ഇറാനിലെ മഷാദ് എയർപോർട്ടിൽ ഇസ്രയേൽ ആക്രമണം. വിമാനങ്ങളിൽ ഇന്ധനം നിറക്കാൻ ഉപയോഗിക്കുന്ന വിമാനം തകർത്തു. അതേസമയം, ഇസ്രയേലിൻ്റെ ഡ്രോണുകളും ക്വാഡ്‌കോപ്റ്ററുകളും ഇറാൻ വെടിവെച്ചിട്ടെന്നും റിപ്പോർട്ടുണ്ട്. 44 ഇസ്രയേലി ഡ്രോണുകളും ക്വാഡ്‌കോപ്റ്ററുകളും വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു.
അതേസമയം, ഇറാനിൽ വിവിധയിടങ്ങളിൽ ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണങ്ങളിൽ 406 പേർ കൊല്ലപ്പെട്ടതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. വിവിധ അപകടങ്ങളിലായി 654 പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. വാഷിങ്ടൺ കേന്ദ്രീകരിച്ചുള്ള മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസാണ് വാർത്ത പുറത്തുവിട്ടത്.
അതേസമയം, ഇസ്രയേൽ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും കൂടുതലും സാധാരണക്കാരാണെന്ന് ഇറാൻ ആരോഗ്യമന്ത്രി പറഞ്ഞു. അതിൽ കൂടുതലും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രിയെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
അതേസമയം, പലസ്തീനിലെ ഗാസയിലും ഇസ്രയേൽ വ്യാപകമായ ആക്രമണമാണ് നടത്തുന്നത്. ഗാസയിൽ വിവിധയിടങ്ങളിൽ നടന്ന ആക്രമണങ്ങളിൽ 25 പലസ്തീനികൾ കൊല്ലപ്പെട്ടു. പലസ്തീനെതിരെ ഇസ്രയേൽ നടത്തുന്ന മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നെതർലൻഡ്സിൽ വൻ ബഹുജന മാർച്ച് നടത്തി.
ഒന്നര ലക്ഷത്തോളം പേരാണ് റാലിയിൽ അണിനിരന്നത്. പലസ്തീനിൽ ഇസ്രയേൽ നടത്തുന്നത് യുദ്ധ കുറ്റകൃത്യമാണെന്ന് ആരോപിച്ച് ചുവന്ന വേഷം ധരിച്ചാണ് പ്രതിഷേധക്കാർ പങ്കെടുത്തത്.