ചിയാങ് മായ്: ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (സിസിഎ) പതിനൊന്നാമത് ജനറൽ സെക്രട്ടറിയായി റവ. ജങ് യൂൻ ഗ്രേസ് മൂൺ (Rev. Jung Eun Grace Moon) ചുമതലയേറ്റു. തായ്‌ലൻഡിലെ ചിയാങ് മായിലുള്ള പായപ് യൂണിവേഴ്സിറ്റിയിലെ സിസിഎ ആസ്ഥാനത്ത് നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ആണ് അദ്ദേഹം ഔദ്യോഗിക ചുമതലയേറ്റത്.
സിസിഎ പ്രോഗ്രാം കമ്മിറ്റി ചെയർമാനും മലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ ഓഫീസ് പ്രസിഡൻ്റുമായ ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത, സിസിഎ മോഡറേറ്റർ ബിഷപ്പ് റൂവൽ നോർമൻ മാരിഗ്സ, സിസിഎ മുൻ ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ് ചുനക്കര എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. ഏഷ്യൻ ക്രൈസ്തവ കൂട്ടായ്മയുടെ ഐക്യവും മിഷൻ പ്രവർത്തനങ്ങളോടുള്ള പ്രതിബദ്ധതയും വിളിച്ചോതിയ ചടങ്ങിൽ വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖ സഭാ നേതാക്കൾ, എക്യുമെനിക്കൽ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ, സിസിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
റവ. ജങ് യൂൻ ഗ്രേസ് മൂണിൻ്റെ സ്ഥാനാരോഹണം സിസിഎയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ നാഴികക്കല്ലായാണ് വിലയിരുത്തപ്പെടുന്നത്. ക്രൈസ്തവ ഐക്യം ശക്തിപ്പെടുത്തുക, നീതിയും സമാധാനവും പ്രോത്സാഹിപ്പിക്കുക, ഏഷ്യയിലെ സഭകളും കൗൺസിലുകളും തമ്മിലുള്ള എക്യുമെനിക്കൽ സഹകരണം വിപുലീകരിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പുതിയ നേതൃത്വം ചുമതലയേൽക്കുന്നത്. സംഘടനയെ പുതിയൊരു പ്രവർത്തനമേഖലയിലേക്ക് നയിക്കാൻ ചുമതലയേൽക്കുന്ന റവ. മൂണിന് ചടങ്ങിൽ പങ്കെടുത്തവർ പ്രാർത്ഥനാശംസകളും പിന്തുണയും നേർന്നു. പുതിയ നേതൃത്വത്തിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് സമ്മേളനം സമാപിച്ചത്.
ഏഷ്യയിലെ നൂറോളം സഭകളും പതിനഞ്ച് ദേശീയ കൗൺസിലുകളും അംഗങ്ങളായുള്ള ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഘടനയാണ് ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യ. കഴിഞ്ഞ പത്ത് വർഷക്കാലം ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയെ സുശക്തമായി നയിച്ചത് മലയാളിയായ ഡോ. മാത്യൂസ് ജോർജ് ചുനക്കരയായിരുന്നു. ആഗോള ക്രൈസ്തവ സഭകൾക്കിടയിൽ ഏഷ്യയുടെ ശബ്ദമായി മാറിയ അദ്ദേഹം, മനുഷ്യാവകാശ സംരക്ഷണത്തിനും ഏഷ്യയിലെ സഭകളുടെ വിവിധ ആവശ്യങ്ങൾക്കുമായി നൽകിയ സംഭാവനകൾ ശ്രദ്ധേയമാണ്. അദ്ദേഹത്തിൻ്റെ മികച്ച നേതൃത്വപാടവവും അഗാധമായ പാണ്ഡിത്യവും തികഞ്ഞ അച്ചടക്കവും സിസിഎയുടെ പ്രവർത്തനങ്ങളെ പുതിയൊരു ദിശയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
ഏഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും സഭകളെയും കുറിച്ചുള്ള അദ്ദേഹത്തിന്റെ വിപുലമായ അറിവ് സംഘടനയുടെ വളർച്ചയ്ക്ക് കരുത്തേകിയെന്നും, ഡോ. മാത്യൂസ് ജോർജ് ചുനക്കരയുടെ നേതൃത്വകാലം സിസിഎയുടെ ചരിത്രത്തിലെ സുവർണ്ണഘട്ടമായി വിശേഷിപ്പിക്കാമെന്നും ഡോ. കുര്യാക്കോസ് മോർ തെയോഫിലോസ് മെത്രാപ്പോലീത്ത പറഞ്ഞു.