ഇസ്ലാമാബാദ്: യമനിലെ ഹൂതികളുടെ ആക്രമണം രൂക്ഷമായതോടെ സൗദിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി തുർക്കിയും പാകിസ്ഥാനും സൗദിയിലേക്ക് സൈന്യത്തെ അയക്കുന്നു. പുതിയ പരസ്പര പ്രതിരോധ സഖ്യത്തിൻ്റെ ഭാഗമായി ഈ രാജ്യങ്ങൾ സംയുക്തമായാണ് സൈന്യവിന്യാസത്തിന് തീരുമാനിച്ചിരിക്കുന്നത്.
അടുത്തിടെ ഒപ്പുവച്ച മക്ക പ്രതിരോധ കരാർ പ്രകാരമാണ് തീരുമാനം. ആക്രമണമുണ്ടായാൽ പരസ്പരം സഹായിക്കാൻ പ്രതിജ്ഞാബദ്ധമാക്കുന്നതാണ് ഈ കരാർ. തിങ്കളാഴ്ച റിയാദിൽ നടന്ന അടിയന്തര യോഗത്തിന് ശേഷമാണ് മൂന്ന് രാജ്യങ്ങളും ചേർന്ന് സംയുക്ത പ്രസ്താവന പുറത്തിറക്കിയത്.
സൗദിക്ക് നേരെയുള്ള ആക്രമണങ്ങളെ യോഗം അപലപിച്ചു. യോഗത്തിൽ കൂട്ടായ പ്രതിരോധ പ്രതിബദ്ധതകൾ ഉടൻ നടപ്പിലാക്കാനും, ആവശ്യമായ സൈനിക ശേഷി ഉറപ്പാക്കാനും, സൗദിയിൽ സൈന്യത്തെ അതിവേഗം വിന്യസിക്കാനുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. സൗദി നഗരങ്ങളും എണ്ണക്കമ്പനികളും കപ്പലുകളും ലക്ഷ്യമിട്ട് ഹൂതികളുടെ ഭാഗത്തുനിന്ന് തുടർച്ചയായ ആക്രമണങ്ങളാണ് ഉണ്ടാകുന്നത്.