തായ് സൈനികര്‍ - ഫയല്‍ ചിത്രം 
WORLD

അതിര്‍ത്തിയില്‍ വെടിയുതിര്‍ത്ത് തായ്‌ലന്‍ഡും കംബോഡിയയും; 11 മരണം, സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ചൈന

സംഘർഷം രൂക്ഷമാകുന്നതിനിടെ നയതന്ത്രബന്ധം പൂർണമായി വിച്ഛേദിച്ച തായ്‌ലന്‍ഡ്, അതിർത്തി അടച്ചിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

അതിര്‍ത്തി തര്‍ക്കത്തില്‍ പരസ്പരം വെടിയുതിര്‍ത്ത് തായ്‌ലന്‍ഡും കംബോഡിയയും. തായ്‌ലന്‍ഡിലെ സുരിന്‍ പ്രവിശ്യയും കംബോഡിയയിലെ ഒദ്ദാര്‍ മീഞ്ചെ പ്രവിശ്യയും പങ്കിടുന്ന അതിര്‍ത്തിയിലെ തര്‍ക്ക പ്രദേശമായ പ്രസാത് താ മോന്‍ തോം ക്ഷേത്രം സ്ഥിതി ചെയ്യുന്ന മേഖലയിലാണ് ഇരു രാജ്യങ്ങളുടെയും സൈനികര്‍ ഏറ്റുമുട്ടിയത്. സൈനിക സംഘർഷത്തിൽ ഇതുവരെ 12 പേർ കൊല്ലപ്പെട്ടു. തായ്‌ലൻഡിലെ സിസാകേത്, സൂരിൻ, ഉബോൺ റാചഥാനി പ്രവിശ്യകളിൽ കൊല്ലപ്പെട്ടവരിൽ രണ്ട് കുട്ടികളടക്കം 11 പേർ സാധാരണക്കാരാണ്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക ആക്രമണം തുടങ്ങിയതില്‍ ഇരു രാജ്യങ്ങളും പരസ്പരം ആരോപണം ഉന്നയിക്കുകയാണ്. അതേസമയം, സംഘർഷം അവസാനിപ്പിക്കാൻ മധ്യസ്ഥത വഹിക്കാമെന്ന് ചൈന അറിയിച്ചു.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള തായ്‌ലാൻഡ്- കംബോഡിയ അതിർത്തി സംഘർഷം ഇക്കഴിഞ്ഞ മെയ് മാസത്തോടെയാണ് പുനരാരംഭിച്ചത്. അതിർത്തിയിലെ ഏറ്റുമുട്ടലില്‍ ഒരു കംബോഡിയന്‍ സൈനികന്‍ കൊല്ലപ്പെട്ടതോടെ, ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രബന്ധം കഴിഞ്ഞ പതിറ്റാണ്ടിലെ ഏറ്റവും മോശം നിലയിലേക്കെത്തി. ബുധനാഴ്ച കുഴിബോംബുകള്‍ പൊട്ടിത്തെറിച്ച് രണ്ട് തായ് സൈനികർക്ക് പരിക്കേറ്റതോടെ, കമ്പോഡിയയിലെ അംബാസഡറെ തിരിച്ചുവിളിച്ച തായ്‌ലന്‍ഡ് ബാങ്കോക്കിലെ കമ്പോഡിയൻ അംബാസഡറെ പുറത്താക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വ്യാഴാഴ്ച പകല്‍ അതിർത്തിയില്‍ വെടിവെപ്പുണ്ടായതും കംബോഡിയ ബിഎം-21 റോക്കറ്റുകൾ തായ്‌ലാൻഡിൽ പ്രയോഗിച്ചതും. അതിർത്തി ഗ്രാമങ്ങളിലെ ജനവാസകേന്ദ്രങ്ങളിലുണ്ടായ ആക്രമണത്തിന് പിന്നാലെ കംബോഡിയയുടെ പ്രാദേശിക കമാന്‍ഡുകളില്‍ തായ്‌ലാൻഡ് തിരിച്ചടി നടത്തി. എഫ് 16 യുദ്ധവിമാനങ്ങളുപയോഗിച്ചായിരുന്നു തിരിച്ചടി.

കംബോഡിയന്‍ സൈന്യം വെടിവെപ്പിന് തുടക്കമിടുകയായിരുന്നുവെന്നാണ് തായ്‌ലന്‍ഡ് സൈന്യത്തിന്റെ ആരോപണം. സൈന്യത്തെ അയക്കുന്നതിനു മുന്‍പായി ഡ്രോണ്‍ അയച്ച് പ്രദേശം നിരീക്ഷിച്ചു. പിന്നാലെ, കംബോഡിയന്‍ സൈന്യം പീരങ്കികളും ദീര്‍ഘദൂര റോക്കറ്റുകളും ഉള്‍പ്പെടെ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് തായ്‌ലന്‍ഡിന്റെ ആരോപണം. ആക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റതായി റോയല്‍ തായ് ആര്‍മി വക്താല് റിച്ച സുക്‌സുവാനോന്‍ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.

അതേസമയം, തായ്‌ലന്‍ഡാണ് ആക്രമണം തുടങ്ങിയതെന്നാണ് കംബോഡിയയുടെ ആരോപണം. അതിര്‍ത്തി സമഗ്രതകള്‍ ലംഘിച്ചുള്ള തായ് സൈനികരുടെ പ്രകോപനമില്ലാത്ത കടന്നുകയറ്റത്തിനെതിരായ സ്വയം പ്രതിരോധമാണ് നടത്തിയതെന്നാണ് കംബോഡിയ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതികരണം. ഒദ്ദാര്‍ മീഞ്ചെയിലെ പ്രസാത് താ മോന്‍ തോം, പ്രസാത് താ ക്രാബെ പ്രവിശ്യങ്ങളിലെ കംബോഡിയന്‍ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച തായ് സൈന്യം കൂടുതല്‍ മേഖലയിലേക്ക് ആക്രമണം വ്യാപിപ്പിക്കുകയായിരുന്നു എന്നാണ് കംബോഡിയന്‍ പ്രധാനമന്ത്രി ഹുന്‍ മാനെറ്റ് പറഞ്ഞത്. പ്രശ്നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം എന്ന നിലപാടാണ് കംബോഡിയ എല്ലായ്പ്പോഴും നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ഈ സാഹചര്യത്തില്‍ സായുധ പോരാട്ടത്തിനെതിരെ സായുധമായി തന്നെ പ്രതിരോധിക്കാതെ തരമില്ലാതായിരിക്കുന്നുവെന്നും ഹുന്‍ മാനെറ്റിനെ ഉദ്ധരിച്ച് എ.പി. റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇക്കഴിഞ്ഞ രണ്ടുമാസക്കാലം തായ്‌ലൻഡിലേക്കുള്ള പച്ചക്കറികള്‍ അടക്കം കയറ്റുമതി തടഞ്ഞ കംബോഡിയ, ഇന്റര്‍നെറ്റ് സേവനങ്ങളും ഊർജ ഇറക്കുമതിയും നിർത്തിവെച്ചിരുന്നു. ഒപ്പം ഇരുരാജ്യങ്ങളും അതിർത്തിയിലെ സൈനികശേഷിയും വർധിപ്പിച്ചു. സംഘർഷം രൂക്ഷമാകുന്നതിനിടെ നയതന്ത്രബന്ധം പൂർണമായി വിച്ഛേദിച്ച തായ്‌ലന്‍ഡ്, അതിർത്തി അടച്ചിട്ടുണ്ട്. സൂരിന്‍ അടക്കം ആക്രമണമുണ്ടായ അതിർത്തിഗ്രാമങ്ങളില്‍ നിന്ന് പതിനായിരങ്ങളെ ഒഴിപ്പിച്ച് വരികയാണ് തായ്‌ലൻഡ്. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള പ്രകോപനം അവസാനിപ്പിച്ചില്ലെങ്കില്‍ പ്രതിരോധം കനപ്പിക്കുമെന്നാണ് തായ്‌ലൻഡിന്‍റെ മുന്നറിയിപ്പ്.

അതേസമയം, അതിർത്തിയില്‍ തായ്‌ലൻഡ് അമിതമായ ബലപ്രയോഗം നടത്തുന്നുവെന്നാണ് കംബോഡിയയുടെ വാദം. യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അടിയന്തരയോഗം വിളിച്ചുചേർത്ത് സാഹചര്യം ചർച്ചചെയ്യണമെന്നും കംബോഡിയ ആവശ്യപ്പെടുന്നു. സംഘർഷത്തിൽ ആശങ്കയറിയിച്ച ചൈന, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു. ഇരുരാജ്യങ്ങൾക്കും ഇടയിലുള്ള അതിർത്തിതർക്കത്തിന് മധ്യസ്ഥത വഹിക്കാൻ സന്നദ്ധമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

SCROLL FOR NEXT