ഗാസ Source; X
WORLD

ഇസ്രയേൽ സൈന്യത്തെ പൂർണമായും പിൻവലിക്കണം, സ്ഥിരമായ വെടി നിർത്തൽ; ഉപാധികളുമായി ഹമാസ്

സ്ഥിരമായ വെടി നിർത്തൽ, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, ഗാസയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ തുടങ്ങിയവയാണ് മറ്റ് ഉപാധികൾ.

Author : ന്യൂസ് ഡെസ്ക്

കെയ്റോ; യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വച്ച നിർദേശങ്ങളിൽ ഉപാധികൾ വച്ച് ഹമാസ്. കെയ്റോയിൽ നടക്കുന്ന സമാധാന ചർച്ചയിലാണ് ഹമാസ് ആവശ്യങ്ങൾ അറിയിച്ചത്. ഇസ്രയേല്‍ സൈന്യം പൂര്‍ണമായും യുദ്ധത്തില്‍ നിന്ന് പിന്മാറണം എന്നതുൾപ്പെടെ ആറ് ഉപാധികളാണ് ഹമാസ് മുന്നോട്ട് വച്ചത്.

സ്ഥിരമായ വെടി നിർത്തൽ, നിയന്ത്രണങ്ങളില്ലാതെ സഹായം അനുവദിക്കണം, ജനങ്ങളെ ഗാസയിലേക്ക് തിരിച്ചെത്താന്‍ അനുവദിക്കണം, ഗാസയുടെ പുനർനിർമാണം, തടവുകാരുടെ കൈമാറ്റത്തിന് കൃത്യമായ കരാര്‍ തുടങ്ങിയവയാണ് മറ്റ് ഉപാധികൾ. ഹമാസ് വക്താവ് ഫൗസി ബര്‍ഹൂമാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.

അതേ സമയം ഹമാസ് ശേഷിക്കുന്ന എല്ലാ ബന്ദികളേയും തിരികെ നൽകുകയും, അധികാരം കൈമാറുകയും, നിരായുധരാകുകയും ചെയ്യുമ്പോൾ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ബന്ദികളെ മോചിപ്പിക്കുമെന്നും മറ്റ് പലസ്തീനികൾക്ക് അധികാരം കൈമാറാൻ തയ്യാറാണെന്നും ഹമാസ് നേരത്തേ തന്നെ പറഞ്ഞിട്ടുണ്ട്.

ഈജിപ്തിൻ്റെയും ഖത്തറിൻ്റെയും മധ്യസ്ഥതയിലാണ് സമാധാന ചർച്ച നടക്കുന്നത്. ആദ്യഘട്ട ചർച്ചകളിൽ ശുഭപ്രതീക്ഷ ഉണ്ടെന്നാണ് ഈജിപ്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ട് വച്ച ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട ചർച്ചയാണ് ഈജിപ്തിൽ ആരംഭിച്ചത്.

ചർച്ചകൾ ആരംഭിക്കുന്നതിന് മുൻപേ ഹമാസിന് അന്ത്യശാസനവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ഗാസയിലെ നിയന്ത്രണവും അധികാരവും വിട്ടുകൊടുക്കാൻ ഹമാസ് തയ്യാറായില്ലെങ്കിൽ തുടച്ചുനീക്കുമെന്നാണ് ട്രംപിൻ്റെ ഭീഷണി.

അതേസമയം, ആക്രമണം അവസാനിപ്പിക്കാൻ ട്രംപ് ആവശ്യപ്പെട്ടിട്ടും ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ട്രംപ് മുന്നോട്ടു വച്ച സമാധാന കരാറിനോട് ഹമാസ് അടുക്കുന്നതിനിടയില്‍ പ്രകോപനപരമായ പ്രസ്താവനകളാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നടത്തിയത്. ഹമാസിനെ ഏത് വിധേനയും നിരായുധീകരിക്കുമെന്ന് നെതന്യാഹു പറഞ്ഞു.

SCROLL FOR NEXT