Source; X
WORLD

ആരാണ് പറഞ്ഞത് ഇസ്രയേലിന്റെ പ്രേരണയുണ്ടെന്ന്? ഇറാന്‍ യുദ്ധത്തെ കുറിച്ച് ട്രംപ്

ഇറാനുമായി യുദ്ധത്തിന് ഇസ്രയേല്‍ ഒരിക്കലും തന്നോട് ആവശ്യപ്പെട്ടിട്ടില്ല

Author : ന്യൂസ് ഡെസ്ക്

ഇറാനുമായുള്ള യുദ്ധത്തിന് ഇസ്രയേലിന്റെ പ്രേരണ ഉണ്ടായിരുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. പുതിയ പോസ്റ്റില്‍ പ്രധാനമായും നാല് കാര്യങ്ങളാണ് ട്രംപ് വ്യക്തമാക്കിയത്.

ഇറാനുമായി യുദ്ധത്തിന് ഇസ്രയേല്‍ ഒരിക്കലും തന്നോട് ആവശ്യപ്പെട്ടിട്ടില്ല. ഒക്ടോബര്‍ 7-ന് ഇസ്രായേലില്‍ നടന്ന ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് തന്റെ നിലപാട് കൂടുതല്‍ കര്‍ക്കശമായതെന്നും ട്രംപ് പറയുന്നു.

ഇറാന്‍ ഒരിക്കലും ആണവായുധം കൈവശം വെക്കാന്‍ പാടില്ലെന്നാണ് തന്റെ നിലപാട്. ഇത് തന്റെ ജീവിതകാലം മുഴുവനുമുള്ള നിലപാടാണ്. ഒക്ടോബര്‍ 7-ലെ സംഭവങ്ങള്‍ ആ വിശ്വാസത്തെ കൂടുതല്‍ ബലപ്പെടുത്തിയെന്നും ട്രംപ് വ്യക്തമാക്കി.

ട്രംപിനെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണെന്ന് മുന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

മാധ്യമങ്ങള്‍ക്കെതിരേയും ട്രംപ് രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. മാധ്യമങ്ങള്‍ പറയുന്നത് 90 ശതമാനവും നുണയാണെന്നും, 2020-ലെ യുഎസ് തെരഞ്ഞെടുപ്പ് പോലെ തന്നെ നിലവിലെ പോളുകളും കൃത്രിമമാണെന്നും അദ്ദേഹം ആരോപിക്കുന്നു.

ഇറാനില്‍ ഭരണമാറ്റം എന്ന ആശയവും ട്രംപ് മുന്നോട്ടുവെക്കുന്നുണ്ട്. വെനസ്വേലയിലെ രാഷ്ട്രീയ മാറ്റങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ സംസാരിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെങ്കിലും അവിടെയുണ്ടായ മാറ്റങ്ങള്‍ പോലെ ഇറാന്റെ കാര്യത്തിലും അത്ഭുത ഫലങ്ങള്‍ ഉണ്ടാകും. ഇറാന്റെ പുതിയ നേതാക്കള്‍ വിവേകത്തോടെ പ്രവര്‍ത്തിച്ചാല്‍ ആ രാജ്യത്തിന് വലിയ പുരോഗതിയും സമ്പന്നമായ ഭാവിയുമുണ്ടാകുമെന്നുമാണ് ട്രംപ് പറയുന്നത്.

അതേസമയം, സമാധാന ചര്‍ച്ചകള്‍ക്കായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഇഷാഖ് ദര്‍ ഫോണില്‍ സംസാരിച്ചതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതാവസ്ഥ തുടരുന്നതിനിടയിലുള്ള ടെലിഫോണ്‍ ചര്‍ച്ച പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

ഇതിനിടയില്‍ ഇറാനുമായി പുതിയ കരാറില്‍ ഇന്ന് ഒപ്പിടുമെന്ന് ട്രംപ് പറഞ്ഞതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഫോക്‌സ് ന്യൂസിനോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തിലുള്ള ഉന്നതതല യുഎസ് സംഘം ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനിലേക്ക് പോയതായി ട്രംപ് ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തിലും പറഞ്ഞിരുന്നു.

SCROLL FOR NEXT