ഇറാനില്‍ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ആറാം ദിനത്തില്‍. ഇതുവരെ ആറോളം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ നഗരങ്ങളിലേക്കു പ്രവിശ്യകളിലേക്കും പ്രക്ഷോഭം വ്യാപിക്കുകയാണ്. ഇറാനിലെ സമുന്നത സൈനിക വിഭാഗമായ വിപ്ലവ സംരക്ഷണ സേനാംഗങ്ങളും പ്രക്ഷോഭക്കാരും പലയിടത്തും ഏറ്റുമുട്ടി. ഇതിനിടെഇറാനില്‍ സമരം ചെയ്യുന്ന ജനങ്ങളെ കൊലപ്പെടുത്തിയാല്‍ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.എന്നാല്‍ യുഎസ് ഇടപെട്ടാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പ്രതികരിച്ചു.
ഇറാനിലെ ഭരണകൂട വിരുദ്ധ ജനകീയ പ്രക്ഷോഭം അതിശക്തമായി തുടരുകയാണ്. അടിച്ചമര്‍ത്താന്‍ സൈനിക സംവിധാനങ്ങള്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ നഗരങ്ങളിലേക്കും പ്രവിശ്യകളിലേക്കും പ്രക്ഷോഭം പടരുകയാണ്. ഇസ്ഫഹാനിലെ ഫൂലദ്ഷഹറില്‍ കൊല്ലപ്പെട്ട പ്രക്ഷോഭകന്‍ ദാരിയൂഷ് അന്‍സാരി ബക്തിയാര്‍വന്ദിന്റെ മൃതദേഹം സംസ്‌കരിച്ചു. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് ബക്തിയാര്‍വന്ദ് സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത്. കുഹ്ദാഷ്തില്‍ കൊല്ലപ്പെട്ട പ്രക്ഷോഭകന്‍ ആമീര്‍ ഹൊസെയ്‌നി ഖൊദായരി ഫര്‍ദിന്റെ സംസ്‌കാരച്ചടങ്ങില്‍ ഐആര്‍ജിസിക്കെതിരായ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. ഐആര്‍ജിസിയുടെ അര്‍ധസൈനിക വിഭാഗമായ ബസീജികള്‍ ഐഎസ് ആണെന്ന് മുദ്രാവാക്യമുയര്‍ന്നു.
ഇറാനിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കുന്നവരെ കൊലപ്പെടുത്തിയാല്‍ ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതോടെ ഇറാനിലെ ജനകീയ പ്രക്ഷോഭം കൂടതല്‍ അന്താരാഷ്ട്ര ശ്രദ്ധയിലേക്കെത്തി. അമേരിക്കന്‍ ഇടപെടല്‍ ഉണ്ടായാല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാനിയന്‍ അധികൃതര്‍ പ്രതികരിച്ചു. ഇറാന്റെ പരമോന്നത ദേശീയ പ്രതിരോധ സമിതിയുടെ സെക്രട്ടറി അലി ലാറിജാനി, സമിതിയംഗം അലി ഷംഖാനി തുടങ്ങിയവര്‍ ട്രംപിന്റെ പ്രസ്താവനയോട് എക്‌സില്‍ അതിരൂക്ഷമായി പ്രതികരിച്ചു.
ഇറാനിലെ പുണ്യ നഗരമായ ഖോമിലേക്കും പ്രക്ഷോഭം വ്യാപിച്ചിട്ടുണ്ട്. ഷിയാ പൗരോഹിത്യത്തിന്റെയും ഇസ്ലാമിക റിപ്പബ്ലിക്കിന്റെയും ശക്തിമേഖലയാണ് ഖോം. അതേസമയം എക്‌സ് അടക്കമുള്ള പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിക്കുന്ന പ്രക്ഷോഭ ദൃശ്യങ്ങള്‍ എഐ നിര്‍മിതമാണെന്ന് പരമോന്നത നേതാവ് അലി ഖമനയിയുടെ റസാവി ഖോരസാന്‍ പ്രവിശ്യാ പ്രതിനിധി അഹമ്ദ് അല്‍മൊല്‍ഹോദ ആരോപിച്ചു. അതേസമയം ഇറാനിലെ പ്രക്ഷോഭത്തില്‍ അന്താരാഷ്ട്ര പ്രതികരണങ്ങള്‍ ശക്തമായിട്ടുണ്ട്.