അമേരിക്ക പുരോഗതിയുടെ പാതയിലെന്ന് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. വിദേശരാജ്യങ്ങൾക്കുമേൽ തീരുവ ചുമത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഭാവിയിൽ ആദായനികുതിക്ക് പകരമാകുമെന്നും ട്രംപിൻ്റെ പ്രഖ്യാപനം. വെനസ്വലെ പ്രസിഡൻ്റ് മഡൂറോയെ പിടികൂടിയതും ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള സൈനിക നടപടിയും ഭരണകൂടവിജയമായി ട്രംപ് ചൂണ്ടിക്കാണിച്ചു.
വിദേശ രാജ്യങ്ങൾക്ക് മേൽ തീരുവ ചുമത്തുന്നതിലൂടെ ലഭിക്കുന്ന വരുമാനം ഭാവിയിൽ ആദായനികുതിക്ക് പകരമാകുമെന്നായിരുന്നു പീപ്പിൾസ് സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗത്തിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ അവകാശവാദം. ഇതുവഴി അമേരിക്കൻ ജനതയുടെ സാമ്പത്തിക ബാധ്യത കുറയ്ക്കാനാകുമെന്നും ട്രംപ് പറഞ്ഞു. പകരം തീരുവകൾ റദ്ദാക്കിയ സുപ്രീംകോടതി വിധി നിരാശാജനകമാണെന്നും പ്രസിഡൻ്റിൻ്റെ പക്കലുള്ള അധികാരങ്ങൾ ഉപയോഗിച്ച് പുതിയ കരാറുകൾ ഉണ്ടാക്കാനാകുമെന്നും ട്രംപ് പറഞ്ഞു.
വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ പിടികൂടിയതും ഇറാനിലെ ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള സൈനിക നടപടിയും ഭരണകൂടത്തിൻ്റെ വിദേശനയ വിജയങ്ങളായാണ് ട്രംപ് ഉയർത്തിക്കാട്ടിയത്.
ഇന്ത്യ -പാക് സംഘർഷത്തിൽ വെടിനിർത്തലിനായി മധ്യസ്ഥത വഹിച്ചുവെന്ന അവകാശവാദം പതിവ് പോലെ ട്രംപ് ആവർത്തിച്ചു. ട്രംപ് ഇടപെട്ടില്ലായിരുന്നെങ്കിൽ പാകിസ്ഥാനിലെ മൂന്നരക്കോടി ജനങ്ങളുടെ ജീവൻ നഷ്ടപ്പെട്ടേനെ എന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞെന്നാണ് പരാമർശം. ഇറാൻ ആണവായുധം ഉണ്ടാക്കുന്നതിന് തൊട്ടരികിലായിരുന്നുവെന്നും അമേരിക്ക ആ ഭീഷണി അവസാനിപ്പിച്ചെന്നും ട്രംപ് പ്രസംഗത്തിൽ പറഞ്ഞു. അവർ അത് വീണ്ടും ഉണ്ടാക്കാനാണ് ശ്രമമെന്നും അത് അനുവദിക്കില്ലെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കയെ വീണ്ടും ലോകത്തിൻ്റെ നെറുകയിലെത്തിച്ച 'മാറ്റത്തിന്റെ യുഗം' എന്നാണ് ട്രംപ് കഴിഞ്ഞ ഒരു വർഷത്തെ വിശേഷിപ്പിച്ചത്. രാജ്യത്തെ തൊഴിലില്ലായ്മ കുറഞ്ഞെന്നും ആഭ്യന്തര ഉൽപ്പാദനം വർധിച്ചെന്നും അവകാശപ്പെട്ട ട്രംപ് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് ഓഹരി വിപണിയിലെ കുതിപ്പിൽ പ്രതിഫലിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി. മുൻ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ്റെ കാലഘട്ടത്തിൽ പണപ്പെരുപ്പം കൊണ്ട് ജനങ്ങൾ ദുരിതമനുഭവിച്ചെന്നും വെറും ഒരു വർഷം കൊണ്ട് എല്ലാം പരിഹരിച്ചെന്നും ട്രംപ് അവകാശപ്പെട്ടു. 2028 ലെ ഒളിംപിക്സ് ലൊസാഞ്ജലസിൽ നടക്കുമെന്നും ട്രംപ് പറഞ്ഞു.
കുടിയേറ്റ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ രാജ്യത്ത് ഇപ്പോൾ ഒരു പൗരനും അനധികൃതമായി കുടിയേറിയിട്ടില്ലെന്നും ട്രംപ് പറഞ്ഞു. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കുമെന്നും അതിർത്തി സുരക്ഷയ്ക്കായി കൂടുതൽ ഫണ്ട് വേണമെന്നും അദ്ദേഹം കോൺഗ്രസിനോട് ആവശ്യപ്പെട്ടു. രാജ്യത്തിൻ്റെ നിലവിലെ അവസ്ഥയെക്കുറിച്ചും സർക്കാരിൻ്റെ പദ്ധതികളെക്കുറിച്ചും ജനങ്ങളോടും ജനപ്രതിനിധികളോടും വ്യക്തമാക്കുന്ന പ്രസംഗമാണ് അമേരിക്കൻ കാപ്പിറ്റോളിൽ നടക്കുന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയൻ. ആധുനിക അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ സ്റ്റേറ്റ് ഓഫ് ദി യൂണിയൻ പ്രസംഗമായി ട്രംപിന്‍റെ ഒരു മണിക്കൂറും 48 മിനിട്ടുകളും നീണ്ട പ്രസംഗം.