350 ശതമാനം തീരുവ ചുമത്തുമെന്ന് ഇരു രാജ്യങ്ങളെയും ഭീഷണിപ്പെടുത്തിയ ശേഷമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിച്ചതെന്ന അവകാശവാദവുമായി വീണ്ടും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വിളിച്ച് യുദ്ധത്തിലേക്ക് പോകാൻ പോകുന്നില്ല എന്ന് പറഞ്ഞതായും ട്രംപ് അവകാശപ്പെട്ടു. അമേരിക്കയുടെ മൂന്നാം കക്ഷി ഇടപെടൽ ഇന്ത്യ നിരന്തരം നിഷേധിച്ചിട്ടും ഇന്ത്യ-പാക് സംഘർഷം തടയാൻ താൻ ഇടപെട്ടുവെന്ന ട്രംപിൻ്റെ വാദം വീണ്ടും തുടരുകയാണ്.
"തർക്കങ്ങൾ പരിഹരിക്കുന്നതിൽ ഞാൻ മിടുക്കനാണ്, ഞാൻ എപ്പോഴും അങ്ങനെ തന്നെയായിരുന്നു. വർഷങ്ങളായി, ഇതിനു മുമ്പും ഞാൻ അത് വളരെ നന്നായി ചെയ്തിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും അവർ ആണവായുധങ്ങൾ പ്രയോഗിക്കാനൊരുങ്ങുകയായിരുന്നു' ട്രംപ് പറഞ്ഞു
സൗദി അറേബ്യയിലെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കെടുത്ത യുഎസ്-സൗദി നിക്ഷേപ ഫോറത്തിലാണ് ട്രംപ് ഇത് സംബന്ധിച്ച അവകാശ വാദം ഉന്നയിച്ചത്. എട്ട് യുദ്ധങ്ങളിൽ അഞ്ചും താൻ പരിഹരിച്ചത് സമ്പദ്‌വ്യവസ്ഥയും താരിഫും മുൻ നിർത്തിയാണെന്നും ട്രംപ് പറഞ്ഞു. ദശലക്ഷക്കണക്കിന് ജീവൻ രക്ഷിച്ചതിന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തന്നെ വിളിച്ച് വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസിന് മുന്നിൽവെച്ച് നന്ദി പറഞ്ഞതായും ട്രംപ് കൂട്ടിച്ചേർത്തു.
26 സാധാരണക്കാരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് പാകിസ്ഥാനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് മെയ് 7 ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്.ഇതിനെ തുടർന്ന് രൂക്ഷമായ ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചതിൽ ട്രംപിൻ്റെ ഇടപെടലുണ്ടായതായി ട്രംപ് നിരന്തരം വാദിക്കുന്നുണ്ടെങ്കിലും മൂന്നാം കക്ഷിയുടെ ഇടപെടൽ ഇന്ത്യ നിരന്തരം നിഷേധിക്കുകയാണ് ചെയ്തത്. പാകിസ്ഥാനുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിനുള്ള ധാരണ മെയ് 10 ന് രണ്ട് സൈന്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിലുള്ള നേരിട്ടുള്ള ചർച്ചകളെത്തുടർന്ന് എത്തിയതാണെന്നാണ് ഇന്ത്യയുടെ വാദം.