Sanae Takaichi Source; X
WORLD

ജപ്പാനിൽ ആദ്യ വനിതാ പ്രധാനമന്ത്രി? ചരിത്രം കുറിക്കാനൊരുങ്ങി സനേ തകായിച്ചി

കോളേജിൽ ഹെവി മെറ്റൽ ബാൻഡിലെ ഡ്രമ്മറായിരുന്നു സനേ തകായ്ച്ചി

Author : ന്യൂസ് ഡെസ്ക്

ജപ്പാനിലെ ആദ്യ വനിതാ പ്രധാനമന്ത്രിയാകാൻ തയ്യാറെടുക്കുകയാണ് ഭരണകക്ഷിയായ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സനേ തകായിച്ചി. ജപ്പാന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഒരു വനിത എത്തുക. 64കാരിയായ സനേയെ എല്‍ഡിപി തങ്ങളുടെ നേതാവായി തെരഞ്ഞെടുക്കുകയായിരുന്നു.

മുന്‍ പ്രധാനമന്ത്രിയായിരുന്ന ജൂനിചിരോ കൊയ്‌സുമിയുടെ മകനും മതവാദിയുമായ ഷിന്‍ജിറോ കൊയിസുമിയെ പരാജയപ്പെടുത്തിയാണ് സനേ ലിബറൽ ഡെമോക്രാറ്റിക് പാർട്ടി നേതൃസ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. ഒക്ടോബര്‍ 15നാണ് പ്രധാന മന്ത്രി സ്ഥാനത്തേക്കുള്ള ഔദ്യോഗിക തെരഞ്ഞെടുപ്പ് നടക്കുക.

'വോട്ടര്‍മാരുടെ ആശങ്കയെ പ്രതീക്ഷയാക്കി മാറ്റാന്‍ ആഗ്രഹിക്കുന്നു' എന്നാണ് സനേ പ്രസംഗത്തിൽ പറഞ്ഞത്. അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സാമ്പത്തിക പരിപാടിയായ അബെനോമിക്‌സിനെ പിന്തുണച്ച വ്യക്തിയായിരുന്നു സനേ മുന്‍ സാമ്പത്തിക സുരക്ഷാ മന്ത്രികൂടിയായിരുന്നു.

ജപ്പാന് ദോഷകരമോ അന്യായമോ ആയ രീതിയിൽ താരിഫ് നടപ്പിലാക്കിയാൽ യുഎസുമായുള്ള കരാറിൽ പുനഃരാലോചനകൾക്ക് തയ്യാറായേക്കുമെന്നും, സനേ അടുത്തിടെ പറഞ്ഞിരുന്നു. ജപ്പാനിലെ കുറ്റകൃത്യങ്ങളെക്കുറിച്ചും വിദേശികളുടെ സാമ്പത്തിക സ്വാധീനത്തെക്കുറിച്ചും ആശങ്കപ്രകടിപ്പിച്ചിട്ടുള്ള സനേ ആ വിഷയങ്ങളിൽ കർശനമായ നിയമങ്ങൾ വരണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കോളേജിൽ ഹെവി മെറ്റൽ ബാൻഡിലെ ഡ്രമ്മറായിരുന്നു സനേ തകായിച്ചി. ബ്രിട്ടന്റെ മാര്‍ഗരറ്റ് താച്ചറിനെ തന്റെ രാഷ്ട്രീയ മാതൃകയായി കാണുന്നു. സനേയുടെ വിജയം രാഷ്ട്രീയത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിന് ഒരു ചുവടുവയ്പ്പായിരിക്കുമെങ്കിലും അവർ പുരുഷാധിപത്യ മാനദണ്ഡങ്ങൾക്കെതിരെ പോരാടാൻ അത്രയധികം ആർജവം കാണിച്ചിട്ടില്ലെന്നും വിമർശകർ വിലയിരുത്തുന്നു.

ലിംഗഭേദത്തെക്കുറിച്ചുള്ള തകായിച്ചിയുടെ വീക്ഷണങ്ങൾ പലപ്പോഴും യാഥാസ്ഥിതിക നിലപാടുകളോട് ചായ്‌വുള്ളവയാണ്. എൽഡിപിയുടെ യാഥാസ്ഥിതിക വിഭാഗത്തിലും കൊല്ലപ്പെട്ട മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സഹ അനുയായികൾക്കിടയിലും തകായിച്ചിക്ക് ആവേശകരമായ പിന്തുണയുണ്ട് എന്നതും ജപ്പാന് വനിതാ പ്രധാനമന്ത്രിയെ ലഭിക്കും എന്ന പ്രതീക്ഷയ്ക്ക് കരുത്തു പകരുന്നുണ്ട്.

SCROLL FOR NEXT