ടെഹ്റാൻ: ഇറാനിൽ ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം കൊടുമ്പിരി കൊള്ളുകയാണ്. നഗരങ്ങളിൽ സംഘർഷ സാഹചര്യമാണ് നിലനിൽക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സർക്കാരിന് മുന്നറിയിപ്പുമായി ഇറാനിയൻ എംപി മുഹമ്മദ്‌റെസ സബാഗിയാൻ പ്രതികരിച്ചു. "ജനങ്ങളുടെ പരാതികൾ പരിഹരിച്ചില്ലെങ്കിൽ ഇതിലും വലിയ പ്രതിഷേധങ്ങൾ നേരിടേണ്ടി വരും" എന്നായിരുന്നു എംപിയുടെ മുന്നറിയിപ്പ്.
"ഒരു കാര്യം നാം മറക്കരുത് ആളുകൾക്ക് അസംതൃപ്തികളുണ്ട്, സർക്കാരിനും ഉദ്യോഗസ്ഥർക്കും അവ പരിഹരിക്കേണ്ട ചുമതലയുണ്ട്. അല്ലാത്തപക്ഷം ഇതേ സംഭവങ്ങൾ കൂടുതൽ തീവ്രതയോടെ ആവർത്തിക്കും." മധ്യ യാസ്ദ് പ്രവിശ്യയിലെ നിരവധി കൗണ്ടികളെ പ്രതിനിധീകരിക്കുന്ന എംപിയായ മുഹമ്മദ്‌റെസ സബാഗിയാൻ പാർലമെന്റ് സമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധങ്ങൾ ഇനിയും തീവ്രമാകും. രാജ്യത്ത് വലിയ അശാന്തിയുണ്ടാകുമെന്നും ഇറാനിയൻ എംപി മുന്നറിയിപ്പ് നൽകി.
അതിനിടെ ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്തെത്തി. ഉടനടി നടപടി പ്രാബല്യത്തിൽ വരുമെന്നും ട്രംപ് പറഞ്ഞു . ഉത്തരവ് അന്തിമവും നിർണായകവുമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു. ട്രൂത്ത് സോഷ്യൽ വഴിയായിരുന്നു ട്രംപിൻ്റെ പ്രഖ്യാപനം. ചൈന,തുർക്കി, യുഎഇ, ഇറാഖ് എന്നീ രാജ്യങ്ങളാണ് പ്രധാനമായും ഇറാനുമായി അടുത്ത വ്യാപാരബന്ധം പുലർത്തുന്ന രാജ്യങ്ങൾ. ഇറാനെതിരെ ശക്തമായ സൈനിക നീക്കത്തിന് യുഎസ് തയ്യാറെടുക്കുന്നതായി ട്രംപ് വിശദമാക്കിയതിന് പിന്നാലെയാണ് പുതിയ തീരുമാനം.
അതേ സമയം ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്ന ഇറാനില്‍ അറസ്റ്റ് ചെയ്ത പ്രതിഷേധക്കാരില്‍ ഒരാളുടെ വധശിക്ഷ നടപ്പാക്കാനൊരുങ്ങുന്നതായും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ടെഹ്‌റാനില്‍ നിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റ് ചെയ്ത 26 വയസുകാരനായ ഇര്‍ഫാന്‍ സുല്‍ത്താനിയുടെ വധശിക്ഷയാണ് ഇറാന്‍ നടപ്പാക്കാനാരൊങ്ങുന്നത്. ആദ്യമായാണ് ഇറാന്‍ ഭരണകൂടം നേരിട്ട് വധശിക്ഷ നടപ്പിലാക്കുന്നത്. കൃത്യമായ വിചാരണ പോലും നടത്താതെയാണ് മരണശിക്ഷ വിധിക്കുന്നതെന്ന ആക്ഷേപം ഉയരുന്നുണ്ട്. പ്രക്ഷോഭങ്ങളെ നേരിടുന്നതിനായി ഭരണകൂടം നിരവധിപ്പേരെ അറസ്റ്റ് ചെയ്തതായും സൈന്യവുമായുള്ള സംഘർഷത്തിൽ ഏറെപ്പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്.