ഏഷ്യയില്‍ നിന്നും ആഫ്രിക്കയിലേക്ക് ജെന്‍ സി പ്രക്ഷോഭത്തിന്‍റെ അലകള്‍ പടരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജനറേഷൻ Z നയിക്കുന്ന പ്രതിഷേധങ്ങൾ ലോകമെങ്ങും തരംഗങ്ങൾ സൃഷ്ടിക്കുകയാണ്. നേപ്പാളിലെ പ്രക്ഷോഭം ഭരണമാറ്റത്തിന് കാരണമായപ്പോള്‍ ലോകത്തെ പല രാജ്യങ്ങളിലും സമാനമായ സമരങ്ങള്‍ ഉടലെടുക്കുന്നുണ്ട്. പക്ഷെ വിവിധ രാജ്യങ്ങളില്‍ പുതുതലമുറയെ ഇതിന് പ്രേരിപ്പിക്കുന്ന വിഷയങ്ങൾ വ്യത്യസ്തമാണ്, പക്ഷെ പലയിടത്തും അവരുടെ പ്രക്ഷോഭ ചിഹ്നം 'വണ്‍പീസ് പതാക'യാണ് എന്നതാണ് കൗതുകം.
സമ്പന്ന വര്‍ഗ്ഗത്തിന്‍റെ ആഡംബര ജീവിതശൈലിക്കെതിരെ പ്രകോപിതരായ യുവാക്കൾ കഴിഞ്ഞ മാസം നേപ്പാളിലെ സർക്കാരിനെ താഴെയിറക്കിയപ്പോഴും 'തലയോട്ടിയും എല്ലും ചേര്‍ന്ന് തൊപ്പിധരിച്ച ചിഹ്നമുള്ള' പതാക അവിടെ ഉണ്ടായിരുന്നു. ഈ വർഷം ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലുമുള്ള പ്രതിഷേധങ്ങളിൽ അത് കാണപ്പെട്ടു.
കഴിഞ്ഞ പത്ത് ദിവസമായി വെള്ളത്തിന്‍റെയും വൈദ്യുതിയുടെയും ദീർഘകാല ക്ഷാമത്തിനെതിരെ മഡഗാസ്കർ യുവാക്കൾ നടത്തിവരുന്ന മാർച്ചുകളിലും ഈ പതാക ഉണ്ടായിരുന്നു. ഇപ്പോൾ മൊറോക്കോയില്‍ ദയനീയമായ ആരോഗ്യസംവിധാനത്തിനെതിരായ പ്രതിഷേധങ്ങളിലും അതേ പതാക ഉയരുന്നുണ്ട് എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
വണ്‍പീസ് പതാക
വൺ പീസ് (One Piece) എന്നത് ജപ്പാനിലെ പ്രശസ്തമായ അനിമെയും മാങ്കയുമാണ്. മാങ്ക (Manga) എന്നത് ജപ്പാനിൽ ഉടലെടുത്ത ചിത്രകഥകൾ അല്ലെങ്കില്‍ ഗ്രാഫിക് നോവലുകളെ വിശേഷിപ്പിക്കുന്നതാണ്. ഇംഗ്ലീഷിൽ പറയുമ്പോൾ “ജാപ്പനീസ് കോമിക്സ്” എന്നർത്ഥം ഇതിനുണ്ട്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആരാധകരുള്ള ഒരു സീരീസാണ് വണ്‍ പീസ്. എയിചിറോ ഒഡായാണ് ഇതിന്റെ സ്രഷ്ടാവ്
വൺ പീസിന്‍റെ പാശ്ചത്തലം കടല്‍ മാര്‍ഗ്ഗത്താല്‍ ബന്ധിപ്പിക്കപ്പെട്ട, വിചിത്രങ്ങളായ ദ്വീപുകളും മഹാസമുദ്രങ്ങളും നിറഞ്ഞ ഒരു ലോകമാണ്. നായകൻ മങ്കി ഡി. ലൂഫി (Monkey D. Luffy) എന്ന യുവാവാണ്. അവന്റെ ഏറ്റവും വലിയ സ്വപ്നം കടൽക്കൊള്ളക്കാരുടെ രാജാവാകുക എന്നതാണ്. ലൂഫി ഗം-ഗം ഫ്രൂട്ട് എന്ന ഡെവിള്‍ ഫ്രൂട്ട് കഴിച്ചതിനാൽ ശരീരം റബ്ബറുപോലെ നീട്ടാനും വളയ്ക്കാനും കഴിയും. സ്വാതന്ത്ര്യത്തെയും സൗഹൃദത്തെയും നീതിയെയും എന്തിലുമേറെ വിലമതിക്കുന്ന വ്യക്തിയാണ് ലൂഫി.
ലൂഫിയും അയാളുടെ സംഘമായ "സ്ട്രോ ഹാറ്റ് പൈറേറ്റ്സും" നടത്തുന്ന സാഹസികതയും, ലോകത്തെ അടിച്ചമര്‍ത്തുന്ന ഭരണകൂടത്തിനെതിരെ നടത്തുന്ന ചെറുത്തുനില്‍പ്പുമാണ് വണ്‍പീസിന്‍റെ കഥ. സോറോ, നാമി, ഉസോപ്പ്, സാൻജി, ചോപ്പർ, റോബിൻ, ഫ്രാങ്കി , ബ്രൂക്ക്, ജിൻബെ എന്നിവരാണ് സ്ട്രോ ഹാറ്റ് പൈറേറ്റ്സ് അംഗങ്ങള്‍. ഇതില്‍ ഒരോരുത്തര്‍ക്കും ഒരോ പ്രത്യേകതകളും ഉണ്ട്.
വൺ പീസ് ഒരു വിനോദം എന്നതിനപ്പുറം നിരവധി ഗൗരവമായ വിഷയങ്ങളും ആഴത്തിൽ ചര്‍ച്ച ചെയ്യുന്നു എന്നാണ് നിരൂപകരുടെ അഭിപ്രായം. സ്വാതന്ത്ര്യത്തിന്റെ പ്രധാന്യം, സൗഹൃദവും ത്യാഗവും, നീതിനിഷേധത്തിനെതിരായ പോരാട്ടം, സ്വപ്നങ്ങൾ പിന്തുടരാനുള്ള ഊര്‍ജം എന്നിവ നല്‍കുന്നുവെന്നാണ് പറയുന്നത്.
1997-ൽ മാങ്കയായി ആരംഭിച്ച വൺ പീസ് ഇപ്പോഴും തുടരുകയാണ്. ഇത് ചരിത്രത്തിലെ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ട മാങ്ക ആണ്. 1000-ൽ അധികം എപ്പിസോഡുകളുള്ള അനിമേയും പുറത്തിറങ്ങിയിട്ടുണ്ട്. 2023-ൽ നെറ്റ്ഫ്ലിക്സ് അതിന്റെ ലൈവ് ആക്ഷൻ സീരീസ് പുറത്തിറക്കിയിരുന്നു.
ഈ പതാക എങ്ങനെ പ്രക്ഷോഭ പ്രതീകമായി
സ്ട്രോ ഹാറ്റിന്‍റെ പതാകയാണ് ഇപ്പോള്‍ ലോകത്തിലെ ജെന്‍സീ പ്രക്ഷോഭങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. സിംഗപ്പൂരിലെ യൂസോഫ് ഇഷാക് ഇൻസ്റ്റിറ്റ്യൂട്ടിലെ സൗത്ത് ഈസ്റ്റ് ഏഷ്യൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രൊഫസർ നുറിയാന്തി ജല്ലി എന്തുകൊണ്ട് പ്രക്ഷോഭങ്ങളില്‍ ഈ പതാക പ്രത്യക്ഷപ്പെടുന്നുവെന്ന് പറയുന്നു.
“പ്രതിഷേധങ്ങളിൽ വൺ പീസ് ഇങ്ങനെ ശക്തമായ പ്രതീകമാകാൻ കാരണമാകുന്നത് അത് ഹൃദയത്തില്‍ നിന്നും വരുന്ന കഥയാണ് എന്നതിനാലാണ് . ഈ കഥ അത് സമൂഹത്തിൽ ബഹിഷ്കൃതരായ ഒരു കൂട്ടം ആളുകൾ ഒരുമിച്ച് ചേർന്നതിനെക്കുറിച്ചുള്ളതാണ്” എന്നാണ് പറയുന്നത്. സമൂഹത്തില്‍ നീതിനിഷേധം നേരിട്ടുവെന്ന ബോധ്യത്തില്‍ തെരുവില്‍ ഇറങ്ങുന്നവര്‍ ഇത്തരം പ്രതീകങ്ങള്‍ തെരഞ്ഞെടുക്കുന്നത് സ്വഭാവികമാണെന്നും ഇവര്‍ പറയുന്നു.
"വണ്‍പീസിന്റെ കഥാതന്തു അതിർത്തികൾ കടന്ന് ലോകത്ത് ഓരോരിടത്തും അർത്ഥവത്താകുന്നു. ഏഷ്യയിലായാലും, ആഫ്രിക്കയിലായാലും, മറ്റെവിടെയായാലും” - നുറിയാന്തി ജല്ലി പറയുന്നു. “സർക്കാരിനാൽ കേൾക്കപ്പെടുന്നില്ലെന്ന് തോന്നുന്ന, അന്യായമായ പ്രതിസന്ധിയില്‍ കുടുങ്ങിയെന്ന് കരുതുന്ന യുവാക്കൾ ആ കഥയിൽ തങ്ങളെ തന്നെ തിരിച്ചറിയുന്നു.” ഇവര്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം നേപ്പാളിൽ നടന്ന പ്രതിഷേധങ്ങളിൽ പങ്കെടുത്ത 23-വയസ്സുള്ള ഒരു യുവാവ് എന്‍പിആറിനോടും ഇതേ കാര്യം വെളിപ്പെടുത്തി. തന്റെ പേര് വെളിപ്പെടുത്താൻ അവൻ ആഗ്രഹിക്കുന്നില്ല എന്നാണ് മാധ്യമത്തോട് അയാള്‍ പറഞ്ഞത്, അവൻ വൺ പീസ് അനിമേ കണ്ടിട്ടുണ്ടെന്നും അതിന്റെ ചില മാങ്ക ചാപ്റ്ററുകൾ വായിച്ചിരുന്നുവെന്നും പറയുന്നു.
“ഒരു എന്‍റര്‍ടെയ്മെന്‍റ് എന്നതിനപ്പുറം, സ്ട്രോ ഹാറ്റ് പൈറേറ്റ്സ് സ്വാതന്ത്ര്യത്തിന്റെയും സ്വേച്ഛാധിപത്യത്തിനെതിരെയുമുള്ള പ്രതീകമാണ്. അനീതിയായ അധികാരത്തിനെതിരെ നിലകൊള്ളേണ്ടതിന്‍റെ ചിഹ്നം. അതാണ് എന്നെ വളരെയധികം പ്രചോദിപ്പിച്ചത്” എന്നാണ് നേപ്പാളിലെ 23കാരന്‍ പറയുന്നത്.
25 വയസ്സുള്ള മഡഗാസ്കറിലെ പ്രതിഷേധക്കാരനും വൺ പീസ് ആരാധകനാണ് എന്നാണ് എന്‍പിആറിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. “ലോകമെമ്പാടുമുള്ള ജനറേഷൻ Z പ്രതിഷേധങ്ങളുമായി ഇതിന് വലിയ ബന്ധമുണ്ട്, കാരണം ജനറേഷൻ Z അഴിമതിയുള്ള സംവിധാനങ്ങളെ തകർക്കാൻ ശ്രമിക്കുകയാണ്” മഡഗാസ്കറിലെ പ്രതിഷേധക്കാരന്‍ പറയുന്നു. “വൺ പീസ്-ലെ മുഖ്യകഥാപാത്രമായ മങ്കി ഡി. ലൂഫി അനീതിക്കെതിരെ നിലകൊള്ളുന്നവനാണ്. അതുപോലെ തന്നെയാണ് ലോകമെമ്പാടുമുള്ള ഞങ്ങൾ ജനറേഷൻ Z അംഗങ്ങളും.” എന്നാണ് ഇദ്ദേഹത്തിന്‍റെ ധാരണ.
“പ്രക്ഷോഭത്തിലേക്ക് ഇറങ്ങുന്ന യുവാക്കൾക്ക് വണ്‍ പീസ് പ്രചോദനമാകുന്നുണ്ട്. വൺ പീസ് കഥയിൽ അനീതിയും അഴിമതിയും ഉണ്ട്. ഭരണകൂടം തങ്ങളെ കാണുന്നുപോലും ഇല്ലെന്ന് അവര്‍ കരുതുന്നു, പക്ഷേ പ്രക്ഷോഭത്തിലൂടെ സര്‍ക്കാരിനെ കുലുക്കാം എന്ന് തന്നെയാണ് പ്രതീക്ഷ” മഡഗാസ്കറിലെ പ്രതിഷേധക്കാരന്‍ പറയുന്നു.
മഡഗാസ്കറിലെ പ്രക്ഷോഭകാരികളായ യുവാക്കൾ വണ്‍ പീസിലെ പ്രതീകത്തിൽ പ്രാദേശികതയുടെ സ്പർശം നൽകാൻ അത് അല്പം മാറ്റിയിട്ടുണ്ട്. തദ്ദേശീയരായ ബെത്സിലിയോ (Betsileo) ജനവിഭാഗം ധരിക്കുന്ന സട്രോക ബക്കറ്റ് ഹാറ്റ് (satroka bucket hat) വണ്‍പീസ് സ്ട്രോ ഹാറ്റ് പൈറേറ്റ്സ് ചിഹ്നത്തിലെ ഹാറ്റിന് പകരമായി ചേര്‍ത്തിട്ടുണ്ട് പ്രതിഷേധക്കാര്‍.
പ്രതിഷേധത്തിന്‍റെ ചിഹ്നം
എന്തായാലും ചില സർക്കാരുകൾ ഇപ്പോൾ ഈ പ്രതീകങ്ങളെ ഒഴിവാക്കി നിര്‍ത്താന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്തോനേഷ്യൻ ഉദ്യോഗസ്ഥർ വൺ പീസ് പതാക ഉയർത്തുന്നത് രാജ്യദ്രോഹമായി കണക്കാക്കാമെന്ന് സൂചിപ്പിച്ചതിനെ തുടർന്ന്, അംനസ്റ്റി ഇന്റർനാഷണൽ പ്രതിഷേധക്കാരുടെ വ്യക്തി അഭിപ്രായ സ്വാതന്ത്ര്യാവകാശം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രസ്താവന ഇറക്കിയിരുന്നു.
വർഷങ്ങളായി ഭരണവിരുദ്ധ പ്രതിഷേധങ്ങളിൽ ഉപയോഗിച്ചിട്ടുള്ളത് സ്ട്രോ ഹാറ്റ് പതാക മാത്രമല്ല മറ്റു പല പോപ്പ് കൾച്ചർ പ്രതീകങ്ങളും അതിലുണ്ട്. ഹോങ്കോങ്ങിൽ, ജനാധിപത്യ അനുകൂല പ്രതിഷേധക്കാർ വലതുപക്ഷ മീമായ പെപ്പെ ദി ഫ്രോഗ് ഉപയോഗിച്ചിരുന്നു. മ്യാൻമറിൽ, സൈനികഭരണത്തിനെതിരെ പോരാടിയവർ ദി ഹംഗർ ഗെയിംസ് സിനിമകളിൽ നിന്നുള്ള മൂന്നു വിരൽ അഭിവാദനം ഉപയോഗിച്ചിരുന്നതും ചരിത്രമാണ്.
മറ്റു സ്ഥലങ്ങളിൽ, പ്രതിഷേധക്കാർ വി ഫോർ വെൻഡറ്റയിലെ ഗൈ ഫോക്സ് മാസ്‌ക്, അതുപോലെ ദി ജോക്കർ സിനിമകളിലെ മാസ്‌കുകളും ഉപയോഗിച്ചിട്ടുണ്ട്. അടുത്തിടെ വന്‍ ഹിറ്റായ മണിഹീസ്റ്റിലെ ദാലിയുടെ മാസ്കും പല പ്രക്ഷോഭങ്ങളിലും പ്രതിഷേധകരുടെ ചിഹ്നമായിട്ടുണ്ട്.
“ഈ പ്രതീകങ്ങൾ ജനപ്രിയവും പരിചിതവുമാകുന്നതിനാൽ തന്നെയാണ് ആളുകൾ അതിനോട് ബന്ധമുള്ള ബാനറുകളും പതാകകളും കൊണ്ടുവരുന്നത്. അതുവഴി തങ്ങൾ ഏത് നിലപാടിലാണ് എന്ന് വളരെ വേഗത്തിൽ വ്യക്തമാക്കാൻ കഴിയുന്നു” എന്നാണ് മോഡേൺ ജാപ്പനീസ് ചരിത്രത്തിൽ പി.എച്ച്.ഡി നേടിയിട്ടുള്ള ആൻഡ്രിയ ഹോർബിൻസ്‌കി പറയുന്നത്. എന്നാല്‍ ഇത്തരം പോപ്പുലര്‍ കള്‍ച്ചര്‍ ഉപയോഗം അരാജകത്വം സൃഷ്ടിക്കും എന്ന വാദമാണ് ഭരണകൂടം ഉയര്‍ത്തുന്നതെന്നും ഇവര്‍ സൂചിപ്പിക്കുന്നു. യുഎസില്‍ അടക്കം ഇത്തരം ചിഹ്നങ്ങളുടെ ഉപയോഗം ഉണ്ടെന്നും ഇവര്‍ എന്‍പിആറിനോട് പറഞ്ഞു.
ഉദാഹരണത്തിന്, ഈ വർഷം ജൂണിൽ പ്രസിഡന്റ് ട്രംപിനെതിരെ നടന്ന “നോ കിംഗ്സ്” പ്രതിഷേധങ്ങളിൽ ചില ബോർഡുകൾ ഡിസ്നി പ്ലസിലെ സ്റ്റാർ വാര്‍ ഫ്രാഞ്ചൈസായ ആൻഡോർ (Andor) എന്ന സീരീസിൽ നിന്നുള്ള അടിച്ചമർത്തലിനെതിരായ കലാപത്തിനുള്ള സൂചനകൾ ഉൾപ്പെടുത്തിയിരുന്നു. പക്ഷേ, ഇന്നത്തെ ജനറേഷൻ Z യുവത എന്തായാലും ഇപ്പോള്‍ ഉപയോഗിക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെയും പ്രതിരോധത്തിന്‍റെയും ചിഹ്നമായ വണ്‍പീസ് പ്രതീകമാണ്.