WORLD

ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് നഷ്ടമായത് 4.9 ലക്ഷം സൈനികർ: ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

റഷ്യയുടെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ റോസ്‌സ്റ്റാറ്റിന്റെ ചോർന്ന മരണരേഖകൾ വിശകലനം ചെയ്തതിലൂടെയാണ് യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം ഇത്രയധികമാണെന്ന വിവരം പുറത്തുവന്നത്.

Author : ന്യൂസ് ഡെസ്ക്

ഉക്രെയ്ൻ യുദ്ധത്തിൽ റഷ്യയ്ക്ക് നഷ്ടമായത് ഏകദേശം അഞ്ച് ലക്ഷം സൈനികരെന്ന് വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്. റഷ്യയുടെ ഔദ്യോഗിക സ്ഥിതിവിവര ഏജൻസിയായ റോസ്‌സ്റ്റാറ്റിന്റെ ചോർന്ന മരണരേഖകൾ വിശകലനം ചെയ്തതിലൂടെയാണ് യുദ്ധത്തിൽ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം ഇത്രയധികമാണെന്ന വിവരം പുറത്തുവന്നത്. 2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതുമുതൽ 2026 സെപ്റ്റംബർ അവസാനം വരെ കുറഞ്ഞത് 490334 റഷ്യൻ സൈനികരുടെ മരണമാണ് രേഖകളിൽ കണ്ടെത്തിയിരിക്കുന്നത്. ബിബിസി റഷ്യൻ സർവീസും സ്വതന്ത്ര മാധ്യമമായ മീഡിയസോണയും നടത്തിയ പരിശോധനയിലാണ് ഈ കണക്കുകൾ പുറത്തുവന്നത്.

യുദ്ധം ഏതാനും ദിവസങ്ങൾക്കുള്ളിൽ അവസാനിക്കുമെന്നായിരുന്നു റഷ്യയുടെ ആദ്യകാല പ്രതീക്ഷ. എന്നാൽ നാലു വർഷവും ഒമ്പത് മാസവും പിന്നിട്ടിട്ടും യുദ്ധം തുടരുകയാണ്. പുറത്തുവന്ന രേഖകൾ റഷ്യയിലെ മരണനിരക്കിൽ യുദ്ധം സൃഷ്ടിച്ച വലിയ മാറ്റങ്ങളും വ്യക്തമാക്കുന്നു.

2025-ൽ റഷ്യയിൽ മരിച്ച 18 മുതൽ 24 വയസ്സുവരെയുള്ളവരിൽ 65 ശതമാനവും യുദ്ധത്തിൽ കൊല്ലപ്പെട്ടവരാണെന്നാണ് റിപ്പോർട്ട്. 25 മുതൽ 34 വയസ്സുവരെയുള്ളവരിൽ ഈ കണക്ക് 59 ശതമാനമാണ്. 45 മുതൽ 54 വയസ്സുവരെയുള്ളവരിൽ മാത്രമാണ് ഹൃദയസംബന്ധമായ അസുഖങ്ങൾ യുദ്ധത്തേക്കാൾ കൂടുതൽ മരണങ്ങൾക്ക് കാരണമായത്. റഷ്യൻ യുവജനതയ്ക്ക് യുദ്ധം സൃഷ്ടിക്കുന്ന ആഘാതത്തിന്റെ വ്യാപ്തിയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്.

ഉക്രെയ്നിലെ ചെറിയ ഗ്രാമങ്ങൾ പിടിച്ചെടുക്കാനുള്ള പോരാട്ടങ്ങളിലും റഷ്യയ്ക്ക് വലിയ ആൾനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. യുദ്ധത്തിന് മുമ്പ് ആകെ 12,000 പേർ മാത്രം താമസിച്ചിരുന്ന പത്ത് ഗ്രാമങ്ങളുമായി ബന്ധപ്പെട്ട മരണരേഖകളിൽ 20000 ത്തിലധികം റഷ്യൻ സൈനികരുടെ പേരുകളാണ് കണ്ടെത്തിയത്. ബഖ്മുതിന് തെക്കുള്ള ആൻഡ്രിയിവ്ക എന്ന ഗ്രാമവുമായി ബന്ധപ്പെട്ട് മാത്രം 1122 റഷ്യൻ സൈനികരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. യുദ്ധത്തിന് മുമ്പ് വെറും 74 പേർ മാത്രമായിരുന്നു ഇവിടെ താമസിച്ചിരുന്നത്.

റോസ്‌സ്റ്റാറ്റിന്റെ ചോർന്ന രേഖകളിൽ മരണപ്പെട്ടവരുടെ പ്രായം, താമസസ്ഥലം, മരണസ്ഥലം, മരണസാഹചര്യങ്ങൾ തുടങ്ങിയ വിവരങ്ങളുണ്ട്. ഈ വിവരങ്ങൾ പരിശോധിച്ചും സൈനിക സേവനവുമായി ബന്ധപ്പെട്ട രേഖകൾ വിലയിരുത്തിയുമാണ് മാധ്യമങ്ങൾ മരണസംഖ്യ കണക്കാക്കിയത്. യുദ്ധമേഖലയിൽ കാണാതായ സൈനികരെ ആറുമാസത്തിലധികം കഴിഞ്ഞ് കോടതി ഉത്തരവിലൂടെ മരിച്ചതായി പ്രഖ്യാപിക്കുന്ന കേസുകളും കണക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, 490334 എന്നത് യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ പൂർണസംഖ്യയല്ലെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. മരണങ്ങൾ ഔദ്യോഗികമായി രജിസ്റ്റർ ചെയ്യപ്പെടാൻ വൈകുന്നതും കാണാതായ സൈനികരുടെ വിവരങ്ങൾ പൂർണമായി ലഭ്യമല്ലാത്തതും കാരണം യഥാർഥ മരണസംഖ്യ ഇതിലും കൂടുതലായിരിക്കാം. കാണാതായവരെയും രജിസ്റ്റർ ചെയ്യപ്പെടാത്ത മരണങ്ങളെയും കൂടി പരിഗണിച്ചാൽ 2026 സെപ്റ്റംബർ അവസാനത്തോടെ റഷ്യൻ സൈനികരുടെ ആകെ മരണസംഖ്യ ഏഴ് ലക്ഷത്തിലധികമായിരിക്കാമെന്നാണ് ഏജന്‍സികളുടെ വിലയിരുത്തൽ.

റഷ്യയിലെ ദരിദ്ര മേഖലകളിൽ നിന്നുള്ളവർക്കാണ് യുദ്ധത്തിൽ ഏറ്റവും കൂടുതൽ ജീവൻ നഷ്ടമായതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. കിഴക്കൻ സൈബീരിയയിലെ തുവ, ബുറിയാത്തിയ, സബൈക്കാൽസ്കി മേഖലകളിൽ നിന്നുള്ള പുരുഷന്മാർക്ക് യുദ്ധത്തിൽ കൊല്ലപ്പെടാനുള്ള സാധ്യത മോസ്കോ, സെന്റ് പീറ്റേഴ്‌സ്ബർഗ് നഗരങ്ങളിലുള്ളവരേക്കാൾ 20 മുതൽ 25 മടങ്ങ് കൂടുതലാണ്. റഷ്യൻ സൈനികരുടെ ശരാശരി മരണപ്രായം യുദ്ധത്തിന്റെ ആദ്യ വർഷത്തിലെ 34 ൽ നിന്ന് 2025 ൽ 40 ആയി ഉയർന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

യുദ്ധത്തിൽ റഷ്യയ്ക്ക് നേരിട്ട ആൾനഷ്ടത്തിന്റെ വ്യാപ്തി മാത്രമല്ല. രാജ്യത്തെ യുവജനതയിലും പിന്നാക്ക മേഖലകളിലും യുദ്ധം സൃഷ്ടിക്കുന്ന സാമൂഹികവും ജനസംഖ്യാ സംബന്ധവുമായ പ്രത്യാഘാതങ്ങളും ഈ കണക്കുകൾ പുറത്തുകൊണ്ടുവരുന്നു.

SCROLL FOR NEXT