ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭ സമ്മേളനത്തിൽ പാകിസ്ഥാൻ്റെ ഭീകരവാദ നയങ്ങൾക്കെതിരെ കടുത്ത വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാൻ ഭീകരവാദം പതിവാക്കിയ രാജ്യമാണ്. രാജ്യസുരക്ഷയ്ക്കായി ഇന്ത്യ സ്വയം പ്രതിരോധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭയിലാണ് എസ്. ജയശങ്കർ പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്. രാജ്യസുരക്ഷ ഉറപ്പാക്കുന്നതിൽ ഇന്ത്യ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് എസ്. ജയശങ്കർ വ്യക്തമാക്കി.
ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന രാജ്യങ്ങളെ ജയശങ്കർ രൂക്ഷമായി വിമർശിച്ചു. ഭീകരവാദം നടത്തുന്നവർ തന്നെയാണ് അവരുടെ തെറ്റുകൾ തിരുത്തേണ്ടതെന്നും ജയശങ്കർ പറഞ്ഞു.
സമാധാനത്തിന് എക്കാലത്തും വലിയ ഭീഷണിയാണ് ഭീകരവാദം. അതിർത്തി കടന്നുള്ള ഇത്തരം ലക്ഷ്യങ്ങൾക്ക് ഒരു ഭരണകൂടം തന്നെ പിന്തുണ നൽകുന്നത് ആഗോളതലത്തിൽ വെല്ലുവിളിയാണ്. ഇത്തരം പ്രവൃത്തികൾ ചെയ്യുന്ന സർക്കാരുകളെ കൊണ്ട് ഉത്തരം പറയിപ്പിക്കണമെന്നും ജയശങ്കർ പറഞ്ഞു. അവർക്ക് ലഭിക്കുന്ന സാമ്പത്തിക സഹായങ്ങൾ കണ്ടെത്തി തടയണമെന്നും ജയശങ്കർ ആവശ്യപ്പെട്ടു.