ഇസ്ലാമാബാദ്: യുഎസും ഇസ്രയേലും സംയുക്തമായി ഇറാനെ ആക്രമിച്ചിട്ട് ഇന്നേക്ക് 56 ദിവസമായിരിക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യം ലോകത്തെ അശാന്തമാക്കി തുടങ്ങിയിട്ട് രണ്ട് മാസത്തോടടുക്കുമ്പോൾ രണ്ടാംഘട്ട സമാധാന ചർച്ചകൾ പുരോഗമിക്കുകയാണ്.
പാകിസ്ഥാൻ്റെ മധ്യസ്ഥതയിൽ ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാം ഘട്ട സമാധാന ചർച്ചയ്ക്കായി ഇറാൻ, യുഎസ് പ്രതിനിധികൾ ഇസ്ലാമാബാദിലെത്തി. ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ച്ചി ഇതിനോടകം തന്നെ ഇസ്ലാമാബാദിൽ എത്തിയിട്ടുണ്ട്.
അതേസമയം, യുഎസ് പ്രസിഡൻ്റ് അയച്ച പശ്ചിമേഷ്യയിലെ പ്രത്യേക യുഎസ് പ്രതിനിധി സംഘവും ഇസ്ലാമാബാദിലേക്ക് പുറപ്പെട്ടിട്ടുണ്ട്. സ്റ്റീവ് വിറ്റ്കോഫും ജാറദ് കുഷ്ണറുമാണ് ഇസ്ലാമാബാദിലേക്ക് എത്തുന്നത്. അതേസമയം, യുഎസ് പ്രതിനിധി സംഘവുമായി നേരിട്ട് കൂടിക്കാഴ്ചയ്ക്ക് ഇല്ലെന്ന് ഇറാൻ നിലപാടെടുത്തിട്ടുണ്ട്.
ഏപ്രിൽ 11, 12 തീയതികളിൽ പാകിസ്ഥാനിൽ നടന്ന ആദ്യ റൗണ്ട് ചർച്ചകളിൽ പശ്ചിമേഷ്യയിലെ യുഎസിൻ്റെ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫും ട്രംപിൻ്റെ മരുമകൻ ജാരെഡ് കുഷ്‌ണറും പങ്കെടുത്തിരുന്നു. ആദ്യ റൗണ്ട് ചർച്ചകൾക്ക് നേതൃത്വം നൽകിയ യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസും ഇറാനിയൻ ചർച്ചാ സംഘത്തിൻ്റെ നേതാവായ മുഹമ്മദ് ബാഗർ ഗാലിബാഫും രണ്ടാം റൗണ്ട് ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്നത് ശ്രദ്ധേയമാണ്.