WORLD

മെക്സിക്കോയിൽ ടാങ്കർ പൊട്ടിത്തെറിച്ച് അപകടം, മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

49,500 ലിറ്റർ പെട്രോൾ വഹിച്ചുകൊണ്ടുപോയ ടാങ്കറാണ് അപകടത്തിൽപെട്ടത്

Author : ന്യൂസ് ഡെസ്ക്

മെക്സിക്കോ: മെക്സിക്കോയിൽ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. 100ലധികം പേർക്ക് പരിക്കേറ്റു. അപകടത്തിൽ 30ഓളം വാഹനങ്ങൾ കത്തി നശിച്ചതായും റിപ്പോർട്ടുകളുണ്ട്. മെക്സിക്കോ സിറ്റി ഹൈവേ മേൽപ്പാലത്തിനടിയിൽ ആണ് അപകടം നടന്നത്. 49,500 ലിറ്റർ പെട്രോൾ വഹിച്ചുകൊണ്ടുപോയ ടാങ്കറാണ് അപകടത്തിൽപെട്ടത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.

പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് മെക്സിക്കോ സിറ്റി മേയർ ക്ലാര ബ്രൂഗഡ അറിയിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ ചികിത്സയും ഉറപ്പാക്കുമെന്നും സിറ്റി മേയർ പറഞ്ഞു. സ്ഥലത്ത് ഫയർഫോഴ്സിൻ്റേയും പൊലീസിൻ്റേയും രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണെന്നും സിറ്റി മേയർ അറിയിച്ചു.

പിപാസ് 49,500 ലിറ്റർ പെട്രോൾ വഹിച്ചുകൊണ്ടുപോയ ടാങ്കർ പ്യൂന്റെ ഡി ലാ കോൺകോർഡിയയിലെ ഹൈവേയിലേക്ക് മറിഞ്ഞതോടെയാണ് പൊട്ടിത്തെറിയുണ്ടായത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തു നിന്ന് പ്രാഥമിക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ടാങ്കറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി ചട്ടങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

SCROLL FOR NEXT