ഇസ്രായേൽ ആക്രമിച്ച ഇറാനിലെ ഐആർഐബി കെട്ടിടം  Source: X/ Fars News Agency
WORLD

ഇറാന്‍-ഇസ്രയേല്‍ സംഘർഷം കനക്കുന്നു; സംഘർഷം അവസാനിപ്പിക്കണമെന്ന G7 പ്രമേയത്തില്‍ നിന്ന് ട്രംപ് വിട്ടുനിന്നേക്കും

നെതന്യാഹുവിനു മേലുള്ള ട്രംപിന്‍റെ സ്വാധീനം ഉപയോഗിച്ച് അടിയന്തര വെടിനിർത്തലിന് സമ്മർദം ചെലുത്തണമെന്നാണ് ഇറാന്‍റെ ആവശ്യം

Author : ന്യൂസ് ഡെസ്ക്

ഇറാന്‍-ഇസ്രയേല്‍ സംഘർഷത്തിന്‍റെ നാലാദിനത്തിലും യുദ്ധസമാനമായ ആക്രമണ പ്രത്യാക്രമണങ്ങളിലൂടെ പശ്ചിമേഷ്യയില്‍ ആശങ്കയുടെ കാർമേഘം മൂടുകയാണ്. തിങ്കളാഴ്ച ടെഹ്റാന്‍റെ ഹൃദയഭാഗത്ത് നിലകൊള്ളുന്ന ഇറാന്‍റെ ദേശീയമാധ്യമ ആസ്ഥാനമാണ് ഇസ്രയേല്‍ ആക്രമിച്ചത്. ഇറാനുമായി ചർച്ചകള്‍ക്കില്ലെന്ന് വ്യക്തമാക്കുക മാത്രമല്ല, ഇറാന്‍റെ പരമോന്നത നേതാവായ ആയത്തൊള്ള അലി ഖമേനിയെ വധിക്കാനും പദ്ധതിയിടുന്നതായി ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു. അതേസമയം, ജി7 സഖ്യരാജ്യങ്ങള്‍ ചേർന്ന് കാനഡയില്‍ അവതരിപ്പിക്കാനിരിക്കുന്ന ഇസ്രയേല്‍- ഇറാന്‍ പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് ട്രംപിന്‍റെ തീരുമാനം.

ടെഹ്റാനിലെ ഇറാന്‍റെ ഔദ്യോഗിക ടെലിവിഷന്‍ നെറ്റ്‌വർക്ക് ആസ്ഥാനത്തേക്ക് ഇസ്രയേല്‍ നടത്തിയ ആക്രമണം, ഇറാന്‍ ടിവിയിലൂടെ തത്സമയമായാണ് ലോകം കണ്ടത്. സ്ഫോടനത്തിന് പിന്നാലെ പ്രീ റെക്കോർഡഡ് പരിപാടിലേക്ക് മാറിയ ചാനല്‍, അല്‍പ്പസമയത്തിനകം മറ്റൊരു സ്റ്റുഡിയോയില്‍ നിന്ന് അതേ അവതാരകയുമായി തത്സമയ വാർത്തകളുടെ പ്രക്ഷേപണം പുനരാരംഭിച്ചു. ആക്രമണത്തില്‍ നിരവധി മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തത്. എന്നാല്‍, ഇറാന്‍ സെെന്യത്തിന്‍റെ ആശയവിനിമയ കേന്ദ്രമായാണ് കെട്ടിടം പ്രവർത്തിച്ചിരുന്നതെന്നാണ് ഇസ്രയേലിന്‍റെ വാദം.

ഇതുവരെ കാണാത്ത തിരിച്ചടിയുണ്ടാകും എന്ന് പ്രഖ്യാപിച്ച ഇറാന്‍, ഇസ്രയേലിന്‍റെ ചാനല്‍ 12ഉം 14 ഉം ആക്രമിക്കുമെന്ന് അറിയിച്ചു. ജീവന്‍ വേണമെങ്കില്‍ ടെല്‍ അവീവില്‍ നിന്നും അധിനിവേശമേഖലകളില്‍ നിന്നും ഇസ്രയേലി പൗരന്മാർ ഒഴിഞ്ഞുപോകണമെന്നും മുന്നറിയിപ്പ് പുറപ്പെടുവിച്ചു. എന്നാല്‍ ടെല്‍ അവീവും ഹെെഫ തുറമുഖവും ലക്ഷ്യമിട്ട് കൂടുതല്‍ മിസെെലുകളും ഡ്രോണുകളും തൊടുത്തുവെന്ന് ഇറാന്‍ സെെന്യം അവകാശപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇസ്രയേലില്‍ അപായ സെെറണുകള്‍ മുഴങ്ങിയത്. മധ്യ ഇസ്രയേലും ബീർഷെബയിലും നെവാതിം വ്യോമതാവളത്തിലും, ഹാറ്റ്സെറിം, ഡിമോണ പ്രദേശങ്ങളിലുമാണ് അപായ സെെറണുകള്‍ മുഴങ്ങിയത്.

ഇറാന്‍ സെെന്യത്തിന്‍റെയും ആണവപദ്ധതിയുടെയും തലപ്പത്തുള്ളവരെ തിരഞ്ഞുപിടിച്ച് വധിച്ചുകൊണ്ട് ഇസ്രയേല്‍ ആരംഭിച്ച സംഘർഷത്തില്‍ ഇതുവരെ 224 പേരാണ് ഇറാനില്‍ കൊല്ലപ്പെട്ടത്. ആയിരത്തിലധികം പേർക്ക് പരിക്കേറ്റു. ഇസ്രയേലിന്‍റെ അയണ്‍ഡോം തുളച്ചുകയറിയ ഇറാനി മിസെെലാക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടത് 24 പേരും. ഇതില്‍ എട്ടുപേർ കൊല്ലപ്പെട്ടത് മധ്യ ഇസ്രായേലി നഗരമായ പെറ്റാ ടിക്വയില്‍ തിങ്കളാഴ്ച പുലർച്ചെയുണ്ടായ ആക്രമണങ്ങളിലാണ്.

വടക്കൻ നഗരമായ ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ തുടർച്ചയായ രണ്ടാം ദിനവും ഇറാനിയന്‍ മിസെെലുകള്‍ പതിച്ചു. ആക്രമണത്തില്‍ മൂന്ന് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം, ഇറാനുമേല്‍ പൂർണ്ണമായ വ്യോമ ആധിപത്യം തങ്ങള്‍ക്കുണ്ടെന്നാണ് ഇസ്രയേലിന്‍റെ അവകാശവാദം. തിങ്കളാഴ്ച ടെഹ്‌റാൻ വിമാനത്താവളത്തിൽ ഇറാനിയൻ എഫ്-14 യുദ്ധവിമാനങ്ങൾ തകർത്തു. ടെഹ്രാനും ഖോമിനും ഇടയിൽ ആയുധങ്ങള്‍ വഹിച്ച സൈനിക വാഹന വ്യൂഹത്തിന് നേരെ ഇസ്രയേൽ വ്യോമാക്രമണം നടത്തി.

കഴിഞ്ഞദിവസങ്ങളിലെ വ്യോമാക്രമണത്തിൽ ഇറാനിലെ മൂന്ന് പ്രധാന യുറേനിയം സമ്പുഷ്ടീകരണ പ്ലാന്റുകളിൽ രണ്ടെണ്ണമെങ്കിലും പ്രവർത്തനരഹിതമാക്കിയെന്നും ഇസ്രയേല്‍ അവകാശപ്പെടുന്നുണ്ട്. ഇസ്രയേൽ ആക്രമണങ്ങൾ ഇറാന്‍റെ ആണവ പദ്ധതിയെ വളരെ കാലം പിന്നോട്ട് വലിച്ചെന്നാണ് നെതന്യാഹൂവിന്‍റെ വാക്കുകള്‍. ഇസ്രയേലിന്‍റെ ആക്രമണത്തില്‍ നതാന്‍സ് ആണവകേന്ദ്രത്തിലെ മുഴുവന്‍ സെൻട്രിഫ്യൂജുകള്‍ക്കും സാരമായ കേടുപാടുകളുണ്ടായതായി അന്താരാഷ്ട്ര ആണവ നിരീക്ഷണ സമിതിയും സ്ഥിരീകരിച്ചിട്ടുണ്ട്. നതാന്‍സില്‍ നിന്ന് ആണവമലിനീകരണമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പും IAEA നല്‍കി.

അതേസമയം, നെതന്യാഹുവിനു മേലുള്ള ട്രംപിന്‍റെ സ്വാധീനം ഉപയോഗിച്ച് അടിയന്തര വെടിനിർത്തലിന് സമ്മർദം ചെലുത്തണമെന്നാണ് ഇറാന്‍റെ ആവശ്യം. മധ്യസ്ഥതയ്ക്ക് സന്നദ്ധയറിയിച്ച ഒമാൻ, ഖത്തർ, സൗദി അറേബ്യ രാജ്യങ്ങളെയും ഇറാന്‍ ഇക്കാര്യം അറിയിച്ചതായാണ് റിപ്പോർട്ട്. യുഎസ് നേതൃത്വത്തെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പോസ്റ്റില്‍ നെതന്യാഹുവിന്‍റെ വായടപ്പിക്കാന്‍ ട്രംപിന് ഒരു ഫോണ്‍ കോളിന്‍റെ ആവശ്യമുള്ളൂ എന്ന് ഇറാനിയന്‍ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍ പറഞ്ഞു. ഇതിനുശേഷമാണ്, എബിസി ന്യൂസുമായുള്ള അഭിമുഖത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ വധിക്കുന്നതിലൂടെ യുദ്ധം അവസാനിപ്പിക്കാമെന്ന് ഇസ്രയേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുറന്ന പ്രസ്താവന നടത്തിയത്.

എന്നാല്‍ യുഎസ്- ഇറാന്‍ ആണവചർച്ചകള്‍ക്കിടെ ആരംഭിച്ച സംഘർഷത്തെ ഇറാനുമേല്‍ സമ്മർദം ചെലുത്താനുള്ള അവസരമായാണ് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് കാണുന്നത്. ഈ യുദ്ധം ഇറാന്‍ ജയിക്കാന്‍ പോകുന്നില്ലെന്നും, ഇതുവരെ യുഎസുമായുള്ള ആണവ കരാറില്‍ ഇറാന്‍ ഒപ്പുവെയ്ക്കാത്തത് വിഡ്ഢിത്തമാണെന്നുമാണ് തിങ്കളാഴ്ച ട്രംപ് പറഞ്ഞത്. ജി7 ഉച്ചകോടിക്കായി കാനഡയിലുള്ള ട്രംപ്, ഇസ്രയേല്‍- ഇറാന്‍ സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന ജി 7 പ്രമേയത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

SCROLL FOR NEXT