വാഷിങ്ടൺ: മരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകളിൽ യുഎസ് പ്രഡിഡന്റ് ഡൊണാൾഡ് ട്രംപിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ. എപ്സ്റ്റീന്റെ സ്വകാര്യ വിമാനത്തിലെ യാത്രാ രേഖകളെക്കുറിച്ചുള്ള പരാമർശങ്ങൾ ഉൾപ്പെടെയാണ് പുതിയ ഫയലുകളിലെ വിവരങ്ങളെന്നാണ് സൂചന. നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ എപ്സ്റ്റീൻ ഫയലുകളിൽ, ഒരു ഇ-മെയിലിൽ എപ്സ്റ്റീന്റെ സ്വകാര്യ ജെറ്റിലെ യാത്രക്കാരനായി ഡൊണാൾഡ് ട്രംപിന്റെ യാത്രാ രേഖ കാണിക്കുന്നുണ്ട്.
രേഖയിൽ പറയുന്ന യാത്രക്കാരിൽ ട്രംപ്, എപ്‌സ്റ്റീൻ, പേര് നീക്കം ചെയ്ത 20 വയസ്സുള്ള ഒരു സ്ത്രീ എന്നിവരാണുള്ളത്. മറ്റ് രണ്ട് വിമാനങ്ങളിൽ യഥാക്രമം രണ്ട് യാത്രക്കാരും മാക്‌സ്‌വെൽ കേസിൽ സാക്ഷികളാകാൻ സാധ്യതയുള്ള സ്ത്രീകളായിരുന്നു എന്നും രേഖകൾ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച എപ്‌സ്റ്റീനെ സഹായിച്ചതിന് 20 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് ബ്രിട്ടീഷ് സാമൂഹിക പ്രവർത്തകയായ ഗിസ്ലെയ്ൻ മാക്‌സ്‌വെൽ.
ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് അടുത്തിടെ പുറത്തുവന്ന ഫയലുകളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേര് ഒന്നിലധികം തവണ പ്രത്യക്ഷപ്പെട്ടതോടെ യുഎസ് നീതിന്യായ വകുപ്പ് ന്യായീകരണവുമായെത്തി. പുറത്തു വരുന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതവും തെറ്റുമാണ്, അവയ്ക്ക് ഒരു തരി വിശ്വാസ്യത ഉണ്ടായിരുന്നെങ്കിൽ, തീർച്ചയായും ഇതിനകം തന്നെ ട്രംപിനെതിരെ ആയുധമായി ഉപയോഗിച്ചിരിക്കാം എന്നാണ് വിശദീകരണം.
ട്രംപിനെ പരാമർശിക്കുന്നതും എന്നാൽ ഏതെന്ന് വ്യക്തമാക്കാത്തതുമായ ചില ഫയലുകളിൽ വകുപ്പ് ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഏകദേശം 30,000 പേജുകളുള്ള രേഖകൾ പുറത്തുവിട്ടതായാണ് നീതിന്യായ വകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്. എപ്സ്റ്റീൻ ഫയൽസിന്റെ നേരത്തേ പുറത്തുവന്ന ഘട്ടങ്ങളിൽ യുഎസ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഉൾപ്പെടെ നിരവധി പേരുടെ ചിത്രങ്ങളും പരമാർശങ്ങളുമുണ്ട്. ഇതിൽ ഒരാൾ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപിനെ കേന്ദ്രീകരിച്ച് ഒരുക്കിയ ഡോക്യുമെന്ററിയുടെ സംവിധായകൻ ബ്രെറ്റ് റാറ്റ്നറാണ്.
മുൻ രാജകുമാരൻ ആൻഡ്രൂ , സംഗീതജ്ഞരായ മൈക്കൽ ജാക്‌സൺ , മിക്ക് ജാഗർ എന്നിവരുടെ ഫോട്ടോകൾ ഉൾപ്പെടെ നിരവധി പ്രമുഖരുടെ ചിത്രങ്ങൾ രേഖകളിലുണ്ട്. ചില ഫോട്ടോകളിലും ട്രാൻസ്ക്രിപ്റ്റുകളിലും എപ്സ്റ്റീനും അദ്ദേഹത്തിൻ്റെ ദീർഘകാല വിശ്വസ്തയായിരുന്ന മാക്സ്‌വെല്ലും ഉൾപ്പെടുന്നുണ്ട്. എപ്സ്റ്റീൻ പീഡിപ്പിച്ച 1200 ഓളം ഇരകളെ നീതി ന്യായ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇരകളെ തിരിച്ചറിയുന്ന ഭാഗങ്ങൾ രേഖകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
പുറത്തു വന്ന ചിത്രങ്ങളിലെ സ്ത്രീകളുടെ ചിത്രങ്ങളും മുഖം മറച്ച രീതിയിലാണ്. എസ്റ്റേറ്റിൽ എത്തിച്ചിരുന്ന പെൺകുട്ടികളിലേറെയും യുക്രെയ്ൻ , റഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നാണ് ഇവരുടെ പാസ്പോർട്ട് വിവരങ്ങളിൽ നിന്നും മനസ്സിലാവുന്നത്. വർഷാവസാനത്തോടെ ഇത് സംബന്ധിച്ച കൂടുതൽ വെളിപ്പെടുത്തലുകൾ ഉണ്ടാവുമെന്നാണ് വിവരം.