WORLD

''പലസ്തീന്‍ ഞങ്ങളുടേത്, ഈ മണ്ണ് വിട്ട് എവിടേക്കുമില്ല''; യുഎന്‍ പൊതുസഭാ സമ്മേളനത്തിൽ പലസ്തീന്‍ പ്രസിഡന്റ്

യുഎസ് വിസ നിഷേധിച്ചതിനാല്‍ വീഡിയോ കോണ്‍ഫ്രന്‍സ് വഴിയാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

Author : ന്യൂസ് ഡെസ്ക്

യുഎന്‍ പൊതുസഭാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസ്. യുഎസ് വിസ നിഷേധിച്ചതിനാല്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് സമ്മേളനത്തില്‍ പങ്കെടുത്തത്.

ഗാസയിലേത് 20, 21 നൂറ്റാണ്ടുകളിലെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണെന്നും ഇസ്രയേല്‍ നടത്തുന്നത് മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമാണെന്നും അബ്ബാസ് പറഞ്ഞു. ഒരിക്കലും തങ്ങളുടെ മണ്ണ് വിട്ട് പോകില്ലെന്നും പലസ്തീന്‍ തങ്ങളുടെതാണെന്നും മഹ്‌മൂദ് അബ്ബാസ് പറഞ്ഞു.

10 പാശ്ചാത്യ രാജ്യങ്ങളുള്‍പ്പെടെ 150 രാജ്യങ്ങള്‍ പലസ്തീനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മഹ്‌മൂദിന്റെ യുഎന്‍ പൊതുസഭയിലെ പ്രസംഗം.

സമാധാനശ്രമങ്ങളില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ മഹ്‌മൂദ് അബ്ബാസ് 2023 ഒക്ടോബര്‍ 7ലെ ഹമാസ് ആക്രമണത്തെ അപലപിക്കുകയും ചെയ്തു. യുദ്ധാനന്തര ഗാസയില്‍ ഹമാസിന് ഭരണപരമായ പങ്കാളിത്തമുണ്ടാകില്ലെന്നും പലസ്തീന്‍ പ്രസിഡന്റ് അറിയിച്ചു.

പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അംഗങ്ങള്‍ക്കും, പലസ്തീനിയന്‍ അതോറിറ്റിക്കുമാണ് വിസ നിഷേധിക്കുമെന്നും നിലവിലുള്ള വിസ റദ്ദാക്കുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ടമെന്റ് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്.

ചുമതലകള്‍ നിര്‍വഹിക്കാതിരിക്കുന്നതിനാലും സമാധാനത്തിനായുള്ള ശ്രമങ്ങള്‍ ഇല്ലാതാക്കുന്നതിനാലും പിഎല്‍ഒ, പിഎ അംഗങ്ങളെ തടയേണ്ടത് തങ്ങളുടെ ദേശീയ സുരക്ഷയുടെ ഭാഗമാണ് എന്നുമായിരുന്നു സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് യുഎന്‍ അനുമതിയോടെ മഹ്‌മൂദ് അബ്ബാസ് വീഡിയോയിലൂടെ രംഗത്തെത്തിയത്.

SCROLL FOR NEXT