WORLD

വെനസ്വേലയിലെ സംഭവവികാസങ്ങൾ ആശങ്കാജനകമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവരുന്നത്.

Author : ശരത്‌ലാൽ ചിറ്റടിമംഗലത്ത്

ഡൽഹി: വെനസ്വേലയിലെ സംഭവവികാസങ്ങൾ വളരെയധികം ആശങ്കാജനകമാണെന്നും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. പ്രസിഡൻ്റ് നിക്കോളാസ് മഡൂറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സേന വെനസ്വേലയുടെ തലസ്ഥാനമായ കാരക്കാസിൽ നിന്ന് പിടികൂടിയതിന് ഒരു ദിവസത്തിന് ശേഷമാണ് ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവരുന്നത്.

"വെനസ്വേലയിലെ ജനങ്ങളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും ഇന്ത്യയുടെ പിന്തുണ വീണ്ടും ഉറപ്പാക്കുകയാണ്. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കിക്കൊണ്ട് സംഭാഷണത്തിലൂടെ സമാധാനപരമായി പ്രശ്നങ്ങൾ പരിഹരിക്കാൻ ബന്ധപ്പെട്ട എല്ലാവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു. കാരക്കാസിലെ ഇന്ത്യൻ എംബസി ഇന്ത്യൻ സമൂഹത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട് സാധ്യമായ എല്ലാ സഹായവും നൽകുന്നത് തുടരും," ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

മാസങ്ങൾ നീണ്ട ഭീഷണികൾക്കും സമ്മർദ്ദ തന്ത്രങ്ങൾക്കും ശേഷം ശനിയാഴ്ച യുഎസ് വെനസ്വേലയിൽ വ്യോമാക്രമണം നടത്തി ഇടതുപക്ഷ നേതാവ് മഡുറോയെ അട്ടിമറിച്ചിരുന്നു.

യുഎസ് ഓപ്പറേഷനോടെ മഡൂറോയുടെ 12 വർഷത്തെ തുടർഭരണത്തിനാണ് തിരശ്ശീല വീണത്. മഡൂറോയേയും ഭാര്യ സിലിയ ഫ്ലോറസിനെയും കസ്റ്റഡിയിലെടുത്ത യുഎസ് സൈന്യം അദ്ദേഹത്തെ വിചാരണ ചെയ്യാനായി ന്യൂയോർക്കിൽ എത്തിച്ചിട്ടുണ്ട്.

SCROLL FOR NEXT