രണ്ട് സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 700 കിലോമീറ്റർ വേഗത കൈവരിക്കുന്ന മാഗ്ലെവ് ട്രെയിനുമായി പുതിയ ലോക റെക്കോർഡ് സ്ഥാപിച്ച് ചൈന. ചൈനയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് ഡിഫൻസ് ടെക്‌നോളജിയിലെ ഗവേഷകരാണ് പരീക്ഷണം നടത്തി അവിശ്വസനീയമായ വേഗത കൈവരിക്കുന്ന മാഗ്ലെവ് ട്രെയിൻ യാഥാർഥ്യമാക്കിയിരിക്കുന്നത്.
400 മീറ്റർ മാഗ്ലെവ് ട്രാക്കിലായിരുന്നു ട്രെയിനിൻ്റെ പരീക്ഷണം. ആ വേഗതയിലെത്തിയ ശേഷം ട്രെയിൻ സുരക്ഷിതമായി നിർത്തിയതോടെ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വേഗതയേറിയ സൂപ്പർകണ്ടക്റ്റിംഗ് ഇലക്ട്രിക് മാഗ്ലെവ് ട്രെയിനായി ഇത് മാറി.
നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്തത്ര വേഗത്തിൽ നേർത്ത മൂടൽമഞ്ഞുപോലെ ഒരു പാത മാത്രമാണ് ട്രെയിൻ കടന്നുപോയ ശേഷം കാണാനാവുക. സൂപ്പർകണ്ടക്റ്റിംഗ് കാന്തങ്ങൾ ഉപയോഗിച്ച് പാളങ്ങളിൽ തൊടാതെ ട്രാക്കിനു മുകളിലൂടെ അതിവേഗത്തിൽ മുന്നോട്ട് തള്ളുന്ന സാങ്കേതിക വിദ്യയാണിതിൻ്റേത്. മിനിറ്റുകൾക്കുള്ളിൽ ദീർഘദൂര നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കാൻ കഴിയുമെന്നതാണ് ഇതിൻ്റെ ഏറ്റവും വലിയ പ്രത്യേകത.
ഈ വർഷം ആദ്യം, ജനുവരിയിൽ, ഇതേ ട്രാക്കിൽ ട്രെയിൻ പരീക്ഷിക്കുകയും അത് മണിക്കൂറിൽ 648 കിലോമീറ്റർ വേഗത കൈവരിച്ച് വിജയിക്കുകയും ചെയ്ത ശേഷമാണ് ഇത് 700 കിലോമീറ്ററിലേക്കെത്തിയത്. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ്, ഇതേ സർവകലാശാലയാണ് രാജ്യത്തെ ആദ്യത്തെ മനുഷ്യനെ വഹിക്കാവുന്ന സിംഗിൾ ബോഗി മാഗ്ലെവ് ട്രെയിൻ വികസിപ്പിച്ചത്, ഇതോടെ ചൈന ഈ സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയ ലോകത്തിലെ മൂന്നാമത്തെ രാജ്യമായി മാറി.
മാഗ്ലെവ് ട്രെയിനിൻ്റെ വേഗത വർധിപ്പിക്കാൻ ഉപയോഗിക്കുന്ന ഇലക്ട്രോമാഗ്നറ്റിക് ആക്സിലറേഷൻ എന്ന സാങ്കേതികവിദ്യ ബഹിരാകാശത്തും വ്യോമയാനത്തിലും വരെ പ്രയോഗിക്കാൻ കഴിയും. റോക്കറ്റുകൾക്കും വിമാനങ്ങൾക്കും വൈദ്യുതകാന്തിക സംവിധാനങ്ങൾ ഉപയോഗിച്ച് വേഗത്തിലും സുഗമമായും പറന്നുയരാൻ കഴിയും, അതേസമയം ഇന്ധന ഉപഭോഗം കുറയ്ക്കുകയും ചെലവ് കുറയ്ക്കുകയും ചെയ്യും.