യുവാക്കളെ കൊലപ്പെടുത്തുന്ന ദൃശ്യം Source: X
WORLD

"പൂർണമായ യുദ്ധക്കുറ്റം"; വെസ്റ്റ്‌ബാങ്കിൽ കീഴടങ്ങാൻ ശ്രമിച്ച പലസ്തീനികളെ വെടിവച്ച് കൊന്ന് ഇസ്രയേലി ബോർഡർ പൊലീസ്; പ്രതിഷേധം ശക്തം

ഭീകരാക്രമണ കേസിൽ ഇസ്രയേൽ തേടുന്ന യുവാക്കളെയാണ് കീഴടങ്ങുന്നതിനിടെ വെടിവച്ച് കൊന്നത്

Author : ന്യൂസ് ഡെസ്ക്

വെസ്റ്റ്ബാങ്ക്: അധിനിവേശ വെസ്റ്റ് ബാങ്കിൽ കീഴടങ്ങാൻ ശ്രമിച്ച പലസ്തീനികളെ വെടിവച്ച് കൊന്ന് ഇസ്രയേലി ബോർഡർ പൊലീസ്. ഭീകരാക്രമണ കേസിൽ ഇസ്രയേൽ തേടുന്ന യുവാക്കളെയാണ് കീഴടങ്ങുന്നതിനിടെ വെടിവച്ച് കൊന്നത്. വെസ്റ്റ്ബാങ്കിലെ ജെനിനിൽ ഇന്നലെയാണ് സംഭവം. ഇതിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ ഇസ്രയലി പൊലീസും ഐഡിഎഫും അന്വേഷണം പ്രഖ്യാപിച്ചു.

പലസ്തീൻ അതോറിറ്റി "പൂർണമായ യുദ്ധക്കുറ്റം" എന്നാണ് കൃത്യത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. 26കാരനായ മഹ്‌മൂദ് ഖാസ്സെം അബ്ദല്ല, 37 കാരനായ യൂസെഫ് അസാസ എന്നിവരാണ് കൊല്ലപ്പെട്ടത്. ജെനിനിൽ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഇരുവരുമുണ്ടായിരുന്ന കെട്ടിടം പൊലീസ് വളയുകയായിരുന്നു.

പൊലീസ് കെട്ടിടം വളഞ്ഞെന്ന് മനസിലായതോടെ കീഴടങ്ങുകയാണെന്ന് സൂചന നൽകി കൈകൾ ഉയർത്തിക്കൊണ്ട് ഇരുവരും പുറത്തു വന്നു. എന്നാൽ ഇസ്രയേലി ബോർഡർ പൊലീസ് ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.

പുറത്തുവന്നവർ വീണ്ടും കെട്ടിടത്തിലേക്ക് തിരികെ പോകാൻ ശ്രമിച്ചപ്പോഴാണ് വെടിവെച്ചതെന്നാണ് ബോർഡർ പൊലീസിന്‍റെ വിശദീകരണം. സംഭവത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധമുയരുന്നുണ്ട്. അതേസമയം പൊലീസിന്‍റെ നടപടിയെ ഇസ്രയേൽ ദേശീയ സുരക്ഷാ മന്ത്രി പിന്തുണച്ചു.

SCROLL FOR NEXT