യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിൻ്റേത് ചരിത്രത്തെ മാറ്റിമറിക്കുന്ന പക്വമായ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനെ ആക്രമിച്ചതിന് ഇസ്രയേല്‍ ജനതയുടെ പേരിൽ നെതന്യാഹു യുഎസ് പ്രസിഡന്റിന് നന്ദി അറിയിച്ചു.
"കരുത്ത് നേടുന്നതിലൂടെ മാത്രമെ സമാധാനം പുലരുകയുള്ളൂ (Peace through strength) എന്ന് യുഎസ് പ്രസിഡൻ്റ് ട്രംപും ഞാനും പലപ്പോഴും പറയാറുണ്ട്. ആദ്യം കരുത്താണ് വരുന്നത്, പിന്നീടാണ് സമാധാനം വരിക. ഇന്നലെ രാത്രി ട്രംപും യുഎസും ശരിക്കും കരുത്തുകാട്ടി," നെതന്യാഹു എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.
ഓപ്പറേഷൻ റൈസിങ് ലയണിലൂടെ ഇസ്രയേൽ ശരിക്കും അത്ഭുതകരമായ കാര്യങ്ങൾ പ്രവർത്തിച്ചുവെന്നും നെതന്യാഹു പറഞ്ഞു. എന്നാൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് നടപടി മറികടക്കാനാവാത്തതാണ്. ഭൂമിയിലെ മറ്റൊരു രാജ്യത്തിനും ചെയ്യാൻ കഴിയാത്തത് അവർ ചെയ്തു. ലോകത്തിലെ ഏറ്റവും അപകടകരമായ ഭരണകൂടത്തിന് ലോകത്തിലെ ഏറ്റവും അപകടകരമായ ആയുധങ്ങൾ നിഷേധിക്കാൻ പ്രസിഡന്റ് ട്രംപിന് സാധിച്ചതായി ചരിത്രം രേഖപ്പെടുത്തുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
അതേസമയം, ഇസ്രയേലിന്റെ സംഘർഷത്തില്‍ ഇടപെടുക വഴി യുഎസ് സ്വന്തം നാശത്തിന് വഴിയൊരുക്കുകയാണെന്നായിരുന്നു ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പ്രതികരണം. ഇറാന് നേരിടേണ്ടിവരുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും എതിരാളികള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്നും ഖമേനി വ്യക്തമാക്കി.
ഇറാന്‍ പരമോന്നത നേതാവിന് പുറമേ യെമനിലെ ഹൂതികളും യുഎസിനെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തി. ഇറാന്‍ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടന്ന യുഎസിന്റെ ആക്രമണം യുദ്ധത്തിന്റെ തുടക്കമാണെന്നാണ് ഹൂതികള്‍ പ്രഖ്യാപിച്ചത്. ഇറാനെ ആക്രമിക്കുന്നതില്‍ ട്രംപ് ഇസ്രയേലിനൊപ്പം ചേർന്നാൽ ചെങ്കടലിൽ യുഎസ് കപ്പലുകളെ ആക്രമിക്കുമെന്ന് ഹൂതികൾ ഭീഷണിപ്പെടുത്തി മണിക്കൂറുകള്‍ക്കു ശേഷമായിരുന്നു യുഎസിന്റെ സൈനിക നീക്കം.
ഇറാനിലെ ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ബി -2 ബോംബർ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു യുഎസ് ആക്രമണം. ട്രംപ് തന്നെയാണ് തന്റെ ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെ ആക്രമണവിവരം പുറത്തുവിട്ടത്. ആക്രമണം പൂർത്തിയാക്കിയ യുദ്ധവിമാനങ്ങൾ ഇറാന്‍ വ്യോമാതിർത്തിവിട്ട് മടങ്ങിയെന്നും ഇനി സമാധാനത്തിനുള്ള സമയമാണെന്നുമാണ് യുഎസ് പ്രസിഡന്റ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.
വൈറ്റ് ഹൗസില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത ട്രംപ് ഇറാൻ്റെ ആണവ സമ്പുഷ്ടീകരണ ശേഷി തടയുകയും, ഭീകരതയെ സ്പോൺസർ ചെയ്യുന്ന ലോകത്തിലെ ഒന്നാം നമ്പർ രാജ്യം ഉയർത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി.