Image: X
WORLD

ഊര്‍ജനിലയങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടക്കും; യുഎസിന് മുന്നറിയിപ്പുമായി ഇറാന്‍

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് മുന്നറിയിപ്പ് നല്‍കിയിരുന്നു

Author : ന്യൂസ് ഡെസ്ക്

യുഎസിന് ശക്തമായ മുന്നറിയിപ്പുമായി ഇറാന്‍. രാജ്യത്തെ ഊര്‍ജനിലയങ്ങള്‍ ലക്ഷ്യമിട്ട് യുഎസ് ആക്രമണം തുടര്‍ന്നാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടക്കുമെന്നാണ് ഇറാന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്.

48 മണിക്കൂറിനുള്ളില്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായും തുറക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന് കര്‍ശന മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്തപക്ഷം ഇറാന്റെ ഏറ്റവും വലിയ പവര്‍ പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ കേന്ദ്രങ്ങള്‍ തകര്‍ക്കുമെന്നാണ് ട്രംപിന്റെ ഭീഷണി.

എന്നാല്‍, ഇറാന്റെ ഊര്‍ജ്ജ നിലയങ്ങള്‍ യുഎസ് ആക്രമിച്ചാല്‍, മറുപടിയായി മേഖലയിലെ അമേരിക്കന്‍-ഇസ്രായേല്‍ ഉടമസ്ഥതയിലുള്ള ഐടി, ഊര്‍ജ്ജ, കുടിവെള്ള പ്ലാന്റുകള്‍ തകര്‍ക്കുമെന്ന് ഇറാന്റെ 'ഖാത്തം അല്‍-അന്‍ബിയ' മിലിട്ടറി കമാന്‍ഡ് പ്രഖ്യാപിച്ചു.

നിലവില്‍ ഇറാന്റെ ശത്രുക്കള്‍ക്ക് മാത്രമാണ് ഹോര്‍മുസ് കടലിടുക്ക് അടച്ചതെന്നാണ് ഇറാന്‍ പറയുന്നത്. എന്നാല്‍, ഇറാന്റെ ഊര്‍ജനിലയങ്ങള്‍ ലക്ഷ്യം വെച്ചാല്‍ കടലിടുക്ക് പൂര്‍ണമായും അടക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മാത്രമല്ല, തകര്‍ന്ന ഊര്‍ജനിലയങ്ങള്‍ പുനര്‍നിര്‍മിക്കുന്നതു വരെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ലെന്നും ഇറാന്‍ വ്യക്തമാക്കി.

ഇറാന്റെ ഊര്‍ജ്ജ നിലയങ്ങളെ ലക്ഷ്യം വെച്ചാല്‍, ഇസ്രായേലിന്റെയും മേഖലയിലെ മറ്റ് യുഎസ് സഖ്യകക്ഷികളുടെയും സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്നും ഇറാന്‍ സൈന്യം മുന്നറിയിപ്പ് നല്‍കി. രാജ്യത്തെയും ജനങ്ങളുടെ താല്‍പ്പര്യങ്ങളെയും സംരക്ഷിക്കുന്നതിനായുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് ഇറാന്റെ വാദം.

ലോകത്തെ ക്രൂഡ് ഓയില്‍, ദ്രവീകൃത പ്രകൃതിവാതകം എന്നിവയുടെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് നിലവില്‍ ഏകദേശം നിശ്ചലമായ അവസ്ഥയിലാണ്. യുദ്ധം തുടങ്ങുന്നതിന് മുന്‍പുള്ളതിന്റെ വെറും 5 ശതമാനം കപ്പലുകള്‍ മാത്രമാണ് ഇപ്പോള്‍ ഇതുവഴി കടന്നുപോകുന്നത്.

ഇതിനിടയില്‍, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനും ഇറാന്‍ ഭരണകൂടം ആലോചിക്കുന്നതായും വാര്‍ത്തകളുണ്ട്. കടലിടുക്കിലെ കപ്പല്‍ ഗതാഗതം ഇനി ഒരിക്കലും പഴയ നിലയിലേക്ക് മടങ്ങില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് പ്രസ്താവിച്ചിട്ടുണ്ട്.

SCROLL FOR NEXT