സൗദിയിൽ ഹൂതി ആക്രമണം; 73 പേർ കൊല്ലപ്പെട്ടു 
WORLD

സൗദിയിൽ ഹൂതി ആക്രമണം; 73 പേർ കൊല്ലപ്പെട്ടു

ഹൂതിക്കെതിരെ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന്​ സൗദി വ്യക്​തമാക്കി.

Author : ന്യൂസ് ഡെസ്ക്

റിയാദ്: സൗദി അറേബ്യക്കെതിരെ യെമനിലെ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 73 പേർ കൊല്ലപ്പെട്ടു. അബ്ഹ, ഖമീസ് മുശൈത്, ജിസാൻ, നജ്റാൻ നഗരങ്ങളിലെ സിവിലിയൻ, സാമ്പത്തിക കേന്ദ്രങ്ങൾ​ ലക്ഷ്യമിട്ടാണ് ഹൂതി ആക്രമണം നടത്തിയത്​. ഇന്നലെ അർധരാത്രി മുതൽ പുലർച്ച വരെ​ ആക്രമണം നീണ്ടുനിന്നു​.

സൗദിയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമാണ് നടന്നതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി പറഞ്ഞു. സൗദി ദേശീയ വിഭവങ്ങൾ, സ്ഥാപനങ്ങൾ, സിവിലിയൻ കേന്ദ്രങ്ങൾ എന്നിവയ്ക്ക് മനഃപൂർവം നാശമുണ്ടാക്കുന്നതാണ് ആക്രമണങ്ങളെന്നും അദ്ദേഹം ആരോപിച്ചു.

സൗദിയുടെ പരമാധികാരം സംരക്ഷിക്കുന്നതിനും ദേശീയ ആസ്തികൾ കാത്തുസൂക്ഷിക്കുന്നതിനും പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ശക്തമായ പ്രതിരോധ നടപടികളുണ്ടാകുമെന്ന് അൽ മാലികി വ്യക്തമാക്കി. ഹൂതികളെ നിർവീര്യമാക്കുന്നതിനാവശ്യമായ നടപടികളും സ്വീകരിക്കുമെന്ന് സഖ്യസേനാ കമാൻഡ് വ്യക്തമാക്കി. ഹൂതികളുടെ ആക്രമണം മേഖലയിൽ സംഘർഷം കൂടുതൽ രൂക്ഷമാക്കുമെന്ന ആശങ്കക്കിടെയാണ് സൗദിയുടെ പുതിയ മുന്നറിയിപ്പ്.

SCROLL FOR NEXT