ഡൊണാൾഡ് ട്രംപ് 
WORLD

"അവർ ചെയ്തുകൂട്ടിയതിനുള്ള പ്രതിഫലം ഇനിയും ലഭിച്ചിട്ടില്ല"; ഇറാൻ്റെ സമാധാന നിർദേശങ്ങൾ പരിശോധിക്കുമെന്ന് ട്രംപ്

ഇറാൻ്റെ നിർദേശങ്ങൾ ഒന്നുകൂടി വിശദമായി പരിശോധിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാൻ സമർപ്പിച്ച 14 ഇന നിർദേശങ്ങൾ സ്വീകാര്യമാണെന്ന് തോന്നുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ 47 വർഷമായി ഇറാൻ ഭരണകൂടങ്ങൾ ചെയ്തുകൂട്ടിയതിനുള്ള പ്രതിഫലം അവർക്ക് ഇനിയും ലഭിച്ചിട്ടില്ലെന്നും ട്രംപ് പറഞ്ഞു.

അതേസമയം, ഇറാൻ്റെ നിർദേശങ്ങൾ ഒന്നുകൂടി വിശദമായി പരിശോധിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. "ഇറാൻ ഞങ്ങൾക്ക് അയച്ചുതന്ന പദ്ധതി ഞാൻ ഉടൻ അവലോകനം ചെയ്യും. പക്ഷേ കഴിഞ്ഞ 47 വർഷമായി അവർ മനുഷ്യരാശിക്കും ലോകത്തിനും ചെയ്തതിന് പ്രതിഫലം ഇതുവരെ നൽകിയിട്ടില്ലാത്തതിനാൽ, അത് സ്വീകാര്യമാകുമെന്ന് സങ്കൽപ്പിക്കാൻ കഴിയില്ല," ട്രംപ് പറഞ്ഞു.

ഫ്ലോറിഡയിൽ നടന്ന വാർത്താ സമ്മേളനത്തിനിടെ മാധ്യമ പ്രവർത്തകർ ട്രംപിനോട് ഇറാനെതിരായ യുദ്ധം യുഎസ് തുടരുമോയെന്നും ചോദിച്ചിരുന്നു. ഇറാൻ ഭരണകൂടം മോശമായി പ്രതികരിച്ചാൽ യുദ്ധം തുടരേണ്ടി വരുമെന്ന് ട്രംപ് സൂചന നൽകി. "ഇറാൻ്റെ ഭാഗത്ത് നിന്ന് മോശമായ എന്തെങ്കിലും പ്രവൃത്തി ഉണ്ടായാൽ തീർച്ചയായും സാധ്യതയുണ്ട്, നമുക്ക് നോക്കാം," ട്രംപ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി അവസാനത്തോടെ യുഎസും ഇസ്രയേലും ആരംഭിച്ച ഇറാനെതിരായ യുദ്ധം ഇപ്പോൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

SCROLL FOR NEXT