Novaya Gazeta stops publication News Malayalam
WORLD

പുടിനെ എതിര്‍ക്കുന്ന അവസാന മാധ്യമത്തിനും റഷ്യയില്‍ പൂട്ട് വീണു: നോവായ ​ഗസറ്റ അടച്ചുപൂട്ടി

വളരെ വൈകാരികമായ രംഗങ്ങളാണ് പത്രം അടച്ചുപൂട്ടുന്ന ദിവസത്തില്‍ നടന്നത്

Author : Anaswara S

മോസ്കോ: റഷ്യ‌ൻ പ്രസിഡ​ന്റ് വ്ളാഡിമിർ പുടിന്‍റെ സ്ഥിരം വിമർശകരായ റഷ്യൻ സ്വതന്ത്ര മാധ്യമം നോവായ ​ഗസറ്റ പ്രവര്‍ത്തനം അവസാനിപ്പിച്ചു. റഷ്യന്‍ ഭരണകൂടത്തിന്‍റെയും സുരക്ഷ എജൻസികളുടെയും ​ഭാ​​ഗത്ത് നിന്നുണ്ടായ കടുത്ത സമർദമാണ് പ്രവർത്തനം അവസാനിപ്പിക്കാൻ തങ്ങളെ നിർബന്ധിതരാക്കിയതെന്ന് പത്രം വ്യക്തമാക്കി. സോവിയറ്റ് തകര്‍ച്ചയ്ക്ക് ശേഷം 1993ല്‍ ആരംഭിച്ച പത്രം, പുടിന്‍റെ ഭരണകൂടം നടത്തുന്ന മനുഷ്യാവകാശ ലം​ഘനങ്ങളെയും അഴിമതിയെയും നിരന്തരം വിമർശിച്ചിരുന്നു.

2022 മുതൽ യുക്രൈനിലുണ്ടായ റഷ്യൻ അധിനിവേശത്തിനുശേഷം രാജ്യത്തെ സ്വതന്ത്ര മാധ്യമങ്ങള്‍ക്കെതിരായ നടപടികൾ പുടിന്‍ ഭരണകൂടം ശക്തമാക്കിയിരുന്നു. ഇതിനെ തുടർന്ന് നിരവധി സ്വതന്ത്ര മാധ്യമങ്ങൾ പ്രവർത്തനം നിർത്തുകയും, വിദേശത്തേക്ക് പ്രവര്‍ത്തനം മാറ്റുകയും ചെയ്തിരുന്നു. ഈ അവസ്ഥയിലും റഷ്യയിൽ പ്രവർത്തനം തുടർന്നുകൊണ്ടിരുന്ന അവസാന സ്വതന്ത്ര മാധ്യമമാണ് ഇപ്പോള്‍ അടച്ചുപൂട്ടുന്നത്. ചെച്നിയൻ യുദ്ധകാലത്തെ മനുഷ്യാവകാശ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്ത നോവായ ​ഗസറ്റയുടെ മാധ്യമപ്രവർത്തക അന്ന പൊളിറ്റ്കോവ്സ്കയ 2006 ൽ മോസ്കോയിലെ ഫ്ലാറ്റിൽ വച്ച് വെടിയേറ്റു മരിച്ചിരുന്നു. 2021 ലെ സമാധാന നൊബേൽ പുരസ്കാരം ഫിലിപ്പീൻസിലെ മരിയ റെസ്സയുമായി പങ്കിട്ട നോവായ ​ഗസറ്റയുടെ പത്രാധിപർ ദിമിത്രി മുറാത്തോവ് 2022 ൽ ആക്രമണം നേരിട്ടിരുന്നു.

പിന്നീട് റഷ്യൻ സര്‍ക്കാര്‍ ദിമിത്രി മുറാത്തോവിനെ വിദേശ ഏജന്റായി പ്രഖ്യാപിച്ചുകൊണ്ട് പത്രത്തിന് പിഴചുമത്തുകയും ഓൺലൈൻ പ്ലാറ്റ്ഫോമുകൾ തടയുകയും അച്ചടിശാല പിടിച്ചെടുത്തുകൊണ്ട് രജിസ്ട്രേഷൻ റദ്ദാക്കുകയും വായനക്കാരിൽനിന്നുള്ള സംഭാവനകൾ സ്വീകരിക്കുന്നത് തടയുകയും ചെയ്തിരുന്നു.

വളരെ വൈകാരികമായ രംഗങ്ങളാണ് പത്രം അടച്ചുപൂട്ടുന്ന ദിവസത്തില്‍ നടന്നത്. ഇതിന്‍റെ വീഡിയോകള്‍ സോഷ്യല്‍‌ മീഡിയയില്‍ വൈറലായിരുന്നു. അവസാനമായി പടിയിറങ്ങുമ്പോൾ കൊല്ലപ്പെട്ട സ‌ഹപ്രവ‌ർത്തകരുടെ ചിത്രങ്ങൾ കൈയ്യിലെടുത്ത് നോവായ ​ഗസറ്റ ജീവിച്ചിരുന്നു എന്നെഴുതിയ പുതിയ ബോർഡ് കെട്ടിടത്തിൽ സ്ഥാപിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ വിടവാങ്ങിയത്. ഈ അവസരത്തില്‍ പ്രതികരിച്ച പത്രാധിപർ സെർ​ഗായി സെക്കോളോവ് കൂടുതൽ കരുത്തോടെ തിരിച്ചെത്തുമെന്നാണ് പറഞ്ഞത്. അതേ സമയം 2022 ൽ റഷ്യ വിട്ട മുൻ ജീവനക്കാരിൽ ചിലർ ആരംഭിച്ച ‘നോവായ ഗസറ്റ യൂറോപ്പ്’ എന്ന പത്രം നിലവിൽ വിദേശത്ത് പ്രവർത്തിക്കുന്നുണ്ട്.

SCROLL FOR NEXT