ന്യൂയോർക്ക്: മൈക്രോസോഫ്റ്റിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്ന് പതിനായിരക്കണക്കിന് ഉപയോക്താക്കളുടെ സേവനം തടസപ്പെട്ടു. തകരാർ പരിഹരിക്കാനുള്ള തീവ്രശ്രമം തുടരുകയാണെന്ന് മൈക്രോസോഫ്റ്റ് ടീം വ്യക്തമാക്കി.
ടീംസ്, ഔട്ട്‌ലുക്ക്, മൈക്രോസോഫ്റ്റിൻ്റെ എഐ സോഫ്റ്റ്‌വെയറായ കോപൈലറ്റ് എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളാണ് തടസപ്പെട്ടത്. ഇത് ഇന്ത്യ ഉൾപ്പെടെ 74-ലധികം രാജ്യങ്ങളിലെ ലക്ഷക്കണക്കിന് ഉപയോക്താക്കളെയും സ്ഥാപനങ്ങളെയും ബാധിച്ചതായാണ് വിവരം.
വേഡ്, എക്സൽ, പവർ പോയിൻ്റ്, ഷെയർപോയിൻ്റ് , വൺഡ്രൈവ് , മൈക്രോസോഫ്റ്റ് കോപൈലറ്റ്, മൈക്രോസോഫ്റ്റ് സ്റ്റോർ എന്നിവയുടെ പ്രവർത്തനത്തെയും ബാധിച്ചു. ഇന്ന് രാവിലെ മുതൽ ഇന്ത്യയിലെ ഓഫീസ് ഉപയോക്താക്കൾക്കും ലോഗിൻ ചെയ്യുന്നതിലും ഇമെയിൽ ഉപയോഗിക്കുന്നതിലും വലിയ തോതിൽ തടസങ്ങൾ നേരിട്ടിട്ടുണ്ട്. വിവിധ മേഖലകളിൽ അമിതമായ ലോഡ് അനുഭവപ്പെട്ടതാണ് കണക്റ്റിവിറ്റി പ്രശ്നങ്ങൾക്ക് കാരണമായതെന്ന് മൈക്രോസോഫ്റ്റ് എക്സിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.