ബീജിങ്: അഞ്ച് ബില്യൺ ഡോളറിലധികം വരുന്ന ഒരു ക്രിപ്‌റ്റോ കറൻസി കുംഭകോണത്തിന് പിന്നാലെയാണ് ഷിമിൻ ക്വിയാൻ എന്ന ചൈനീസുകാരിയെ ബ്രിട്ടീഷ് പൊലീസ് തേടിയെത്തുന്നത്. 'യാദി ഷാങ്' എന്നൊരു ഇരട്ട പേര് കൂടി അവർക്ക് ഉണ്ടായിരുന്നു. ലോകത്തെ ഏറ്റവും വലിയ തട്ടിപ്പുകാരിയെന്ന ലേബലിൽ അവരെ പിടികൂടുമ്പോൾ അന്വേഷണ സംഘം തിരിച്ചറിഞ്ഞത് ചില രസകരമായ വസ്തുതകളായിരുന്നു.
5.5 ബില്യൺ പൗണ്ടിലധികം വിലമതിക്കുന്ന 61,000 ബിറ്റ്കോയിനുകളാണ് ഇവർ കൈവശം വച്ചിരുന്നത്. ഇതിലൂടെ സ്വന്തമായി ഒരു രാജ്യം കെട്ടിപ്പടുക്കാനും ഒരു ദേവതയെ പോലെ വാഴാനുമാണ് ഇവർ ലക്ഷ്യമിട്ടിരുന്നത് എന്നാണ് ഉദ്യോഗസ്ഥർ വെളിപ്പെടുത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രിപ്റ്റോ കറൻസി വേട്ടയാണിതെന്നാണ് മെട്രോപൊളിറ്റൻ പൊലീസിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിക്കൽ കുറ്റത്തിന് നിലവിൽ വിചാരണ നേരിടുകയാണ് ഇവർ.
47 കാരിയായ ഷിമിൻ ക്വിയാൻ 2014നും 2017നും ഇടയിൽ ചൈനയിൽ ആയിരക്കണക്കിന് ആളുകളെയാണ് വഞ്ചിച്ചത്. നിക്ഷേപകർക്ക് 300 ശതമാനം വരെ ലാഭം വാഗ്ദാനം ചെയ്ത 'ടിയാൻജിൻ ലാൻ്റിയൻ ഗെറുയി ഇലക്ട്രോണിക് ടെക്നോളജി' എന്ന ചൈനീസ് തട്ടിപ്പ് കമ്പനി ഇവർ നടത്തിയിരുന്നു.
ആളുകളുടെ പണം നിയമാനുസൃത രീതിയിൽ ഷെയർ മാർക്കറ്റിൽ വിൽക്കുന്നതിന് പകരം, ഈ 'കറക്ക് കമ്പനി' നിക്ഷേപകരുടെ പണം ക്രിപ്‌റ്റോ കറൻസിയിലേക്ക് വകമാറ്റുകയായിരുന്നു. 2017 സെപ്റ്റംബറിൽ ബ്രിട്ടനിലേക്ക് പലായനം ചെയ്യുന്നതിന് മുമ്പ് ചൈനയിലെ 1,28,000 നിക്ഷേപകരെ കബളിപ്പിക്കാൻ ക്വിയാന് കഴിഞ്ഞു. പരാതി വ്യാപകമായതോടെ ചൈനീസ് സർക്കാർ ബ്രിട്ടൻ്റെ സഹായം തേടി. 2018ൽ കേസിൽ ഒരു നിർണായക വഴിത്തിരിവ് ഉണ്ടായി.
ലോകത്തെ ഏറ്റവും വലിയ തട്ടിപ്പുകാരികളിൽ ഒരാളായ ഷിമിൻ ക്വിയാൻ്റെ വീട് റെയ്ഡ് ചെയ്യുകയും 61,000 ബിറ്റ്കോയിനുകളുള്ള ഡിജിറ്റൽ വാലറ്റുകൾ കണ്ടെത്തുകയും ചെയ്തു. അന്നത്തെ മാർക്കറ്റ് വില അനുസരിച്ച് 1.4 ബില്യൺ പൗണ്ട് ആണ് വിലമതിച്ചിരുന്നത്. നിലവിലെ നിരക്ക് പ്രകാരം 5.5 ബില്യൺ പൗണ്ടിലധികം വില വരും (ഏകദേശം 6.7 ബില്യൺ ഡോളർ).
വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞതിന് ശേഷം 2024 ഏപ്രിലിലാണ് ക്വിയാൻ അറസ്റ്റിലായത്. 2017 ഒക്ടോബർ മുതൽ 2024 ഏപ്രിൽ വരെ ക്രിമിനൽ സ്വത്തുമായി ബന്ധപ്പെട്ട ക്രിപ്‌റ്റോകറൻസി സ്വന്തമാക്കിയതായും, കൈവശം വച്ചതായും അവർ സൗത്ത്‌വാർക്ക് ക്രൗൺ കോടതിയിൽ കുറ്റം സമ്മതിച്ചു. കോടതി അവരെ കസ്റ്റഡിയിൽ വിട്ടു. ശിക്ഷ പിന്നീട് വിധിക്കും.
ദലൈലാമയെ കൊണ്ട് തൻ്റെ പേരിൽ പൂജകൾ നടത്തിപ്പിച്ച്, 'പുനർജന്മം നേടിയ ദേവത' ആയി അഭിഷേകം ചെയ്യപ്പെടാനുള്ള ആഗ്രഹം ഷിമിൻ ക്വിയാന് ഉണ്ടായിരുന്നു. ഇക്കാര്യം രേഖപ്പെടുത്തിയ ക്വിയാൻ്റെ ഡിജിറ്റൽ ഡയറി ബ്രിട്ടീഷ് പൊലീസ് നേരത്തെ പിടിച്ചെടുത്തിരുന്നു.
'ലിബർലാൻഡ്' എന്ന പേരിലൊരു രാജ്യം സൃഷ്ടിച്ച് അത് ഭരിക്കാനുള്ള ഈ തട്ടിപ്പുകാരിയുടെ പദ്ധതികളും ഡയറിയിൽ കുറിച്ചിരുന്നു. ക്രൊയേഷ്യക്കും സെർബിയയ്ക്കും ഇടയിലുള്ള ഡാന്യൂബിലാണ് അവൾ ഭരിക്കാൻ ആഗ്രഹിച്ച ഈ തിരിച്ചറിയപ്പെടാത്തതും ജനവാസമില്ലാത്തതുമായ ഈ മൈക്രോ നേഷൻ സ്ഥിതി ചെയ്യുന്നത്. അഞ്ച് മില്യൺ പൗണ്ട് വിലമതിക്കുന്ന കിരീടവും ചെങ്കോലും, ഒരു ബുദ്ധക്ഷേത്രം, വിമാനത്താവളം, തുറമുഖം എന്നീ സൗകര്യങ്ങളും ഒരുക്കാൻ ഇവർ പദ്ധതിയിട്ടിരുന്നു.