ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ഇറാന്‍ സുരക്ഷാ തലവന്‍ അലി ലാരിജാനി. തങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പ്രതികാരം വീട്ടുമെന്നും ലാരിജാനി ഞായറാഴ്ച പറഞ്ഞു.
"ഞങ്ങളുടെ നേതാവിന്റെയും ജനങ്ങളുടെയും രക്തത്തിന് പ്രതികാരം ചോദിച്ചുകൊണ്ടിരിക്കും. ട്രംപ് അതിന് വലിയ വില കൊടുക്കേണ്ടി വരും. ഉറപ്പായും കൊടുക്കുക തന്നെ ചെയ്യും," ഖമനേയിയുടെ അടുത്ത അനുയായി കൂടിയായ ലാരിജാനി എക്‌സില്‍ കുറിച്ചു.
ട്രംപിനെ മാത്രം അങ്ങനെ വെറുതെവിടില്ല. ചെയ്തതിനുള്ള കൂലി അദ്ദേഹത്തിന് കിട്ടുക തന്നെ ചെയ്യും. ഞങ്ങളുടെ നേതാവിനെ ട്രംപ് കൊലപ്പെടുത്തി. ആയിരക്കണക്കിന് ഇറാന്‍ ജനതയെ രക്തസാക്ഷികളാക്കി. ഇതൊരു ചെറിയ കാര്യമല്ലെന്നും ലാരിജാനി പറഞ്ഞു.
അതേസമയം ഭീഷണികളെ തള്ളിക്കളഞ്ഞ ട്രംപ് തനിക്ക് ലാരിജാനിയെ അറിയില്ലെന്നും പറഞ്ഞു. 'എന്തിനെക്കുറിച്ചാണ് അയാള്‍ പറയുന്നതെന്ന് എനിക്ക് അറിയില്ല. എനിക്ക് അതില്‍ ഒന്നും ഒരു ആശങ്കയുമില്ല,' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
അതേസമയം ഇറാനെതിരെ ആക്രമണം നടത്താന്‍ യുഎസ് അയല്‍രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഉപയോഗിക്കുന്നത് തടയണമെന്നും അതല്ലെങ്കില്‍ തങ്ങള്‍ക്ക് പിന്നെ മറ്റൊന്നും നോക്കാനില്ല, തങ്ങളുടെ നിലയ്ക്ക് പ്രതിരോധിക്കുമെന്നും ലാരിജാനി നേരത്തെ മറ്റൊരു എക്‌സ് പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ രാജ്യങ്ങളിലെ സൈനിക താവളങ്ങളില്‍ നിന്ന് ശത്രുക്കള്‍ ആക്രമിക്കുമ്പോള്‍ പ്രതികരിക്കുകയല്ലാതെ മറ്റൊരു വഴിയില്ലെന്നും ലാരിജാനി പറഞ്ഞിരുന്നു.