Jeffrey Epstein Death: Dr. Michael Freeman's New 3D Forensic Study Flags Investigation Lapses News Malayalam
WORLD

ജെഫ്രി എപ്സ്റ്റീൻ കൊല്ലപ്പെട്ടതോ?: ഏഴുവര്‍ഷത്തിന് ശേഷം പുറത്തുവരുന്ന തെളിവുകള്‍

3D ബയോമെക്കാനിക്കൽ മോഡലുകളുടെ സഹായത്തോടെ നാല് പ്രധാന ഫോറൻസിക് പൊരുത്തക്കേടുകളാണ് ഡോ. ഫ്രീമാൻ മുന്നോട്ടുവെക്കുന്നത്. സാധാരണ തൂങ്ങിമരണങ്ങളിൽ കാണപ്പെടുന്നതുപോലെ കഴുത്തിലെ പാട് മിനുസമുള്ളതായിരുന്നില്ലെന്നും മറിച്ച് മുൻഭാഗത്ത് ഇടവിട്ടതും ക്രമരഹിതവുമായ പാടുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

Author : ന്യൂസ് ഡെസ്ക്

ലണ്ടന്‍: 2019 ഓഗസ്റ്റ് 10-ന് ന്യൂയോർക്കിലെ അതീവ സുരക്ഷയുള്ള ഫെഡറൽ ജയിലിൽ വെച്ച് ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീൻ ജീവനൊടുക്കിയെന്ന ഔദ്യോഗിക നിഗമനത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രമുഖ ഫോറൻസിക് ശാസ്ത്രജ്ഞൻ ഡോ. മൈക്കൽ ഫ്രീമാൻ പുതിയ പഠനവുമായി രംഗത്ത്. നവംബർ 16-ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളേജ് ലണ്ടനിൽ വെച്ചാണ് അദ്ദേഹം തന്റെ കണ്ടെത്തലുകൾ അവതരിപ്പിച്ചത്. ലണ്ടനിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിൽ ഫോറൻസിക് മെഡിസിൻ വിഭാഗം മുൻ അധ്യക്ഷനും ജേണൽ ഓഫ് ഫോറൻസിക് ആൻഡ് ലീഗൽ മെഡിസിന്റെ എഡിറ്റർ-ഇൻ-ചീഫുമായ ഡോ. ഫ്രീമാൻ, സ്വീഡിഷ് ഫോറൻസിക് പതോളജിസ്റ്റ് ആൻഡേഴ്സ് എറിക്സൺ, കോഗ്നിറ്റീവ് ന്യൂറോ സയന്റിസ്റ്റ് ഇറ്റിയെൽ ഡ്രോർ എന്നിവരുമായി ചേർന്ന് ഒരു വർഷത്തോളം നടത്തിയ പഠന റിപ്പോർട്ടാണ് പുറത്തുവിട്ടത്. എപ്സ്റ്റീന്റെ സഹോദരൻ കൈമാറിയ, ഇതുവരെ പൊതുജനങ്ങൾ കണ്ടിട്ടില്ലാത്ത പോസ്റ്റ്മോർട്ടം ചിത്രങ്ങളും മെഡിക്കൽ രേഖകളുമാണ് സംഘം പരിശോധിച്ചത്. എപ്സ്റ്റീനെ ആരാണ് കൊന്നതെന്ന് തനിക്കറിയില്ലെന്നും അന്വേഷണത്തിൽ എന്തുകൊണ്ടാണ് ഇത്ര വലിയ പിഴവുകൾ വന്നതെന്നാണ് താൻ പരിശോധിച്ചതെന്നും ഫ്രീമാൻ ന്യൂയോർക്ക് ടൈംസിനോട് പ്രതികരിച്ചു.

3D ബയോമെക്കാനിക്കൽ മോഡലുകളുടെ സഹായത്തോടെ നാല് പ്രധാന ഫോറൻസിക് പൊരുത്തക്കേടുകളാണ് ഡോ. ഫ്രീമാൻ മുന്നോട്ടുവെക്കുന്നത്. സാധാരണ തൂങ്ങിമരണങ്ങളിൽ കാണപ്പെടുന്നതുപോലെ കഴുത്തിലെ പാട് മിനുസമുള്ളതായിരുന്നില്ലെന്നും മറിച്ച് മുൻഭാഗത്ത് ഇടവിട്ടതും ക്രമരഹിതവുമായ പാടുകളാണുണ്ടായിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കഴുത്തിന് പിറകിൽ താഴെയായി അസാധാരണമായ ഒരു മുറിവുമുണ്ടായിരുന്നു. എപ്സ്റ്റീന്റെ മൃതദേഹം കിടന്നിരുന്ന സെല്ലിൽ കീറിയ ഓറഞ്ച് നിറത്തിലുള്ള തുണികൾ കൂട്ടിയിട്ടിരുന്നുവെന്നും, അതിലൊന്നിൽ കണ്ട കെട്ടുകളാണ് കഴുത്തിലെ പാടുമായി യോജിക്കുന്നതെന്നും ഫ്രീമാൻ വിലയിരുത്തുന്നു. ജയിലിൽ നിന്ന് കണ്ടെത്തിയ കുരുക്കിന് പകരം ഈ ഓറഞ്ച് തുണി ഉപയോഗിച്ച് പിറകിൽ നിന്ന് കഴുത്തുഞെരിച്ചതാകാമെന്നും, എന്നാൽ ഈ തുണി മെഡിക്കൽ എക്സാമിനർക്ക് പരിശോധിക്കാൻ കൈമാറിയിരുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

കഴുത്തിലെ പാടിന് മുകളിലായി നഖം കൊണ്ടുള്ള പോറലുകളുണ്ടായിരുന്നുവെന്നും കഴുത്തിൽ മുറുകിയത് പിടിച്ചുമാറ്റാൻ എപ്സ്റ്റീൻ ശ്രമിച്ചതിന്റെ ലക്ഷണമാകാം അതെന്നും ഫ്രീമാൻ കരുതുന്നു. എന്നാൽ നഖങ്ങൾക്കിടയിൽ മറ്റാരുടെയെങ്കിലും ഡി.എൻ.എ ഉണ്ടോ എന്ന് അന്വേഷകർ പരിശോധിച്ചില്ല. ഇതിന് പുറമെ, ഇടത് തോളിലെ പേശികൾക്കുള്ളിൽ ആഴത്തിലുള്ള രക്തസ്രാവവും മുഖത്തും പുറത്തും അടിയേറ്റതിന്റെ ലക്ഷണങ്ങളുമുണ്ടായിരുന്നുവെന്നും പഠനം പറയുന്നു. മൃതദേഹത്തിന്റെ പിൻഭാഗം നിലത്തുനിന്ന് വെറും ഒരിഞ്ച് ഉയരത്തിലാണ് തൂങ്ങിക്കിടന്നതെന്ന ജയിൽ ജീവനക്കാരന്റെ മൊഴി അടിസ്ഥാനമാക്കി എപ്സ്റ്റീന്റെ ശരീരപ്രകൃതിക്കൊത്ത 3D മോഡൽ തയ്യാറാക്കിയപ്പോൾ, തോളിലെയും പുറത്തെയും പരിക്കുകൾ ഒരിക്കലും തൂങ്ങിമരണത്തിലൂടെ ഉണ്ടാകില്ലെന്നാണ് ഫ്രീമാന്റെ വാദം.

എപ്സ്റ്റീൻ മരിച്ച രാത്രിയിൽ ജയിലിൽ ഗുരുതരമായ സുരക്ഷാ വീഴ്ചകളുണ്ടായതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കൂട്ടിന് ഒരാളെ നിർത്തണമെന്ന നിർദ്ദേശം പാലിക്കാതെ അദ്ദേഹത്തെ മണിക്കൂറുകളോളം തനിച്ചാക്കിയതും സി.സി.ടി.വി ക്യാമറകൾ പ്രവർത്തിക്കാതിരുന്നതും സെല്ലിൽ അധികമായി തുണികൾ കൂട്ടിയിട്ടതും വലിയ വിവാദമായിരുന്നു. മൃതദേഹം ആദ്യം കണ്ട ജയിൽ ജീവനക്കാരനെ ഫെഡറൽ അന്വേഷകർ ചോദ്യം ചെയ്തത് രണ്ട് വർഷത്തിന് ശേഷവും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിയെടുത്തത് മൂന്ന് വർഷത്തിന് ശേഷവുമാണെന്നതും ശ്രദ്ധേയമാണ്. എന്നാൽ 2019 ഓഗസ്റ്റ് 11-ന് പോസ്റ്റ്മോർട്ടം നടത്തിയ ന്യൂയോർക്ക് ചീഫ് മെഡിക്കൽ എക്സാമിനറുടെ ഓഫീസ് ഇപ്പോഴും തങ്ങളുടെ ആത്മഹത്യാ വിധിയിൽ ഉറച്ചുനിൽക്കുകയാണ്. ഒരു കൊലപാതകമോ പിടിവലിയോ നടന്നിരുന്നെങ്കിൽ കൈകളിൽ കാണേണ്ട പ്രതിരോധ മുറിവുകളോ ഒടിഞ്ഞ നഖങ്ങളോ ഉണ്ടായിരുന്നില്ല എന്നാണ് അവരുടെ വിശദീകരണം. മാത്രമല്ല, ഫ്രീമാന്റെ പഠനം ഇതുവരെ ശാസ്ത്രീയമായ 'പിയർ-റിവ്യൂ' പൂർത്തിയാക്കിയിട്ടില്ലെന്നും ഒരു അക്കാദമിക് ജേണൽ ഇത് പ്രസിദ്ധീകരിക്കാൻ വിസമ്മതിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

അടുത്തിടെ യുഎസ് കോൺഗ്രസ് പാസാക്കിയ നിയമപ്രകാരം നീതിന്യായ വകുപ്പ് എപ്സ്റ്റീനുമായി ബന്ധപ്പെട്ട ദശലക്ഷക്കണക്കിന് രേഖകളും ഫോട്ടോകളും പുറത്തുവിട്ടിരുന്നു. ലോകത്തെ പ്രമുഖരുമായുള്ള ബന്ധങ്ങൾ ഈ രേഖകൾ വെളിപ്പെടുത്തിയെങ്കിലും വലിയൊരു 'ക്ലയന്റ് ലിസ്റ്റ്' സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. ജൂണിൽ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട റിപ്പോർട്ടിൽ, എപ്സ്റ്റീൻ ജയിലിൽ സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പുകൾ അദ്ദേഹം ജീവനൊടുക്കാൻ തയ്യാറെടുത്തിരുന്നു എന്നതിന്റെ സൂചന നൽകുന്നുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ലഭ്യമായ മെഡിക്കൽ തെളിവുകൾ മാത്രം വെച്ച് മരണകാരണം നൂറു ശതമാനം ഉറപ്പിക്കാൻ പ്രയാസമാണെന്നാണ് ഭൂരിഭാഗം ഫോറൻസിക് വിദഗ്ദ്ധരുടെയും നിലപാട്. കേസ് വീണ്ടും അന്വേഷിക്കാൻ ഫെഡറൽ ഏജൻസികൾ തീരുമാനിച്ചിട്ടില്ലെങ്കിലും, ഡോ. ഫ്രീമാൻ ഉയർത്തിയ ചോദ്യങ്ങൾ ഈ കേസിലെ അന്വേഷണ വീഴ്ചകളിലേക്ക് വീണ്ടും വിരൽചൂണ്ടുകയാണ്.

SCROLL FOR NEXT