ന്യൂഡല്‍ഹി: ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് ഓരോ ദിവസവും പുറത്തുവരുന്നത് ഞെട്ടിക്കുന്നതും അസ്വസ്ഥതയുണ്ടാക്കുന്നതുമായ വിവരങ്ങള്‍. 2019 ല്‍ ന്യൂയോര്‍ക്കിലെ ജയിലില്‍ വിചാര കാത്തിരിക്കുന്നതിനിടയിലാണ് എപ്സ്റ്റീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
സ്വന്തം ഡിഎന്‍എ ഉപയോഗിച്ച് 'സൂപ്പര്‍ റേസ്' (അതിമാനുഷിക വംശം) സൃഷ്ടിക്കാന്‍ എപ്സ്റ്റീന്‍ പദ്ധതിയിട്ടിരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനായി തന്റെ സമ്പാദ്യവും സ്വാധീനവും മുഴുവന്‍ ഉപയോഗിക്കാനും അയാള്‍ തീരുമാനിച്ചിരുന്നു.
ന്യൂമെക്‌സിക്കോയിലെ തന്റെ ഫാമില്‍ സ്ത്രീകളെ താമസിപ്പിച്ച് ഗര്‍ഭിണികളാക്കണമെന്ന് എപ്സ്റ്റീന്‍ ശാസ്ത്രജ്ഞരോടും മറ്റും വെളിപ്പെടുത്തിയിരുന്നു. ഇതിനെ 'ബേബി റാഞ്ച്' എന്ന് വിശേഷിപ്പിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് അനുസരിച്ച്, തന്റെ ബീജം സ്വീകരിച്ച് ഒരേസമയം നിരവധി സ്ത്രീകള്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന കേന്ദ്രമായി ഫാമിനെ എപ്സ്റ്റീന്‍ വിഭാവനം ചെയ്തു. എന്നാല്‍ ഈ പദ്ധതി നടപ്പിലാക്കിയതിന് തെളിവുകളൊന്നുമില്ല.
ജനിതക എഞ്ചിനീയറിങ്ങിലൂടെയും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെയും മനുഷ്യന്റെ കഴിവുകള്‍ വര്‍ധിപ്പിക്കാമെന്ന് വിശ്വസിക്കുന്ന 'ട്രാന്‍സ്ഹ്യൂമനിസം' എന്ന ആശയത്തിലായിരുന്നു എപ്സ്റ്റീന്റെ താല്പര്യം. മുന്‍കാലങ്ങളില്‍ നാസികള്‍ ഉപയോഗിച്ചിരുന്ന 'യൂജെനിക്‌സ്' (ഗുണമേന്മയുള്ള തലമുറയെ സൃഷ്ടിക്കാനുള്ള പ്രജനന രീതി) എന്ന വിവാദ ആശയത്തോടാണ് വിമര്‍ശകര്‍ ഇതിനെ ഉപമിക്കുന്നത്.
ലോകപ്രശസ്തരായ ശാസ്ത്രജ്ഞരുമായും എപ്സ്റ്റീന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നോബല്‍ ജേതാവായ മുറെ ഗെല്‍മാന്‍, സ്റ്റീഫന്‍ ഹോക്കിങ്‌സ്, സ്റ്റീഫന്‍ ജേ ഗോള്‍ഡ് തുടങ്ങിയ പ്രമുഖര്‍ എപ്സ്റ്റീന്റെ അതിഥികളായി എത്തിയിരുന്നു. കോണ്‍ഫറന്‍സുകള്‍ക്കും ഗവേഷണങ്ങള്‍ക്കും വന്‍തോതില്‍ സാമ്പത്തിക സഹായം നല്‍കിയാണ് ശാസ്ത്രജ്ഞരെ എപ്സ്റ്റീന്‍ ആകര്‍ഷിച്ചത്.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയിലെ പ്രോഗ്രാം ഫോര്‍ എവല്യൂഷണറി ഡൈനാമിക്‌സ് സ്ഥാപിക്കാന്‍ 6.5 മില്യണ്‍ ഡോളറാണ് എപ്സ്റ്റീന്‍ നല്‍കിയത്. തന്റെ സ്വകാര്യ ദ്വീപുകളില്‍ ശാസ്ത്രജ്ഞര്‍ക്കായി വിരുന്നുകള്‍ ഒരുക്കുകയും അവര്‍ക്കായി അന്തര്‍വാഹിനികള്‍ വരെ വാടകയ്ക്ക് എടുക്കുകയും ചെയ്തിരുന്നു.
പുനര്‍ജന്മം സാധ്യമാകുമെന്ന് വിശ്വസിച്ച് മരണശേഷം ശരീരം മരവിപ്പിച്ചു സൂക്ഷിക്കുന്ന 'ക്രയോണിക്‌സ്' രീതിയിലും എപ്സ്റ്റീന് താല്പര്യമുണ്ടായിരുന്നു. തലയും ലിംഗവും പ്രത്യേകം സംരക്ഷിക്കണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.