‍കാനും കൂടുതല്‍ രാജ്യങ്ങള്‍ തയ്യാറാകണമെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാസയെന്ന മാലിന്യക്കൂന
യുദ്ധത്തില്‍ ബാക്കിയുള്ളത് ഗാസയെന്ന മാലിന്യക്കൂനയാണ്. ശുദ്ധമായ കുടിവെള്ളം ഇല്ലാത്ത, മലിനജന സംസ്കരണ സംവിധാനങ്ങള്‍ തകര്‍ന്ന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കാത്ത ഗാസ. ജലസ്രോതസ്സുകളെല്ലാം മലിനമാണ്. തീരദേശങ്ങളിലും മാലിന്യം നിറഞ്ഞു. യുഎന്‍ഇപി റിപ്പോര്‍ട്ട് പ്രകാരം, ഗാസയിലെ 97 ശതമാനം വ്യക്ഷവിളകളും, 95 ശതമാനം ഹരിതഗൃഹങ്ങളും, 82 ശതമാനം സീസണല്‍ വിളകളും നശിച്ചു. പ്രാദേശിക ഭക്ഷ്യ ഉത്പാദനം എന്നത് തീര്‍ത്തും അപ്രാപ്യമായി. രണ്ടര ലക്ഷം കെട്ടിടങ്ങളില്‍ 78 ശതമാനവും പൂര്‍ണമായും തകര്‍ക്കപ്പെട്ടു. 61 മില്യണ്‍ ടണ്‍ അവശിഷ്ടങ്ങളാണ് ഇതോടെ കുന്നുകൂടിയത്. കല്ലും സിമന്റും ആസ്ബെറ്റോസും തുടങ്ങി ലോഹങ്ങളും, രാസപദാര്‍ത്ഥങ്ങളും, ഇ മാലിന്യവുമെല്ലാം ഇത്തരത്തില്‍ അടിഞ്ഞുകൂടിയിട്ടുണ്ട്. വെള്ളവും, വായുവും, മണ്ണും എല്ലാം മലിനമാണ്. ജനങ്ങളുടെ ആരോഗ്യത്തിന് അത് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. കുട്ടികളെ അത് എങ്ങനെയൊക്കെ ബാധിക്കുമെന്നതിന് പഠനങ്ങളും ആവശ്യമായി വരും.
സൂപ്പര്‍നോവ മ്യൂസിക് ഫെസ്റ്റിവലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് മറുപടിയെന്നോണമാണ് ഇസ്രയേല്‍ ഗാസയെ ആക്രമിക്കുന്നത്. ഹമാസിനെതിരായ യുദ്ധം എന്ന പേരില്‍ ഇസ്രയേല്‍ തുടക്കമിട്ട സൈനിക നടപടി, രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം വംശഹത്യ മാത്രമാണ്. ഒരു രാജ്യം പതിറ്റാണ്ടുകള്‍കൊണ്ട് ആര്‍ജിച്ചെടുത്ത വികസനങ്ങളെയെല്ലാം പടിപടിയായി തകര്‍ത്തെറിഞ്ഞ്, ഒരു വംശത്തെ അപ്പാടെ തുടച്ചുനീക്കുകയാണ് ഇസ്രയേല്‍ ചെയ്യുന്നത്. ഇതിനിടെ, സമാധാന ശ്രമങ്ങളും ചര്‍ച്ചകളുമൊക്കെ പലതവണ തുടങ്ങിവച്ചെങ്കിലും ഒന്നിനും കൃത്യമായ ഫലം കൊണ്ടുവരാന്‍ സാധിച്ചില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുന്നതിന്റെ ചൂടാറും മുന്‍പേ, ആക്രമണം അഴിച്ചുവിട്ട് സമാധാനശ്രമങ്ങളെയാകെ തകിടംമറിക്കുന്നതാണ് ഇസ്രയേലിന്റെ പതിവ്.
ഏറ്റവുമൊടുവില്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാന പദ്ധതിയെ ഇസ്രയേലും, ഹമാസും സ്വാഗതം ചെയ്തിട്ടുണ്ട്. അപ്പോഴും, ഗാസയില്‍ ആക്രമണം ഒഴിഞ്ഞിട്ടില്ല. ലോകം ഇസ്രയേലിനെതിരെ ഒരുമിച്ചിട്ടുണ്ട് എന്നത് മാത്രമാണ് രണ്ട് വര്‍ഷത്തിനിപ്പുറം ഏക പ്രതീക്ഷ. അത് ഗാസയില്‍ സമാധാനം കൊണ്ടുവരുമോ എന്നാണ് അറിയേണ്ടത്. അത് സാധ്യമായാല്‍പ്പോലും, യുദ്ധക്കെടുതികളുടെ അനന്തരഫലം കാലങ്ങളോളം ഗാസ പേറേണ്ടിവരും. മാലിന്യക്കൂന മാത്രമായ ഒരു നഗരം പുതുജീവന്‍ പ്രാപിക്കാന്‍ പതിറ്റാണ്ടുകള്‍ പിന്നെയും കാത്തിരിക്കേണ്ടതായി വരും. അതിലേക്ക് കൂടിയാണ് ലോകം ശ്രദ്ധവയ്‌ക്കേണ്ടത്.